SignIn
Kerala Kaumudi Online
Saturday, 19 September 2026 3.12 AM IST

ഏഷ്യൻ കായിക പ്രതീക്ഷകൾ

ss

ഏഷ്യാ വൻകരയുടെ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിന്റെ 20-ാം പതിപ്പിന് ഇന്ന് ജപ്പാനിലെ അയ്ചി-നഗോയയിൽ തിരിതെളിയുന്നു. 43 കായിക ഇനങ്ങളിലായി 45 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വരുന്ന കായിക താരങ്ങൾ വരുംദിവസങ്ങളിൽ മാറ്റുരയ്ക്കും. ലോക കായികഭൂപടത്തിൽ ഏഷ്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന മഹാമേളയിൽ കരുത്ത് തെളിയിക്കാൻ 503 കായിക താരങ്ങളും 205 പരിശീലകരും ഒഫിഷ്യൽസുമടങ്ങുന്ന 768 അംഗ ഇന്ത്യൻ സംഘവും ജപ്പാനിലെത്തിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഏഷ്യൻ ഗെയിംസിന് ജപ്പാൻ വേദിയാകുന്നത് . 1958ൽ ടോക്യോയിലാണ് ജപ്പാനിലെ ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത്. 1994ൽ ഹിരോഷിമ ഗെയിംസ് വേദിയായി. 32 വർഷത്തിന് ശേഷമാണ് ഗെയിംസ് വീണ്ടും ജപ്പാനിലെത്തുന്നത്. ഇതിനിടയിൽ രണ്ട് ഒളിമ്പിക്സുകൾക്ക് കൂടി വേദിയായ പാരമ്പര്യവും ജപ്പാനുണ്ട്.

2023ൽ ചൈനയിലെ ഹ്വാംഗ്ചോയിലാണ് കഴിഞ്ഞ ഏഷ്യൻ ഗെയിംസ് നടന്നത്. 1951ൽ ഡൽഹിയിൽ ആദ്യ ഏഷ്യൻ ഗെയിംസ് നടന്നതിന്റെ 75-ാം വർഷത്തിലാണ് അയ്ചി- നഗോയയിൽ ഗെയിംസ് അരങ്ങേറുന്നത്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും 2036ലെ ഒളിമ്പിക്സ് വേദിക്കുള്ള പരിശ്രമങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഏഷ്യൻ ഗെയിംസിന് സാംഗത്യമേറെയാണ്. വൻകരയിലെ കായികശക്തികളിലൊന്നായി സ്വയം അടയാളപ്പെടുത്തുകയെന്നതാണ് ഇതിൽ പ്രധാനം. കഴിഞ്ഞ ഒളിമ്പിക്സുകളിലും ഏഷ്യൻ,കോമൺവെൽത്ത് ഗെയിംസുകളിലും മെഡൽപ്പട്ടികയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41വെങ്കലങ്ങളും അടക്കം 107 മെഡലുകൾ നേടി നാലാംസ്ഥാനത്ത് എത്തിയതാണ് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

ഇക്കുറിയും നൂറിലേറെ മെഡലുകളാണ് ലക്ഷ്യമിടുന്നത്. അതിന് പ്രാപ്തരായ മികച്ച താരനിരയുമുണ്ട്. മനു ഭാക്കർ, പി.വി.സിന്ധു, മീരബായ് ചാനു, അമൻ ഷെറാവത്ത്, ലവ്‌ലിന ബോർഗോഹെയ്ൻ തുടങ്ങിയ ഒളിമ്പിക് മെഡലിസ്റ്റുകൾ അണിനിരക്കുന്ന ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കർ മുരളി, ആൻസി സോജൻ, അഫ്സൽ തുടങ്ങിയ മലയാളിതാരങ്ങളും ഉൾപ്പെടുന്നു.

സാങ്കേതികവിദ്യയിൽ വളരെ മുന്നിലുള്ള ജപ്പാൻ ഇക്കുറി കായികതാരങ്ങൾക്ക് ക്രൂസ് ഷിപ്പിൽ താമസമൊരുക്കി വിസ്മയം കൊള്ളിച്ചെങ്കിലും കായികതാരങ്ങൾക്ക് മുറി കിട്ടാനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നതിൽ ഉൾപ്പെടെ പരാതികൾ ഉയരുന്നുണ്ട്. സംഘാടനത്തിലെ ചെറിയ പാളിച്ചകളും കാലാവസ്ഥയും പ്രകൃതിയും ഉയർത്തുന്ന വെല്ലുവിളികളുമൊക്കെ വലിയൊരു കായിക മേള നടത്താൻ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് മുന്നിലുള്ള പാഠങ്ങളാണ്. നാലുവർഷത്തിന് ശേഷം പിഴവുകളില്ലാത്ത ഒരു കോമൺവെൽത്ത് ഗെയിംസ് നടത്താൻ നാം ഇപ്പോഴേ തയ്യാറെടുക്കേണ്ടതുണ്ട്.

ഈ ഏഷ്യൻ ഗെയിംസിന്റെ പ്രചാരണാർത്ഥം നടന്ന ഫൺ റണ്ണിന് ഇന്ത്യയിൽ വേദിയായ ഏക നഗരം തിരുവനന്തപുരം ആണെന്നതിൽ കേരളത്തിനും അഭിമാനിക്കാം. ഇതോടനുബന്ധിച്ച് നടന്ന മത്സരത്തിൽനിന്ന് തിരഞ്ഞെടുത്ത മലയാളിക്കുട്ടികളുടെ ചിത്രങ്ങൾ അടക്കം നഗോയയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക നേരത്തേ പ്രഖ്യാപിച്ച് കേരള സർക്കാരും മാതൃക കാട്ടിയിട്ടുണ്ട്. കായികമേളകളിൽ മത്സരങ്ങളുടെ വീറും വാശിയും മാത്രമല്ല നിറയുന്നത്. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റേയും സ്പോർട്സ്മാൻഷിപ്പിന്റെയും കൈമാറ്റ വേദികളാണവ. ഭാഷയും ഭൂപ്രകൃതിയുംകൊണ്ട് വേറിട്ടുനിൽക്കുന്ന സംസ്കാരങ്ങളെ സ്പോർട്സിന്റെ സ്വർണനൂലിഴകൊണ്ട് കോർത്തെടുക്കുന്ന വിസ്മയക്കാഴ്ചകൾക്കാണ് ഇനിയുള്ള ദിവസങ്ങളിൽ ലോകം സാക്ഷ്യം വഹിക്കുക. അയ്‌ചി- നഗോയ ഏഷ്യൻ ഗെയിംസിലെ എല്ലാ മത്സരാർത്ഥികൾക്കും സംഘാടകർക്കും വിജയാശംസകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY