
കടലും കായലും തോടുകളും കുളങ്ങളുമൊക്കെയായി ജലസമ്പന്നമാണ് കേരളം. ശുദ്ധജലത്തിന്റെ കാര്യത്തിലാകുമ്പോഴാകട്ടെ, 'തുള്ളി കുടിക്കാനില്ലത്രേ' എന്നതാണ് സ്ഥിതി. ഗ്രാമീണ മേഖലകളിൽ കിണറുകളായിരുന്നു പണ്ടൊക്കെ പ്രധാന കുടിവെള്ള സ്രോതസ്. സ്വന്തം കിണറില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസമായി തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ വേണ്ടത്ര പൊതുകിണറുകളുണ്ടായിരുന്നു. നിലംനികത്തൽ വ്യാപകമായപ്പോൾ കുളങ്ങളും കിണറുകളും കൂടി നികത്തി പുരയിടമാക്കുന്നതായി ശീലം. വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളമുള്ളപ്പോൾ കിണറുകളും കുളങ്ങളുമൊക്കെ സ്ഥലംമുടക്കുന്ന അനാവശ്യ സംവിധാനങ്ങളായി പലരും കരുതുകയും ചെയ്തു. ഭൂഗർഭജലം ഊറ്റിയെടുക്കുന്ന കുഴൽക്കിണറുകളുടെ കാലമായപ്പോൾ അതായി സൗകര്യം.
ഇക്കഴിഞ്ഞ ജൂണിൽ ഭൂഗർഭജല വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് പത്തുവർഷത്തിനിടെ ഭൂഗർഭ ജലത്തിന്റെ അളവിൽ 30-40 ശതമാനം വരെ കുറവാണുണ്ടായത്. സ്വാഭാവിക ജലസ്രോതസുകൾ കുറവായ നഗരമേഖലകളിൽ പൈപ്പ് വെള്ളം തന്നെ പ്രധാന ആശ്രയം. ഏതാണ്ട് അതുതന്നെയാണ് ഇപ്പോൾ ഗ്രാമീണ മേഖലകളിലെയും സ്ഥിതി. രാജ്യത്തെ ആകെ ജലസ്രോതസുകളുടെ സെൻസസ് റിപ്പോർട്ട് കേന്ദ്ര സർക്കാർ പുറത്തുവിട്ടത് 2023-ലാണ്. അതനുസരിച്ച് കേരളത്തിൽ കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കുന്ന 6.5 ലക്ഷം കിണറുകളുണ്ടായിരുന്നു. ഗ്രാമങ്ങൾ അതിവേഗം നഗരവത്കരിക്കപ്പെട്ടു തുടങ്ങിയതോടെ ആ സ്ഥിതി വേഗത്തിൽ മാറി. പഴയ കഥയും കണക്കുകളുമൊക്കെ ഇപ്പോൾ പറയാൻ കാര്യം, ഗ്രാമീണ മേഖലകളിലെ വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ആറു വർഷം മുമ്പ് കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതിയായി ആവിഷ്കരിച്ച ജൽജീവൻ പദ്ധതി പല കാരണങ്ങളാൽ ഇഴയുന്നതായി കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന വിവരങ്ങളാണ്.
ദേശീയതലത്തിൽ 2019 ആഗസ്റ്ര് 15-നാണ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടതെങ്കിലും കേരളത്തിൽ 2020 ഒക്ടോബറിലായിരുന്നു തുടക്കം. വർഷം ആറു കഴിഞ്ഞിട്ടും ഇതുവരെ ഗ്രാമീണതലത്തിൽ 50 ശതമാനം വീടുകളിലെങ്കിലും കുടിവെള്ള കണക്ഷൻ എത്തിക്കാനായത് ഏഴു ജില്ലകളിൽ മാത്രമാണ്. തുടക്കത്തിലേ പണികൾക്ക് വേഗം കുറവായതുകൊണ്ട് 2024-ൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി ആദ്യം 2025വരെ നീട്ടി. എന്നിട്ടും പുരോഗതി പതുക്കെയായതോടെ 2028 ഡിസംബർ വരെ നീട്ടിയിരിക്കുകയാണ്. വേണ്ടത്ര സമയമുണ്ടല്ലോ എന്ന വിചാരം തന്നെയാണ് തുടക്കംതൊട്ടേ വിനയായത്. വർഷം കഴിയുന്തോറും ഗ്രാമങ്ങൾ നഗരങ്ങളായി മുഖംമാറുകയും, വീടുകളുടെ എണ്ണം കൂടുകയും, കൂടുതൽ ജലസ്രോതസുകൾ അപ്രത്യക്ഷമാവുകയും ചെയ്യുന്ന കാര്യം മാത്രം ആരും ഓർക്കുന്നില്ല!
ആകെ വിഭാവനം ചെയ്ത 5546 പദ്ധതികളിൽ 3458 എണ്ണം പൂർത്തിയായെങ്കിലും പലേടത്തും കുടിവെള്ളം എത്തിത്തുടങ്ങിയിട്ടില്ല. 1490 പദ്ധതികൾ നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിൽ മെല്ലെപ്പോക്ക് തുടരുന്നു. 598 പദ്ധതികളുടെ കാര്യത്തിലാകട്ടെ ടെൻഡർ നടപടി പോലുമായിട്ടില്ല. നിർമ്മാണം വേഗത്തിലാക്കാൻ സംസ്ഥാനതലത്തിൽ മിഷൻ ഡയറക്ടറും ജില്ലാതല സമിതികളുമുണ്ട്. ഇതുവരെ കരാറുകാർക്കുള്ള കുടിശിക 1300 കോടിയാണ്. അറ്റകുറ്രപ്പണി നടത്തുന്ന കരാറുകാർക്കുതന്നെ 200 കോടിയോളം കൊടുക്കാനുണ്ട്. പണികൾ ഇഴയുന്നതിന് മുഖ്യകാരണമായി പറയുന്നത് ഇതാണ്. കേന്ദ്രഫണ്ട് സമയത്തിന് കിട്ടാത്തതിനാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നബാർഡിൽ നിന്ന് വായ്പയെടുത്താണ് കുറേ കുടിശിക തീർത്തത്. നഗരവികസനത്തിനു മാത്രം പോരാ, ഗ്രാമീണ വികസത്തിനും വേണം വേണ്ടത്ര പരിഗണന. ജൽജീവൻ മിഷന്റെ കാര്യത്തിൽ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഫണ്ട് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരശ്രമം നടത്തിയെങ്കിലേ പദ്ധതി മുന്നോട്ടു നീങ്ങൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |