
ശിവസേനയ്ക്ക് കേരളത്തിൽ സംഘടനാ രൂപം നൽകിയ എം.എസ്. ഭുവനചന്ദ്രൻ, പാർട്ടി രണ്ടായതോടെ ഷിൻഡേ വിഭാഗം ശിവസേനയുമായി സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 37 വർഷമായി ഒരു സന്യാസിയെപ്പോലെ, ഊണും ഉറക്കവും പോലും പാർട്ടി ഓഫീസിൽത്തന്നെയാക്കി പൊതുപ്രവർത്തനം തപസ്യയായി തുടരുന്ന എം.എസ്. ഭുവനചന്ദ്രൻ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
?ശിവസേനയിലേക്കുള്ള വരവ്.
സംഘത്തിൽ പ്രവർത്തിക്കുമ്പോഴും ബാൽ താക്കറെയെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളോട് ആവേശവുമായിരുന്നു. 1987 മുതൽ ബാൽ താക്കറേയുമായി സഹകരിച്ചു തുടങ്ങിയിരുന്നു. 1990 മുതലാണ് കേരളത്തിൽ ശിവസേനയ്ക്ക് സംഘടനാ രൂപം കൊണ്ടുവന്നത്. 'ജയ് മറാഠ" എന്ന് പറഞ്ഞിരുന്ന ശിവസേന മറ്റൊരു സംസ്ഥാനത്ത് ആദ്യമായി പ്രവർത്തിക്കാൻ തുടങ്ങിയത് കേരളത്തിലാണ്. അതിനു ശേഷം തമിഴ്‌നാട്, പോണ്ടിച്ചേരി, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ആൻഡമാനിലേക്കും ശിവസേനയെ വളർത്തിയതിൽ വലിയൊരു പങ്ക് ഞാനും വഹിച്ചിട്ടുണ്ട്.
? കേരളത്തിൽ ശിവസേനയ്ക്ക് എത്രത്തോളം വളരാൻ കഴിഞ്ഞു.
രാഷ്ട്രീയം എന്റെ ഉപജീവനമാർഗമല്ല. രാഷ്ട്രീയത്തിലൂടെ സമൂഹത്തിന് എന്തു നന്മ നൽകാൻ കഴിയുമെന്ന് ചിന്തിച്ചതുകൊണ്ട് വളർച്ചയെ ഓർത്തുള്ള വേവലാതിയുമില്ല. എന്നാൽ എന്നും അധികാര രാഷ്ട്രീയത്തോട് വിലപേശുന്ന, ആദർശം പറയുന്ന ചില സംഘടിത മതാടിസ്ഥാന സംഘടനകളേക്കാൾ അംഗബലം ശിവസേനയ്ക്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
? രാഷ്ട്രീയവും ജീവകാരുണ്യവും.
രാഷ്ട്രീയത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സജീവമായി കൊണ്ടുവന്നത് ശിവസേനയാണ്. മെഡിക്കൽ കോളേജിലെ പതിനാറാം വാർഡിൽ, ഭർത്താവിന്റെ മൃതദേഹത്തിനരികിലിരുന്ന് കരയുന്ന ഭാര്യയേയും, ആംബുലൻസ് വാടകയ്ക്കുള്ള തുകയ്ക്കായി പിരിവെടുക്കുന്ന ചെറിയ പ്രായമുള്ള മകളെയും കണ്ടിട്ടാണ് ഞാൻ പാവപ്പെട്ടവർക്കായി സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചത്. എല്ലാ വൈകുന്നേരങ്ങളിലും മെഡിക്കൽ കോളേജിലെ നിർദ്ധനരായ രോഗികൾക്ക് ഞാൻ ആഹാരം എത്തിക്കുമായിരുന്നു. അങ്ങനെയാണ് അന്നദാനവും പിന്നീട് രക്തദാനവും ആരംഭിക്കുന്നത്. സമൂഹത്തിന്റെ പൊതു നന്മയ്ക്കായുള്ള പ്രവർത്തനങ്ങളാണ് ശിവസേന നടത്തുന്നത്.
? ഉദ്ധവ് ശിവസേനയിൽ നിന്ന് ഷിൻഡേ ശിവസേനയിലേക്കുള്ള ദൂരം?
വലിയ ദൂരമൊന്നും ഇല്ല. ഉദ്ധവിനേക്കാൾ നിലപാടുള്ള, ഏത് പാതിരാവിലും നമുക്കു ചെന്ന് ആവലാതി പറയാൻ സ്വാതന്ത്ര്യമുള്ള നേതാവാണ് ഷിൻഡേ. മഹാരാഷ്ട്രയിലെ മലയാളികൾക്ക് ഏറെ ഇഷ്ടം ഷിൻഡേയോടാണ്.
മലയാളി സംഘടനകളോട് - പ്രത്യേകിച്ച് അയ്യപ്പസമാജത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും വലിയ സഹായങ്ങളാണ് ഷിൻഡേ ചെയ്യുന്നത്. ഷിൻഡേയുമായി നേരത്തേതന്നെ നല്ല സൗഹൃദമുണ്ടായിരുന്നു.
? ഹിന്ദുത്വ രാഷ്ട്രീയത്തിന് എത്രനാൾ നിലനിൽപ്പുണ്ടാകും.
ഇന്ത്യയുടെ ഇന്നലെകളിലെയും ഇന്നിന്റെയും നാളെയുടേയും സാമൂഹ്യ സാംസ്കാരിക ചുറ്റുപാടുകളിൽ ഹിന്ദുത്വമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനിൽപ്പുണ്ടാകില്ല. കൊൽക്കത്തയിലെ പ്രശസ്തനായിരുന്ന സ്വാമി മദനാനന്ദിന്റെ നവാംശക രേഖാചിത്രപ്രകാരമുള്ള പ്രവചനത്തെ മാനിച്ചുകൊണ്ട് അർദ്ധരാത്രി സ്വാതന്ത്ര്യം നേടിയ ജ്യമാണ് ഇന്ത്യ. ഈ ഇന്ത്യയിൽ ഹിന്ദുത്വം വിട്ട് ഒരു രാഷ്ട്രീയത്തിനും നിലനിൽക്കാൻ കഴിയില്ല.
അതിതീവ്ര ഹിന്ദുത്വമൊന്നും അന്നും ഇന്നും ഇന്ത്യയിലില്ല.
വോട്ടിനു വേണ്ടി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനായി ചിലർ പ്രചരിപ്പിക്കുന്നതാണ് ഹിന്ദുത്വം ഭീകരതയെന്നത്. മുസ്ളിം സഹോദരങ്ങൾ സമാധാനവും സന്തോഷവുമായി ജീവിക്കുന്ന രാജ്യമാണ് ഭാരതം. ഉപദ്രവിച്ചാൽ തിരിച്ചടിക്കാത്ത ഏതു ജീവിയാണ് ഭൂമിയിലുള്ളത്? ഇല്ലാത്ത ഭീതിയുടെ പേരിൽ ഹിന്ദു സംഘടനകളെ ആക്രമിക്കുമ്പോഴാണ് പ്രത്യാക്രമണം ഉണ്ടായിട്ടുള്ളത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രവുമായി പൊതുപ്രവർത്തനം നടത്തുന്ന ഹിന്ദു സംഘടനകളെ ഭയപ്പെടേണ്ട ഒരു കാര്യവുമില്ല.
? ശിവസേനയോട് സമുദായ സംഘടനകളുടെ നിലപാട്.
വ്യക്തിപരമായി സമുദായ സംഘടനാ നേതാക്കളുമായി ബന്ധമുണ്ട്. ശിവസേനയുടെ വളർച്ചയ്ക്കായി സമുദായങ്ങളെ ഉപയോഗിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശനെയും നാരായണ പണിക്കരെയും ആദ്യമായി ഒന്നിച്ചിരുത്തിയത് ഞാനാണ്. എന്നാൽ അവരുടെ സംഭാഷണത്തിൽ ഭാഗമാകാതെ മാറിനിന്നു. സമുദായ സംഘടനകളുടെ ഒത്തൊരുമ ഇന്നും ആഗ്രഹിക്കുന്നുണ്ട്. ആ ഐക്യം വോട്ട് ബാങ്കിനു വേണ്ടിയല്ല. മറിച്ച് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒരു ഏകീകരണം ആവശ്യമാണ്. അതിന് എല്ലാ ഹിന്ദു സമുദായങ്ങളും ഒന്നിക്കേണ്ടിയിരിക്കുന്നു.
? നിലവിലെ കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷം ആശങ്കാകുലരാണെന്ന് ആക്ഷേപമുണ്ടല്ലോ.
ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേർതിരിക്കാതെ ഭാരതീയർ എന്നാകുന്നിടത്താണ് ജനാധിപത്യത്തിന്റെ മനോഹാരിത. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും രാജ്യത്തിന്റെ നിയമങ്ങളെ അനുസരിച്ച് ജീവിച്ചാൽ എന്തിന് പരിഭ്രാന്തരാകണം? ഇവിടെ ഇന്ത്യാക്കാർ മാത്രമേയുള്ളൂ. ഇന്ത്യയിൽ എന്തിനാണ് ഇന്ത്യാക്കാർ ഭയപ്പെടുന്നത്? ഭരണഘടനയേയും നീതിന്യായ സംഹിതകളേയും സർക്കാരിനേയും അനുസരിക്കുക എന്നത് ഏതൊരു രാജ്യത്തും ഏതൊരു പൗരന്റേയും കടമയാണ്.
? ഗണേശോത്സവ ട്രസ്റ്റിനെക്കുറിച്ച്.
കേരളത്തിൽ ആദ്യമായി ഗണേശോത്സവം തുടങ്ങിയത് ഞാനായിരുന്നു. ഗണേശോത്സവത്തിൽ ആത്മീയത മാത്രമല്ല, ദേശീയതയുമുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങളെ ആവേശഭരിതരാക്കി ഒന്നിപ്പിക്കാൻ കൂടിയാണ് ഗണേശോത്സവം ആരംഭിച്ചത്. ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും വലിയൊരു ആത്മീയ ഉത്സവമായി ഗണേശോത്സവം വളർന്നു.
? രാഷ്ട്രീയവും ആത്മീയതയും.
ആത്മീയത എന്റെ മുജ്ജന്മ പുണ്യമാണ്. കഴിഞ്ഞ ജന്മങ്ങളിലും എന്റെ നിയോഗം ആത്മീയ പ്രവർത്തനങ്ങൾ നടത്താനായിരുന്നു. ദേശീയമായി ഇന്ത്യയുടെയും പ്രാദേശികമായി കേരളത്തിന്റേയും സാംസ്കാരികത സനാതന സംസ്കാരമാണ്. ഓരോ ഇന്ത്യാക്കാരന്റേയും ജീനുകളിലുള്ളത് സനാതനമാണ്. ഇനിയുള്ള എന്റെ ജീവിതവും രാഷ്ട്രീയത്തിലൂടെ രാഷ്ട്ര സേവനവും ആത്മീയതയിലൂടെ ഭാരതീയരുടെ മാനസിക സന്തോഷവും വളർത്തുക എന്നതാണ്. ജാതിയോ മതമോ രാഷ്ട്രീയമോ എന്നത് എന്റെ വിഷയമല്ല. എന്റെ കാഴ്ചപ്പാടിൽ ഭാരതവും ഭാരതീയരും മാത്രമേയുള്ളൂ.
? വീടിനെയും വീട്ടുകാരെയും വിട്ടുനിൽക്കേണ്ടിവന്നതിൽ വേദനയുണ്ടോ.
ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. ജീവിതത്തിന്റെ ലാഭനഷ്ട കണക്കുകൾ നോക്കാറില്ല. മര്യാദാ പുരുഷോത്തമനായ ശ്രീരാമനു പോലും അച്ഛനേയും അമ്മയേയും കാണാതെ കാട്ടിൽ കഴിയേണ്ടിവന്നില്ലേ? ബലവാന്മാരായ അഞ്ച് ആൺമക്കളും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അനന്തരവനായ ശ്രീകൃഷ്ണനും കൂടെയുണ്ടായിട്ടും കുന്തിക്ക് കാട്ടിൽ ജീവിക്കേണ്ടിവന്നില്ലേ? ഇതൊക്കെ വിധിയുടെ ഭാഗമാണ്.
? ഷിൻഡേ ശിവസേനയുടെ ഭാവി.
ദേശീയ പാർട്ടിയാണ് ഷിൻഡേ ശിവസേന. വലിയൊരു സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണത്തിലുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളോടൊപ്പം കേരളത്തിലെ വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും നഷ്ടപ്പെട്ട സാംസ്കാരിക മൂല്യങ്ങൾ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തും. സാംസ്കാരികമായി കേരളം നാശത്തിന്റെ പാതയിലാണ്. ഒരു സാംസ്കാരിക യുദ്ധം നടത്തേണ്ട സമയം കഴിഞ്ഞുപോയെന്നാണ് എന്റെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |