SignIn
Kerala Kaumudi Online
Thursday, 22 October 2026 5.42 PM IST

നാളെ വിരമിക്കുന്ന സുപ്രീം കോടതി ജഡ്ജി ജ. സി.ടി. രവികുമാറുമായി സംഭാഷണം,​ യഥാർത്ഥ നീതി മനുഷ്യത്വത്തിൽ

justice

പതിനാറു വർഷത്തെ ജുഡിഷ്യൽ ജീവിതം. തികഞ്ഞ സംതൃപ്‌തിയോടെയാണ് സുപ്രീംകോടതിയിലെ മലയാളി ജഡ്‌ജി ജസ്റ്റിസ് സി.ടി. രവികുമാർ നാളെ (ഞായർ)​ പടിയിറങ്ങുന്നത്. വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കാനാണ് അദ്ദേഹം എക്കാലവും ശ്രമിച്ചത്. റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ തുടരാനാണ് പദ്ധതി. വിരമിക്കലിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം 'കേരള കൗമുദി"ക്കു നല്കിയ പ്രത്യേക അഭിമുഖത്തിൽ വിവിധ വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കുന്നു.

പട്ടികജാതി വിഭാഗക്കാരനായ സി.ടി. രവികുമാർ കോടതി ബെഞ്ച് ക്ലർക്കിന്റെ മകനിൽ നിന്ന് സുപ്രീംകോടതി ജഡ്‌ജി പദം വരെയെത്തി. പ്രശ്‌ന പരിഹാരത്തിനായി ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികളെന്ന ബോദ്ധ്യത്തിലായിരുന്നു പ്രവർത്തനം. വ്യക്തികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. താൻ വിരമിക്കുന്ന ഒഴിവിൽ മലയാളി ജഡ്‌ജി തന്നെ വരുമോയെന്നത് സുപ്രീംകോടതി കൊളീജിയം തീരുമാനിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം പറയുന്നു.

ലാവലിൻ,​ ബാർ

ലൈസൻസ്...

കേരള ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ലാവലിൻ കേസ് പരിഗണിച്ചിരുന്നു. അതുകൊണ്ടാണ്,​ അതിന്റെ തുടർച്ചയെന്ന നിലയിലുള്ള കേസ് സുപ്രീംകോടതിയിൽ കേൾക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ ചില പരാമർശങ്ങൾ നടത്തിയിരുന്നു. കോടതിയിൽ പറഞ്ഞത് അവിടെ തീർന്നു. പിന്നെ അതേക്കുറിച്ച് ചിന്തിക്കാറില്ല. ഒരു കേസിനോടും പ്രത്യേക താത്പര്യമില്ല. കേരള ഹൈക്കോടതി ജഡ്‌ജിയായിരിക്കെ,​ ബാർ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത് വലിയ വാർത്തയായി. കേസിനെക്കുറിച്ച് സംസാരിക്കാൻ ഒരു അഭിഭാഷകൻ വീട്ടിലെത്തിയതായിരുന്നു പിന്മാറ്റത്തിനു കാരണം.

വേണ്ടത്

മനുഷ്യത്വം

മനുഷ്യരുടെ പരാതികളാണ് കോടതികൾ പരിഗണിക്കുന്നത്. നിയമം തെറ്രിക്കാതെ, മാനുഷിക പരിഗണന കൂടി നൽകി വേണം ജഡ്‌ജിമാ‌ർ കേസുകളെ സമീപിക്കാൻ. അങ്ങനെയെങ്കിൽ മാത്രമേ യഥാർത്ഥ നീതി ഉറപ്പാക്കാൻ കഴിയുകയുള്ളുവെന്നാണ് എന്റെ വിശ്വാസം. കോടതി വിധികളിൽ ചർച്ച നടക്കുന്നത് നല്ലതാണ്. ക്രിയാത്മകമായ വിമർശനമുയരണം. അത്തരം സംവാദങ്ങൾ ജുഡിഷ്യറിയെ ശക്തിപ്പെടുത്തും.

ജനാധിപത്യവും നിയമവ്യവസ്ഥയും നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ഈ രാജ്യം ഇങ്ങനെ തന്നെ നല്ല നിലയിൽ മുന്നോട്ടു പോകും. ജുഡിഷ്യറി ജനങ്ങളുടേതാണ്. അതിനെ സംരക്ഷിക്കാൻ ജനങ്ങളുണ്ടാകും. ജനത്തെ സംരക്ഷിക്കാൻ ജുഡിഷ്യറിയും.

സ്‌പോർട്സും

വിനോദവും

ദിവസവും അരമണിക്കൂറെങ്കിലും സ്‌പോർട്സിന് മാറ്റിവയ്ക്കും. ബിരുദത്തിന് പഠിക്കുന്ന കാലത്ത് കേരളത്തിനു വേണ്ടി ബാൾ ബാഡ്മിന്റൺ കളിച്ചിട്ടുണ്ട്. സ്‌പോർട്സ്‌മാൻ സ്‌പിരിറ്റോടെയാണ് ജീവിതത്തെ സമീപിക്കുന്നത്. തീർത്ഥാടന യാത്രകൾ ഇഷ്‌ടപ്പെടുന്നു. മനസിന് ശാന്തി ലഭിക്കുന്ന ഇടങ്ങളാണ് ആരാധനാലയങ്ങൾ. ദൈവമെന്ന ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളിൽ പോകാറുണ്ട്. എന്നാൽ, വിവാദത്തിൽപ്പെട്ട ഇടങ്ങളിൽ പോയിട്ടില്ല.

കുടുംബം

കരുത്ത്

ഭാര്യ സായിറ രവികുമാർ അഭിഭാഷകയാണ്. ഞാൻ ഹൈക്കോടതി ജഡ്‌ജിയായതോടെ സായിറ പ്രാക്‌ടീസ് നിറുത്തി. രണ്ട് പെൺമക്കൾ - അഡ്വ. നീതു രവികുമാർ, ഡോ. നീനു രവികുമാർ. മരുമക്കൾ: അഡ്വ. ശബരീഷ് സുബ്രഹ്മണ്യൻ (തമിഴ്നാട് സ്റ്റാൻഡിംഗ് കോൺസെൽ), ഷാമിൽ സാഗർ (എൻജിനിയർ)​. കൊച്ചുമകൾ ആരവി.

1960 ജനുവരി ആറിന് ഇടുക്കി പീരുമേട്ടിൽ ജനനം. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് ജീവശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ലാ കോളേജിൽ നിയമപഠനം. 1986 ജൂലായിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. കേരള ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായി പ്രവർത്തിച്ചു. 2009 ജനുവരി അഞ്ചിന് കേരള ഹൈക്കോടതി ജഡ്‌ജിയായി. 2021 ആഗസ്റ്റ് 31ന് സുപ്രീംകോടതി ജഡ്‌ജിയായി ചുമതലയേറ്റു.

പെരിയ കേസിലും

ഇടപെടൽ

 ഹൈക്കോടതി ജഡ്‌ജിയായിരിക്കെ,​ പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്കു വിട്ട സിംഗിൾ ബെഞ്ച് നടപടി ശരിവച്ചു.

 വിദേശബന്ധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ഡോ. വി.ആർ. സനൽകുമാറിനെ പിരിച്ചുവിട്ട നടപടി ശരിവച്ച സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായി.

 തിരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ നടപടിക്കെതിരെ നിലപാടെടുത്തു. വിഷയം വിശാലബെഞ്ചിനു വിട്ടു.

 ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള വിദ്വേഷപ്രസംഗ കേസ് അവസാനിപ്പിച്ചതിൽ ഇടപെട്ടില്ല. വിധി പറഞ്ഞ മൂന്നംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു.

 ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരെ സാകിയ ജാഫ്രി സമർപ്പിച്ച ഹർജി തള്ളിയ ബെഞ്ചിന്റെ ഭാഗമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CT RAVIKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION