
മനുഷ്യായുസിന്റെ കണക്കിൽ എഴുപതായാൽ വാർദ്ധക്യമെന്നാണ്. എന്നാൽ, കേരളത്തിന് ശാലീനതയാണ് കവികൾ കൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മധുരപ്പതിനേഴുകാരിയുടെ സൗന്ദര്യമാണ് കേരളത്തിനെന്നും. രാജ്യത്തെ ഏറ്റവും സാക്ഷരത നേടിയ സംസ്ഥാനമെന്നതുൾപ്പെടെ ലോകത്തിന് മുന്നിൽ തല ഉയർത്തി അഭിമാനിക്കാൻ കേരളത്തിന് കുന്നോളമുണ്ട്. അക്കൂട്ടത്തിലാണ് നമ്മുടെ സ്വന്തം കൈത്തറി വസ്ത്രങ്ങളും.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ പരുത്തി നൂലിഴകളാൽ നെയ്‌തെടുക്കുന്ന വസ്ത്രങ്ങൾ. തെക്ക് ബാലരാമപുരം മുതൽ വടക്ക് കാസർകോട് വരെ കേരളത്തിന്റേതെന്ന് അഭിമാനിക്കാവുന്ന വിവിധ കൈത്തറി ഗ്രാമങ്ങൾ. മറ്റു സംസ്ഥാനങ്ങൾ കടുംനിറങ്ങൾക്ക് പിന്നാലെ പോയപ്പോഴും ജലാശയങ്ങൾ മലിനമാകരുതെന്ന് കരുതി നിറം ഉപേക്ഷിച്ചവരാണ് നമ്മുടെ പഴമക്കാർ. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഈ നിറം അനുയോജ്യം. എന്നാൽ, ചായങ്ങളേതുമില്ലാത്ത ആ വസ്ത്രങ്ങൾക്ക് അഴകേകാൻ സ്വർണ്ണനിറത്തിൽ കസവ് നെയ്‌തെടുത്തു നമ്മൾ. സാരിക്ക് പകരം മലയാളിയുടേതെന്ന് പറയാൻ ഒരു വസ്ത്രവും സൃഷ്ടിച്ചു. മുണ്ടും നേര്യേതും എന്ന് പഴമക്കാർ പറയുന്ന സെറ്റും മുണ്ടും. ചെറിയ വ്യത്യാസങ്ങളോടെ സർവ്വ മതസ്തരും അംഗീകരിച്ച വേഷമായി അത് മാറുകയും ചെയ്തിരുന്നു.
കാലത്തിനൊപ്പം മലയാളി സഞ്ചരിച്ചപ്പോൾ ഈ വസ്ത്രസങ്കല്പങ്ങൾക്കും മാറ്റം വന്നു. പുറംനാടുകളിൽ നിന്ന് തിരികെ നാട്ടിലെത്തുന്നവർ പുതിയ ഫാഷനും വസ്ത്രങ്ങളും പ്രിയപ്പെട്ടവർക്ക് സമ്മാനിച്ചു. കാലക്രമേണ തനത് വസ്ത്രരീതികൾക്ക് മേൽ വരത്തർ ആധിപത്യം സ്ഥാപിച്ചു. സെറ്റും മുണ്ടിനും പകരം സാരി വന്നു, ചുരിദാർ വന്നു, ജീൻസ് വന്നു. പുരുഷന്മാർക്കും മുണ്ടിന് പകരം പാന്റും ജീൻസുമെത്തി. എന്നാൽ, തോറ്റു പിന്മാറാൻ മലയാളിയുടെ സ്വന്തം സ്വർണ്ണവർണ്ണമുള്ള നൂലിഴകൾ അരികിന് ഭംഗിയേറുന്ന ഈ കസവ് വസ്ത്രങ്ങൾ തയ്യാറായില്ല. ചുരിദാറായും ജീൻസിന് ടോപ്പ് ആയും കഫ്ത്താൻ ആയും എല്ലാം പലവിധത്തിൽ വിപണിയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടേ ഇരുന്നു.
ജെൻസിക്ക്
കംഫർട്ട് മുഖ്യം
ഒരു സെറ്റ് സാരിയോ സെറ്റും മുണ്ടോ അന്വേഷിച്ച് ചെന്നാൽ പെട്ടി തുറന്ന് ചെമ്പകം മണക്കുന്ന ഒരു കുഞ്ഞുവസ്ത്രശാല തുറന്നു കാട്ടിത്തരുന്ന മുത്തശ്ശിമാർ ഇന്നുമുണ്ട്. അതിൽ വിവാഹം കഴിഞ്ഞ കാലത്ത് മുത്തച്ഛൻ ആദ്യമായി സമ്മാനിച്ചത് മുതൽ ജോലി കിട്ടിയപ്പോൾ കൊച്ചുമകൻ സമ്മാനിച്ചത് വരെയുള്ള സെറ്റും മുണ്ടുമുണ്ടാകാം. കാലങ്ങളോളം ഒരു കേടും വരാതെ ഭംഗിയോടെ നാലുമടക്കായി ആ വസ്ത്രങ്ങൾ ആ കൊച്ചുപെട്ടിയിലിരുന്നുവെന്ന് സാരം. എന്നാൽ,ഇത് ട്രെൻഡിൽ ബാഗി ജീൻസ് മുതൽ ക്രോപ് ടോപ്പ് വരെ സ്ഥാനം പിടിച്ച ജെൻസിക്കാലം.
ഇവർക്ക് കംഫർട്ടാണ് പ്രധാനം. ഉടുത്താൽ, പ്രൗഢിയല്ല, തങ്ങളുടെ സുഖമാണ് പ്രധാനം എന്ന് മനസ്സിലാക്കിയ തലമുറ. എങ്കിലും സെറ്റുംമുണ്ടിനെയോ സെറ്റ് സാരിയേയോ ഒന്നും ഇവർ തള്ളിപ്പറയുന്നില്ല. ഇക്കഴിഞ്ഞ ഓണക്കാലത്ത് ട്രെൻഡായി മാറിയ പുളിയിലക്കര സെറ്റും മുണ്ടും ഏറ്റവും തേടിച്ചെന്നത് പുതുതലമുറയാണ്. 70 കളിലേയോ 80 കളിലേയോ ഫാഷനുകളിലേക്കാണ് അവർ ഓടിച്ചെന്നത്. ഇരുപതോ അതിലേറെയോ വർഷം മുമ്പ് ട്രെൻഡ് ആയിരുന്നവ വീണ്ടും തിരിച്ചെത്തിച്ച് ഫാഷൻ ലോകത്ത് തീ പാറിക്കുകയാണ് മിടുക്കെന്ന് തിരിച്ചറിഞ്ഞവരാണ് അവർ.
ഇനിയും താണ്ടും നൂറ്റാണ്ടുകൾ
നിറമുള്ള വസ്ത്രങ്ങൾക്കിടയിലും സ്ഥാനം നഷ്ടപ്പെടാതെ പതിറ്റാണ്ടുകൾ കടന്നുവന്ന ഈ വസ്ത്രങ്ങൾ ഇനിയും കാലങ്ങൾ താണ്ടും. വിവിധ സംസ്‌കാരങ്ങളെയും ശൈലികളെയും സംയോജിപ്പിച്ച് ഫാഷൻ ലോകത്ത് കസവ് വസ്ത്രങ്ങൾക്ക് പുതിയ സ്ഥാനം രചിക്കാനുളള ശ്രമത്തിലാണ് പുതിയ പല വസ്ത്ര സംരംഭകരും. അതിനാൽ തന്നെ ഇനിയും ഈ കൈത്തറി, കസവ് വസ്ത്രങ്ങൾ ഇനിയും ഇവിടെ കാലങ്ങളോളം നിലനിൽക്കുമെന്ന വിശ്വാസവും അവർക്കുണ്ട്.
ടൂറിസത്തിൽ കേരളത്തിന്റെ തനത് വസ്ത്രങ്ങൾക്കായി പദ്ധതികൾ ആവിഷ്‌കരിച്ചാൽ നല്ലതാകും. കേരളത്തിന്റെ തനത് വേഷങ്ങളിലൂടെ തന്നെ ഒരു സംരംഭം വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട്. ഒരു സംസ്‌കാരത്തെ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറുകയാണ് ഞങ്ങൾ. പഴയ തലമുറയും പുതുതലമുറയും ഒരു പോലെ സ്വീകരിക്കുന്നതിൽ സന്തോഷം.
അഭിരാമി രമേഷ്
അഭിരാമം ബ്രാൻഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |