SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.18 AM IST

സമാധാന പ്രതീക്ഷയിൽ വിപണിയിൽ മുന്നേറ്റം

growth

സമാധാന പ്രതീക്ഷയിൽ വിപണിയിൽ മുന്നേറ്റം

ക്രൂഡ് താഴേക്ക്, രൂപയും ഓഹരിയും കുതിപ്പിൽ

കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷ സാദ്ധ്യത അയഞ്ഞതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞത് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമായി. ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് അഞ്ച് ശതമാനം കുറഞ്ഞ് 83 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 79 ഡോളറായി. ഇതോടെ ഇന്ത്യൻ ഓഹരി വിപണിയും രൂപയും മികച്ച നേട്ടമുണ്ടാക്കി.

മുഖ്യ സൂചികയായ സെൻസെക്‌സ് 544.39 പോയിന്റ് ഉയർന്ന് 78,639.03ൽ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 390.70 പോയിന്റ് കുതിപ്പോടെ 24,774.30ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും മികച്ച മുന്നേറ്റമുണ്ടായി. അമേരിക്കയും ഇറാനുമായി സമാധാന ചർച്ചകൾ വീണ്ടും ആരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയതാണ് നിക്ഷേപകർക്ക് ആത്മവിശ്വാസം വർദ്ധിപ്പിച്ചത്.

എണ്ണ വില കുറയുന്നതോടെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും കമ്പനികളുടെ പ്രവർത്തനചെലവ് കുറയുന്നതും വിപണിക്ക് കരുത്താകും. ധനകാര്യ, ഐ.ടി മേഖലയിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. രാജ്യത്തിന്റെ ക്രൂഡോയിൽ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ ക്രൂഡ് വിലയിലെ ഇടിവ് ഇറക്കുമതി ചെലവും വ്യാപാര കമ്മിയും കുറയ്ക്കാൻ സഹായിക്കും.

കരുത്താർജിച്ച് രൂപ

ക്രൂഡോയിൽ വിലയിലെ ഇടിവും വിദേശ നിക്ഷേപ ഒഴുക്കിലെ വർദ്ധനയും ഇന്ത്യൻ രൂപയ്ക്ക് കരുത്ത് പകർന്നു. അമേരിക്കൻ ഡോളറിനെതിരെ രൂപ 12 പൈസ നേട്ടത്തോടെ 95.31ൽ അവസാനിച്ചു. തുടർച്ചയായ ആറാം ദിവസമാണ് രൂപ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും രൂപയ്ക്ക് അനുകൂലമായി.

വിദേശ നിക്ഷേപകർ മടങ്ങിയെത്തുന്നു

ആഗോള ടെക്ക് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവും ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഉണർവിന്റെ സൂചനകളും കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ വീണ്ടും പണമൊഴുക്കുന്നു. ജൂലായിൽ വിദേശ നിക്ഷേപകർ 20,199 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങിയത്.

ബി.എസ്.ഇയിലെ നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന

5 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360