
ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി
സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനങ്ങളിൽ ചാൻസലറായ ഗവർണർക്ക് പൂർണ അധികാരം നൽകിയുള്ള യു.ജി.സിയുടെ കരട് ഭേദഗതിക്കെതിരെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിഷേധം ശക്തമാവുകയാണ്. കരട് ചട്ടപ്രകാരം വി.സിയാവാൻ യോഗ്യരെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനും വി.സി നിയമനം നടത്താനും ഗവർണർക്കാണ് പരമാധികാരം. യൂണിവേഴ്സിറ്റികളുമായോ കോളേജുകളുമായോ ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിൽ പാടില്ല. വി.സി നിയമനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലാതാവും.
പത്തു വർഷം പരിചയമുള്ള പ്രൊഫസർമാരെയോ ശാസ്ത്ര ഗവേഷകരെയോ വി.സിയാക്കുന്നതാണ് നിലവിലെ ചട്ടം. പുതിയ നയപ്രകാരം പൊതുനയ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും വി.സിയാക്കാം. അദ്ധ്യാപന പരിചയം നിർബന്ധമില്ല. മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കുള്ള ലാവണമായും ഭാവിയിൽ ഇത് മാറിയേക്കാം. അക്കാഡമിക് വിദഗ്ദ്ധരല്ലാത്ത സിവിൽ സർവീസുകാരെയും വ്യവസായികളെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരെയുമൊക്കെ വി.സിയാക്കാൻ യു.ജി.സി കരടുചട്ടം വഴിയൊരുക്കും. നാമനിർദ്ദേശത്തിലൂടെയും ടാലന്റ് സെർച്ച് വഴിയും വി.സിമാരെ സെർച്ച് കമ്മിറ്റിക്ക് കണ്ടെത്താമെന്നതും വിവാദമായിട്ടുണ്ട്. യു.ജി.സി കരടുചട്ടത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? യു.ജി.സി കരടുനയത്തിൽ സർക്കാരിന്റെ നിലപാട്.
വൈസ്ചാൻസലർ നിയമനത്തിൽ ഗവർണർക്ക് പരിധിയില്ലാത്ത അധികാരം നൽകുന്ന യു.ജി.സിയുടെ കരട് വിജ്ഞാപനം ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഒളി അജൻഡയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് അമിതാധികാര കേന്ദ്രീകരണ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ കരട് റഗുലേഷൻ. സംസ്ഥാന സർക്കാർ ഫണ്ടും പിന്തുണയും നൽകി സഹായിക്കുന്ന സർവകലാശാലകളിൽ സംസ്ഥാന സർക്കാരിന് യാതൊരു അധികാരവുമില്ല എന്ന രീതി അംഗീകരിക്കാനാവുന്നതല്ല. വി.സി നിയമനത്തിലടക്കം സംസ്ഥാന സർക്കാരിനും പങ്കാളിത്തമുണ്ടാവണം. നിലവാരമില്ലാത്ത അദ്ധ്യാപക നിയമന മാനദണ്ഡങ്ങൾ, കരാർ അധ്യാപക നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമീപനം എന്നിങ്ങനെ വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്ന അന്തരീക്ഷമാണ് ഇതിലൂടെ സംജാതമാവുക. യു.ജി.സിയെ സർക്കാർ ഔദ്യോഗികമായി എതിർപ്പ് അറിയിക്കും. നിയമപരമായ വഴികളും തേടും.
?കരടു നയത്തിനെതിരെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധമുണ്ടല്ലോ...
കാവിവത്കരണ പരിപാടികളുടെ പുതുരൂപങ്ങൾ എങ്ങനെയൊക്കെയാണ് രംഗപ്രവേശം ചെയ്യുന്നതെന് വ്യക്തമായി പ്രഖ്യാപിക്കുന്നതാണ് യു.ജി.സിയുടെ കരട് വിജ്ഞാപനം. വിദ്യാഭ്യാസമടക്കം രാജ്യത്തിന്റെ ഭാവിയെ കെട്ടിപ്പടുക്കുന്ന മേഖലകളെയാകെ അമിതാധികാര കേന്ദ്രീകരണ ശ്രമങ്ങളിലൂടെ ചിറകരിയുകയും, രാജ്യം ആർജ്ജിച്ച നേട്ടങ്ങളുടെ വഴികളെ പിൻനടത്തുകയും ചെയ്യുന്നതിന്റെ ഉദാഹരണമായാണിത്. അനുചരന്മാരായ വി.സിമാരെ ഉറപ്പാക്കാൻ സേർച്ച് കമ്മിറ്റിക്കാര്യത്തിൽ കൈക്കൊള്ളുന്ന വളഞ്ഞ വഴി മാത്രം പരിശോധിച്ചാൽ ഇതിലെ കുശാഗ്രബുദ്ധി മനസിലാവും.
? പുതിയ റഗുലേഷൻ നടപ്പായാൽ സർക്കാരിന് സർവകലാശാലകളിൽ ഒരു റോളുമില്ലാതാവുമോ.
യു.ജി.സിയുടെ 2013 റെഗുലേഷൻ പ്രകാരം അതത് സർവകലാശാലാ ആക്ട് പ്രകാരമായിരുന്നു വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിയമിച്ചിരുന്നത്. 2018-ലെ റഗുലേഷനിൽ യു.ജി.സി പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥ കൂട്ടിച്ചേർത്തു. എന്നാൽ പുതിയ കരട് റെഗുലേഷനിൽ സെർച്ച് കമ്മിറ്റി രൂപീകരണത്തിനുള്ള അധികാരമടക്കം ചാൻസലർക്കാക്കുകയാണ്. സംസ്ഥാന സർക്കാരുകളെയും സർവകലാശാലാ ആക്ടുകളെയും അപ്രസക്തമാക്കി കേന്ദ്ര സർക്കാരിലേക്ക് പൂർണമായ അധികാര കേന്ദ്രീകരണമാണ് ലക്ഷ്യം.
? സർവകലാശാലയിലെ ചെലവുകളെല്ലാം സർക്കാരല്ലേ വഹിക്കുന്നത്.
സംസ്ഥാന സർക്കാരുകളുടെ പൂർണ രക്ഷാധികൃത്വത്തിൽ, ഫണ്ടിംഗടക്കം നടന്നുവരുന്നവയാണ് കേരളത്തിലെ പൊതു സർവകലാശാലകൾ. അവിടെ യാതൊരു പ്രാതിനിദ്ധ്യവും സർക്കാരിനു പാടില്ലെന്ന തരത്തിൽ കരട് വിജ്ഞാപനത്തിൽ നടത്തിയിട്ടുള്ള പ്രഖ്യാപനം ഫെഡറൽ തത്വങ്ങളോട് പുലർത്തുന്ന ധിക്കാരമാണ്. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളുടെയാകെ നഗ്നമായ ലംഘനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരണഘടനയുടെ പൊതുപട്ടികയിൽ ഉൾപ്പെട്ട വിഷയമാണ് വിദ്യാഭ്യാസം.
നിലവിലെ സ്ഥിതിയിൽ പൂർണമായും സംസ്ഥാന സർവകലാശാലകളുടെയും സർക്കാർ എയ്ഡഡ് കോളേജുകളുടെയും ശമ്പളബാധ്യതയും അടിസ്ഥാനസൗകര്യ വികസനവും അടക്കമുള്ള എല്ലാ ഉത്തരവാദിത്തങ്ങളും സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. അദ്ധ്യാപകരുടെ യു.ജി.സി ശമ്പള വിഹിതത്തിലടക്കം നേരത്തെയുണ്ടായിരുന്ന പരിമിതമായ പങ്കാളിത്തം പോലും കേന്ദ്ര സർക്കാരിനില്ല. വസ്തുതകൾ ഇതായിരിക്കെ സർവകലാശാലാ അധികാരങ്ങളിലേക്ക് പൂർണമായി കടന്നുകയറാനുള്ള കുറുക്കുവഴി കേന്ദ്രസർക്കാരിറിന് ഒരുക്കിനൽകുന്നതാണ് ഈ കരട് വിജ്ഞാപനം.
? വ്യവയായികൾക്കും സിവിൽസർവീസുകാർക്കുമൊക്കെ ഇനി വി.സിയാവാമല്ലോ.
വ്യവസായികൾക്കും വൈസ് ചാർസലറാകാം എന്ന നിലയിൽ വരെ ശുപാർശ വന്നിരിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ മാറ്റിമറിക്കാനുള്ള അജൻഡയാണ്. അക്കാഡമിക് വൈദഗ്ദ്ധ്യത്തെ പിന്നാക്കം തള്ളി, വ്യവസായിക, ഭരണരംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയടക്കം വി.സിമാരായി നിയമിക്കാനുള്ള തീരുമാനം ഉന്നതവിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ്.
രാജ്യത്ത് പുലർത്തിവരുന്ന രീതികളെയും മര്യാദകളെയും അടിമുടി തൂത്തെറിയുമെന്ന പ്രഖ്യാപനമാണിത്. അക്കാഡമികമായും ബൗദ്ധികമായും ഉയർന്ന ശേഷിയുള്ളവർ വൈസ് ചാൻസലർമാരാവുന്ന പൊതുതത്വം വലിച്ചുചീന്തി, പകരം വാണിജ്യകാഴ്ചപ്പാടുള്ളവരാണ് ഈ സ്ഥാനങ്ങളിൽ വരേണ്ടതെന്ന ‘ദർശനം’ പുത്തൻ കൊളോണിയൽ- മൂലധന താത്പര്യങ്ങൾക്കായി ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും വേർപ്പെടുത്താനുള്ള ദുരന്ത ദർശനമാണ്.
? കേന്ദ്ര സർക്കാരിന് താത്പര്യമുള്ളവരായിരിക്കുമോ ഇനിയുള്ള വി.സിമാർ.
കാവിവത്ക്കരണ പരിശ്രമങ്ങൾക്ക് വേഗത വർദ്ധിപ്പിക്കാൻ സ്വന്തം സ്വേച്ഛാനുവർത്തികളെ എല്ലാ ധൈഷണിക കേന്ദ്രങ്ങളുടെയും തലപ്പത്ത് നിയോഗിക്കുകയാണ് ലക്ഷ്യം. ഇതിന് ഗതിവേഗം നൽകാനാണ് ഹിന്ദുത്വ ഫാസിസ്റ്റ് കേന്ദ്രങ്ങളുടെ ശ്രമം. അവ്യക്തവും സുതാര്യമല്ലാത്തതുമായ വകുപ്പുകൾ വഴി ഗവർണർക്കും കേന്ദ്രസർക്കാരിനും സ്വന്തം ഇംഗിതം സംരക്ഷിക്കുന്നവരെ സർവകലാശാലാ ഭരണത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
? കരടു നയത്തിന്മേലുള്ള തുടർനടപടികൾ.
കരടുനയത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ യു.ജി.സിയെ അറിയിക്കുക മാത്രമല്ല, രാഷ്ട്രീയമായി ഇവരുടെ ദുർനയത്തെ തുറന്നുകാട്ടാനുമാണ് തീരുമാനം. ഫെഡറൽ തത്വങ്ങൾക്കും സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കും നേർക്കുള്ള നഗ്നമായ ആക്രമണമെന്ന് മുഖ്യമന്ത്രിയും, ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഞാനും ഉടനടി ഉയർത്തിയ വിമർശനങ്ങൾ ബി.ജെ.പി വിരുദ്ധ സംസ്ഥാന സർക്കാരുകളും അദ്ധ്യാപക പ്രസ്ഥാനങ്ങളും വിദ്യാർത്ഥി-യുവജന നേതൃത്വങ്ങളും അതേ തീവ്രതയിൽ പ്രതിഫലിപ്പിച്ചു കഴിഞ്ഞു. വരാൻ പോകുന്ന പോരാട്ട നാളുകളിലേക്കുള്ള ഉറച്ച സൂചനകളാണ് ഇതെല്ലാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |