
റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ ഇന്ത്യയും ചൈനയും ശക്തമായി എതിർത്തിരിക്കുകയാണ്. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കുമെതിരെ പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രകോപനമായാണ് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധികത്തീരുവ ചുമത്താനുള്ള ബിൽ യു.എസ് കോൺഗ്രസ് പാസാക്കിയിരിക്കുന്നത്. അമേരിക്കയുടെ ഈ നടപടി ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നു. 140 കോടി ജനങ്ങളുടെ ഉൗർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ വിപണി സാഹചര്യം മാറുന്നതനുസരിച്ച് വിവിധ സ്രോതസുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തുടരുമെന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
യു.എസ് കോൺഗ്രസ് പാസാക്കിയ അധികത്തീരുവ ചുമത്താനുള്ള ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പു വയ്ക്കുന്നതോടെ നിയമമാകും. റഷ്യൻ ഇന്ധന വ്യാപാരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ബാങ്കുകൾ, എണ്ണക്കപ്പലുകൾ എന്നിവയ്ക്കെതിരെയാണ് ഉപരോധം. റഷ്യൻ അസംസ്‌കൃത എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുർക്കി, ഹംഗറി തുടങ്ങിയ രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്തണമെന്നാണ് ബിൽ അമേരിക്കൻ പ്രസിഡന്റിനോട് നിർദ്ദേശിക്കുന്നത്. ബ്രിക്‌സിന്റെ ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ ഡോളറിന്റെ മേധാവിത്വത്തെ നേരിടാൻ പ്രാദേശിക കറൻസി ഉൾപ്പെടെ ബദൽ മാർഗം തേടണമെന്ന റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പ്രസ്താവനയും ശക്തനാണ് ശരിയെന്ന സമീപനം മാറ്റാൻ സമയമായെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ നിലപാടും നൽകിയ ആഘാതത്തിനുള്ള തിരിച്ചടിയായാണ് അമേരിക്കയുടെ പിഴത്താരിഫ് നടപടി.
ലോക ജനസംഖ്യയുടെ 40 ശതമാനത്തോളം പ്രാതിനിദ്ധ്യമുള്ള ബ്രിക്‌സ് കൂട്ടായ്‌മ രൂപീകരിച്ച കാലം മുതൽ അത് അമേരിക്കയ്ക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഡോളറിന്റെ മേധാവിത്വം തകരാൻ ബ്രിക്‌സ് കൂട്ടായ്‌മ വഴിയൊരുക്കുമോ എന്നതാണ് അമേരിക്ക ഭയക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ശാക്തിക ചേരിയുടെ എതിർപക്ഷത്ത് നിൽക്കുന്ന റഷ്യ, ചൈന എന്നീ രാജ്യങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഭാഗമായി കടുത്ത എതിർപ്പ് ഉയർത്തുന്ന ഇറാനും ബ്രിക്‌സിലെ പ്രധാന അംഗങ്ങളാണെതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. യുക്രെയിൻ യുദ്ധം തുടങ്ങിയ ശേഷം യു.എസ് സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചിരുന്നു. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചതോടെ റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും ഉയർത്തുകയാണ് ഇന്ത്യ ചെയ്തത്.
മറ്റു രാജ്യങ്ങളുമായി സ്വാഭാവികമായി ഇന്ത്യ പുലർത്തുന്ന വ്യാപാര- സാമ്പത്തിക ബന്ധങ്ങളിൽ ഇടപെടാൻ അമേരിക്ക എന്ന മൂന്നാം കക്ഷിക്ക് എന്തവകാശമാണുള്ളത്. അന്താരാഷ്ട്ര നിയമങ്ങളുടെയോ ഐക്യരാഷ്ട്ര സഭയുടെയോ അംഗീകാരമില്ലാതെ ഏകപക്ഷീയമായി അമേരിക്ക നടപ്പാക്കുന്ന 'പിഴ' അംഗീകരിക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ല. പരസ്പര നേട്ടത്തിൽ അധിഷ്ഠിതമായ വ്യാപാര ബന്ധങ്ങളെ തടസപ്പെടുത്തുന്നത് ലോക വ്യാപാര ക്രമം തന്നെ മാറ്റിമറിക്കാൻ ഇടയാക്കുന്നതും ലോകമൊട്ടാകെ വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇടയാക്കുന്നവയാണ്. അമേരിക്കയ്ക്കെതിരെ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ പുതിയ ശാക്തിക ചേരികൾ പ്രതിരോധത്തിന്റെ ഭാഗമായി ഉയർന്നു വരേണ്ട സമയമാണ് സമാഗതമായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |