SignIn
Kerala Kaumudi Online
Sunday, 08 November 2026 2.15 AM IST

ജീവകാരുണ്യത്തിലെ വൻതാര മാതൃക

1

ജനിതക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ദയാവധം വിധിക്കപ്പെട്ട ആനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ രാജ്യത്തെ പ്രമുഖവ്യവസായി മുകേഷ് അംബാനിയുടെ മകനായ അനന്ത് അംബാനി നടത്തിയ ഇടപെടൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദാത്ത മാതൃകയാണ്. പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തിലെ മായയെന്ന 18 മാസം പ്രായമുള്ള ആനക്കുട്ടിയെ കൊച്ചിയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ അനന്ത് അംബാനിയുടെ അനിമൽ റസ്ക്യൂ കേന്ദ്രമായ ഗുജറാത്ത് ജാംനഗറിലെ വൻതാരയിലെത്തിക്കുകയും അവിടെ ഐ.സി.യുവിൽ വിദഗ്ദ്ധ ചികിത്സ നൽകി വരികയുമാണ്. ജാംനഗറിൽ പ്രവർത്തിക്കുന്ന വൻതാര, വന്യജീവികളുടെ രക്ഷാപ്രവർത്തനം, പുനരധിവാസം, ചികിത്സ എന്നിവയിൽ ലോകോത്തര നിലവാരമുള്ള സംരംഭമാണ്. അത്യാധുനിക വെറ്ററിനറി മെഡിസിൻ സൗകര്യങ്ങളുള്ള വൻതാര വന്യജീവി ആരോഗ്യ സംരക്ഷണത്തിലും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിലും അന്താരാഷ്ട്ര മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

മായ എന്ന ആനക്കുട്ടിക്ക് ജീൻ, ഹോർമോൺ തെറാപ്പിയാണ് നൽകുന്നത്. ഒപ്പം വേദനരഹിതമാക്കാനുള്ള ചികിത്സയും, ജലചികിത്സയുമുണ്ട്. ഇക്കഴിഞ്ഞ ജൂലായ് രണ്ടിന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കാലിൽ അസ്വസ്ഥത തുടങ്ങിയത്. മുൻകാലുകളുടെ എല്ല് പൊട്ടിയതോടെ, കഴിഞ്ഞമാസം കിടപ്പിലായി. രോഗം ജനിതക വൈകല്യമാണെന്ന് കണ്ടെത്തിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു. മെഡിക്കൽ ബോർഡാണ് ദയാവധം ശുപാർശ ചെയ്തത്. അവസാനശ്രമമെന്ന നിലയിൽ വനംവകുപ്പ് വൻതാരയിലെ ആനചികിത്സാവിദഗ്ദ്ധനായ ഡോ.കുശാൽ കോൺവാർ ശർമ്മയെ ബന്ധപ്പെട്ടു. ഓൺലൈൻ ചർച്ചയിൽ മായയെ വൻതാരയിലേക്ക് മാറ്റാൻ അനന്തിന്റെ നിർദ്ദേശപ്രകാരം തീരുമാനിച്ചു.

വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയൻസിനുമായി ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള

സർവകലാശാല വൻതാരയിൽ ഒരുങ്ങുകയാണ്. കഷ്ടത അനുഭവിക്കുന്ന മൃഗങ്ങളെ കണ്ടതിലൂടെയുണ്ടായ വ്യക്തിപരമായ തിരിച്ചറിവാണ് രൂപീകരണത്തിന് പ്രേരണയായതെന്ന് അനന്ത് പറയുന്നു. ജീവകാരുണ്യ പ്രവർത്തനം മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നവരുടെ മനസിൽ നിന്ന് ഉരുത്തിരിയുന്നതാണ്. അത് മനുഷ്യരുടെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും വ്യത്യസ്തമല്ല. അനുകമ്പ, ദയ എന്നീ വികാരങ്ങൾ ഉള്ളിൽ നിന്നും വരുന്നതാണ്. അനന്തിന്റെ കാര്യത്തിൽ അത് പ്രകടമാണ്. അളവറ്റ സമ്പത്തുണ്ടാകുമ്പോൾ അത് എന്തിനൊക്കെ വിനിയോഗിക്കാം എന്നത് ഒരു ചോദ്യമാണ്.

ലോകത്തെ വേർതിരിവില്ലാതെ കാണാനും കാരുണ്യപ്രവർത്തനങ്ങളിലൂടെ ചെയ്യാവുന്ന സത്കർമ്മങ്ങൾ ചെയ്യാനും പണം ഉപകരിക്കും. പക്ഷേ മനസുണ്ടാകണം. അതിന്റെ ഒരു ഉദാഹരണമാണ് മായയെന്ന ആനക്കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമം. ജാം നഗറിലെ വൻതാര കേവലം ഒരു മൃഗശാലയല്ല മറിച്ച് ഉപേക്ഷിക്കപ്പെട്ട, പരിക്കേറ്റ, രോഗബാധിതരായ, സർക്കസിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയ മൃഗങ്ങളെ ചികിത്സിച്ച് സംരക്ഷിക്കുന്ന കേന്ദ്രമാണ്. ഏകദേശം 3,500 ഏക്കറിലായി ആന, സിംഹം, കടുവ, പുള്ളിപ്പുലി, കരടി തുടങ്ങി രണ്ടായിരത്തിലധികം മൃഗങ്ങളുണ്ട്. മൃഗങ്ങളെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുകയാണ് ലക്ഷ്യം. മായ എന്ന ആനക്കുട്ടി വേഗത്തിൽ അസുഖം ഭേദപ്പെട്ട് മടങ്ങിയെത്താൻ ചികിത്സയ്ക്ക് കഴിയട്ടെയെന്ന് പ്രത്യാശിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT, VANTHARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION