
നവംബർ ഏഴ് ദേശീയ ക്യാൻസർ ബോധവത്കരണ ദിനമായാണ് ആചരിച്ചുവരുന്നത്. ആധുനിക മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് ക്യാൻസർ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഈ മാരക രോഗത്തിനെതിരെ, ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും ഈ ദിവസം ആചരിക്കുന്നത്. ക്യാൻസർ രോഗബാധയെക്കുറിച്ചുള്ള ഭയമകറ്റാനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുമാണ് ഈദിനം.
ഇന്ത്യയിൽ നവംബർ ഏഴിനു ചരിത്രപരമായ പശ്ചാത്തലം കൂടിയുണ്ട്. ലോകപ്രശസ്തയായ ശാസ്ത്രജ്ഞ മേരി ക്യൂറിയുടെ ജന്മദിനമാണ് ഇന്ന്. റേഡിയോളജി രംഗത്തെ മുന്നേറ്റങ്ങളിലൂടെ ക്യാൻസർ ചികിത്സയ്ക്ക് അടിത്തറയിട്ട വ്യക്തിയാണ് മേരി ക്യൂറി. ക്യാൻസർ ചികിത്സയിൽ റേഡിയോളജി നടത്തിയ സംഭാവനകളെ സ്മരിച്ചുകൊണ്ടും രോഗബാധിതർക്ക് പിന്തുണയേകിക്കൊണ്ടുമാണ് ഈ ദിവസം തിരഞ്ഞെടുത്തത്. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് 2014ൽ ഈ ദിനാചരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ട്യൂമറുകൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ക്യാൻസർ. സാധാരണയായി ശരീരത്തിലെ കോശങ്ങൾ വളരുകയും പുതിയ കോശങ്ങൾ ആവശ്യാനുസരണം രൂപപ്പെടുകയും പഴയ കോശങ്ങൾ നശിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പ്രക്രിയയിൽ തകരാറുണ്ടാകുമ്പോൾ അസാധാരണമായ കോശങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടും. അവ അയൽക്കോശങ്ങളിലേക്ക് പടരും. രക്താർബുദം പോലുള്ളവ ഒഴികെ മറ്റുള്ളവയിൽ മുഴകളായാണ് രൂപപ്പെടുന്നത്. ഇവ ക്യാൻസർ കോശങ്ങൾ അല്ലാത്തപ്പോൾ ദോഷകരമല്ലാത്തവയായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്യാൻസർ കോശങ്ങളാണെങ്കിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കും.
ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് ലക്ഷക്കണക്കിന് ക്യാൻസർ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ, വായു രോഗങ്ങളും ശ്വാസകോശ ക്യാൻസറും വയറ്റിലെ ക്യാൻസർ എന്നിവയാണ് ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, പുകയിലയുടേയും മദ്യത്തിന്റേയും ഉപയോഗം എന്നിവയെല്ലാം ഇതിനു പ്രധാന കാരണങ്ങളാണ്.
കാരണം പലത്
ക്യാൻസർ വരാനുള്ള കാരണങ്ങൾ പലതാണ്. സിഗരറ്റ്, ബീഡി, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ശ്വാസകോശം, വായ, തൊണ്ട, അന്നനാളം തുടങ്ങിയ ഭാഗങ്ങളിൽ ക്യാൻസറിന് കാരണമാകുന്നു. പുകവലിക്കാത്തവരിൽ പോലും പുകവലിക്കുന്നവരുടെ അടുത്തിരിക്കുമ്പോൾ പുക ശ്വസിക്കുന്നത് രോഗസാദ്ധ്യത വർദ്ധിപ്പിക്കുന്നു. നാരുകൾ കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ ഫാസ്റ്റ് ഫുഡുകൾ പതിവാക്കുന്നത് പൊണ്ണത്തടിക്കും അർബുദ സാദ്ധ്യതയ്ക്കും കാരണമാകുന്നുണ്ട്. ശാരീരിക വ്യായാമത്തിന്റെ കുറവും അമിതമായ മദ്യപാനവും കരൾ, സ്തനം തുടങ്ങിയ ഭാഗങ്ങളിലെ ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടായിട്ടുണ്ടെങ്കിൽ ജനിതകമായി അടുത്ത തലമുറയിലേക്ക് വരാനുള്ള സാദ്ധ്യതകളുമുണ്ട്. കൂടാതെ വ്യാവസായിക ശാലകളിൽ നിന്നുള്ള രാസവസ്തുക്കൾ, കീടനാശിനികൾ, അന്തരീക്ഷ മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, എച്ച്.പി.വി വൈറസ് അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള ചില അണുബാധകൾ എന്നിവയും ക്യാൻസറിന് വഴിതെളിക്കാറുണ്ട്.
ലക്ഷണങ്ങൾ അവഗണിക്കരുത്
ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ആളുകൾ സാധാരണ അസുഖങ്ങളായി കരുതി അവഗണിക്കാറുണ്ട്. എന്നാൽ ശരീരത്തിൽ മുഴകളോ തടുപ്പുകളോ അനുഭവപ്പെടുക, കാരണങ്ങളില്ലാതെ ശരീരഭാരം അതിവേഗം കുറയുക, മാറാത്ത ചുമയോ ശബ്ദത്തിൽ മാറ്റമോ ഉണ്ടാകുക, വിട്ടുമാറാത്ത ക്ഷീണവും ബലക്ഷയവും അനുഭവപ്പെടുക, മലമൂത്ര വിസർജ്ജനത്തിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങളും രക്തസ്രാവവും ചർമ്മത്തിലെ മറുകുകളിലോ അരിമ്പാടുകളിലോ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ, സുഖപ്പെടാത്ത മുറിവുകളും വ്രണങ്ങളും എന്നിവ കണ്ടാൾ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
പ്രധാനം പ്രതിരോധം
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന ചൊല്ല് ക്യാൻസറിന്റെ കാര്യത്തിൽ വളരെ അർത്ഥവത്താണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഒരു പരിധി വരെ ക്യാൻസറിനെ തടയാനാകും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക, സംസ്‌കരിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും പരമാവധി ഒഴിവാക്കുക, ദിവസേനയുള്ള നടത്തം അല്ലെങ്കിൽ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ചു നിറുത്തുക, പുകയിലയും മദ്യവും ഉപേക്ഷിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഗർഭാശയമുഖ അർബുദം തടയുന്നതിനുള്ള എച്ച്.പി.വി വാക്സിൻ പോലുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യസമയത്ത് സ്വീകരിക്കുന്നതും നല്ലതാണ്.
ഏറ്റവും പ്രധാനം രോഗം നേരത്തെ കണ്ടെത്തലാണ്. ക്യാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാൻ സാധിക്കും. ഇതിനായി സ്തനാർബുദം കണ്ടെത്താൻ മാമോഗ്രാഫിയും ഗർഭാശയമുഖ ക്യാൻസർ കണ്ടെത്താൻ പാപ്സ്മിയർ പരിശോധനയും പോലുള്ള ക്രമമായ ആരോഗ്യ പരിശോധനകൾ പതിവാക്കേണ്ടതുണ്ട്. ക്യാൻസർ ബാധിച്ചവരോട് സമൂഹത്തിന് വലിയൊരു ഉത്തരവാദിത്വമുണ്ട്. ഈ രോഗബാധിതർ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം വലിയ മാനസിക സംഘർഷങ്ങളും അനുഭവിക്കാറുണ്ട്. സമൂഹത്തിൽ ഇന്നും ക്യാൻസർ രോഗത്തെക്കുറിച്ച് പല മിത്ഥ്യാധാരണകളും ഭയവുമുണ്ട്. അർബുദമെന്നാൽ മരണമാണെന്ന തെറ്റായ ധാരണ മറേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ ക്യാൻസറിനെ വിജയകരമായി തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. രോഗികളോട് സ്‌നേഹത്തോടെയും അനുകമ്പയോടെയും പെരുമാറാനും അവർക്ക് മാനസിക പിന്തുണ നൽകാനും സമൂഹം തയ്യാറാകണം.
ഒരു ഓർമ്മപ്പെടുത്തൽ
ദേശീയ ക്യാൻസർ ബോധവത്കരണ ദിനം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും രോഗലക്ഷണങ്ങളെ അവഗണിക്കാതെ മുൻകൂട്ടി ചികിത്സ തേടാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. ക്യാൻസറിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ബോധവത്കരണത്തിലൂടെയും സമയോചിതമായ ചികിത്സയിലൂടെയും അർബുദ രഹിത സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |