
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളുടെമേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാത്ത ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങളാൽ ശ്രദ്ധേയമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശൻ അവതരിപ്പിച്ച കന്നി ബഡ്ജറ്റ്. കേരളത്തെ ഒരു ആഗോള തുറമുഖ നഗരമാക്കുക എന്നതിലൂടെ പുതുയുഗ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി ബഡ്ജറ്റിനെ കണക്കാക്കാം. 2026 ജനുവരിയിൽ കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച സമ്പൂർണ ബഡ്ജറ്റ് പുതുക്കിയാണ് ഈ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ ബഡ്ജറ്റിലെ കണക്കിലെ കളി തുറന്നുകാട്ടിക്കൊണ്ടും വിമർശിച്ചുകൊണ്ടുമാണ് മുഖ്യമന്ത്രി ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്. യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കാൻ കിഫ്ബിയുടെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾകൂടി ഉൾപ്പെടുത്തി മുൻ ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തൽ ബഡ്ജറ്റിന്റെ ആമുഖത്തിൽ തന്നെ നടത്തി.
നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന്റെമേലുള്ള മൊത്തം സാമ്പത്തിക ബാദ്ധ്യത 87,012 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ ഇരുപതിനായിരത്തോളം കോടിയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, വരാനിരിക്കുന്ന ശമ്പള- പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കലും സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത ഇനിയും വർദ്ധിപ്പിക്കും. ഈ ധനപ്രതിസന്ധിയും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ ആഗോള സാമ്പത്തിക ആഘാതവും ബഡ്ജറ്റിന്റെ സ്വഭാവത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ കടുത്ത സാമ്പത്തിക പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പരമാവധി പാലിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ അടങ്ങുന്നതാണ് ബഡ്ജറ്റ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹികക്ഷേമം, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കാണ് ബഡ്ജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്.
ഇന്ദിരാ ഗ്യാരന്റി പദ്ധതികളുടെ ഭാഗമായുള്ള സ്ത്രീകളുടെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രയ്ക്കായി 600 കോടി വകയിരുത്തിയതിനാൽ ആ പദ്ധതി വഴിയിൽ കിടക്കില്ല എന്നത് ഉറപ്പായി. വിഴിഞ്ഞം ഉൾപ്പെടെയുള്ള സംസ്ഥാനത്തിലെ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച് മിഷൻ സമുദ്ര പദ്ധതി നടപ്പാക്കുന്നതിന് 400 കോടിയുടെ ബൃഹത് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ വികസനവും ഈ പദ്ധതിയുടെ ഭാഗമായി നടക്കും. റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു സമഗ്ര മാരിടൈം സമ്പദ് വ്യവസ്ഥയാണ് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത്. സിംഗപ്പൂരിന്റെ അതിശയിപ്പിക്കുന്ന സാമ്പത്തിക വളർച്ചയാവും ഇക്കാര്യത്തിൽ മാതൃകയായി മുഖ്യമന്ത്രിയുടെ മനസിലുള്ളത്. 1965ൽ പ്രകൃതിവിഭവങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കൊച്ചു രാജ്യം ചുരുങ്ങിയ വർഷങ്ങൾകൊണ്ട് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി മാറിയ കഥയാണ് സിംഗപ്പൂരിന് പറയാനുള്ളത്.
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാൻ യുവിന്റെ അഴിമതിരഹിതമായ ഭരണവും ദീർഘവീക്ഷണവും നിക്ഷേപകർക്ക് രാജ്യത്ത് വലിയ വിശ്വാസ്യത ഉണ്ടാക്കി. തുടർന്ന് സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ നഗരങ്ങളിലൊന്നായി മാറ്റിയതാണ് ആ രാജ്യത്തിന്റെ അടിസ്ഥാന വളർച്ചയ്ക്ക് വഴിയൊരുക്കിയതും ഇപ്പോഴും സമ്പത്ത് അങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നതിന് ഇടയാക്കിയതും. വിഴിഞ്ഞത്തെ മുൻനിറുത്തിക്കൊണ്ടുള്ള സമുദ്ര മിഷൻ പദ്ധതി വിജയകരമായാൽ അത് കേരളത്തിന്റെ തലവര മാറ്റാൻ ഉതകുന്നതായിരിക്കും. ഒരേപോലെ ബിസിനസിന്റെയും ടൂറിസത്തിന്റെയും ഹബ്ബായി മാറാൻ കേരളത്തിന് കഴിയുകയും ചെയ്യും.
സംസ്ഥാനത്തെ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും പ്രധാന തുറമുഖങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കേരളത്തെ ഒരു ലോജിസ്റ്റിക്സ്- ഏവിയേഷൻ ഹബ്ബാക്കി മാറ്റാനാണ് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ ലക്ഷ്യമിടുന്നത്. ഇതോടെ തിരുവനന്തപുരവും നഷ്ടപ്രതാപത്തിൽ മുങ്ങിപ്പോയ ആലപ്പുഴയുമാവും ഈ ബ്ളൂ ഇക്കോണമിയുടെ തലസ്ഥാനങ്ങളായി മാറുക. ഇതിലൂടെ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും വരുമാനവും പലമടങ്ങ് വർദ്ധിപ്പിക്കാനാവും.
സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 4 ഘട്ടങ്ങളിലായി പൂർത്തിയാക്കാവുന്ന വേഗ റെയിൽ പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കും. ശിവഗിരി സ്കൂൾ വളപ്പിൽ നിർമ്മിക്കുന്ന തീർത്ഥാടന പ്ളാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്ററിന് 5 കോടി രൂപയും ഡൽഹിയിൽ ഗുരുദേവപ്രതിമയും സാംസ്കാരിക നിലയവും സ്ഥാപിക്കുന്നതിന് ഒരുകോടി രൂപയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് തികച്ചും അഭിനന്ദനീയമായ നടപടിയാണ്. ഡിമോഗ്രാഫിക് ഡിവിഡന്റ് എന്ന യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ വയോജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം, പ്രത്യേക സ്ഥാപനങ്ങൾ, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായങ്ങൾ, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾക്കൊള്ളുന്ന സിൽവർ ഇക്കോണമി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കുടുംബങ്ങൾക്ക് 25ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ഹെൽത്ത് ഇൻഷ്വറൻസ് സ്കീം നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രധാനമാണ്. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനുമായി 100 കോടി അധികമായി ബഡ്ജറ്റിൽ വകയിരുത്തി.
യുവാക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കാനും തൊഴിൽ തേടിയുള്ള വിദേശ കുടിയേറ്റം കുറയ്ക്കാനും ലക്ഷ്യമിട്ട് 'കേരള നോളജ് വാലി' പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് വിലയിരുത്തണം.പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശ വിജ്ഞാന മേഖലയും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബഡ്ജറ്റിലുണ്ട്. ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന നിരവധി പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. അതോടൊപ്പം തലസ്ഥാന നഗരിയുടെ ആവശ്യങ്ങൾ മുൻനിറുത്തി തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും ആരംഭിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചത് ഇത്തരം വാഹനങ്ങളുടെ വില കുറയാൻ ഇടയാക്കുന്നതാണ്. പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിച്ചത് സ്ത്രീകളുടെ കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് ഉത്കണ്ഠപ്പെട്ടിരുന്ന അവർക്ക് നേരിയ ആശ്വാസമാണ്. ടൂറിസ്റ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കുള്ള ഡി.എ, ഡി.ആർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ശമ്പള പരിഷ്കാര കമ്മിഷനെക്കുറിച്ച് പരാമർശമില്ല. ബഹിരാകാശ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ സ്ഥാപനങ്ങൾക്ക് ഭൂമി ലഭ്യമാക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. സ്വകാര്യ സംരംഭകർക്കുൾപ്പെടെ ഭൂമി ലഭ്യത ഉറപ്പാക്കാനാണ് രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുന്നതെന്ന് ബഡ്ജറ്റിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |