
ഡോ. വി. നാരായണൻ
ചെയർമാൻ, ഐ.എസ്.ആർ.ഒ
ലോകത്തെ ശ്രദ്ധേയമായ ബഹിരാകാശ ശാസ്ത്ര സ്ഥാപനവും ഇന്ത്യയുടെ അഭിമാനവുമായ ഐ.എസ്.ആർ.ഒ.യുടെ പതിനൊന്നാമത് മേധാവിയായി തിരുവനന്തപുരം വലിയമല എൽ.പി.എസ്.സി ഡയറക്ടറായിരുന്ന ഡോ.വി. നാരായണൻ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനമായ 'അന്തരീക്ഷ ഭവനി"ൽ ഇന്ന് ഔദ്യോഗിക ചുമതലയേൽക്കും. തമിഴ്നാട്ടിൽ, കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള വി. നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്.
ഐ.എസ്.ആർ.ഒ.യെ കൂടുതൽ കുതിപ്പുകളിലേക്ക് നയിക്കാനും രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വി.നാരായണന്റെ വാക്കുകളിൽ നിറയുന്നത്, ആകാശസ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഉപദേശം. അതേസമയം, ആ മനസിൽ സാധാരണക്കാർക്ക് കൂടുതൽ ഗുണകരമായ ചിലത് ഐ.എസ്.ആർ.ഒ.യിലൂടെ നടപ്പാക്കണമെന്ന ലക്ഷ്യബോധവും ശക്തം. ഡോ.വി. നാരായണൻ 'കേരളകൗമുദി"ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്:
? പുതിയ ചെയർമാന്റെ ആദ്യപരിഗണന.
ഐ.എസ്.ആർ.ഒ.യിൽ നിന്ന് രാജ്യം അത്ഭുതങ്ങൾക്കാണ് കാത്തിരിക്കുന്നത്. കഴിവുറ്റ നിരവധി പ്രഗത്ഭരുണ്ട്, ഇവിടെ. അവർക്ക് പ്രവർത്തിക്കാൻ സാഹചര്യവും അവസരവും നൽകിയാൽ ഇനിയും കൂടുതൽ നേട്ടങ്ങളിലേക്കു കുതിക്കാൻ കഴിയും. അതിനാകും മുൻഗണന. ഗഗൻയാൻ രാജ്യത്തിന്റെ അഭിമാനപദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കലണ്ടർ അതേപോലെ നടപ്പാക്കും. ഗഗൻയാനിന്റെ ആദ്യ ആളില്ലാ ട്രയൽ വിക്ഷേപണം ഉടൻ നടക്കും. റോക്കറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.
'സ്പെഡക്സ്" കൃത്യതയോടെ പൂർത്തിയാക്കേണ്ടത് സ്പെയ്സ് സ്റ്റേഷൻ, ചന്ദ്രയാൻ- 4 തുടങ്ങി പല പദ്ധതികൾക്കും അനിവാര്യമാണ്. കേന്ദ്രസർക്കാർ അനുമതി നൽകിയ സ്പെയ്സ് സ്റ്റേഷൻ മിനിയേച്ചർ നിർമ്മാണം, ശുക്രയാൻ തുടങ്ങി നിരവധി പദ്ധതികളുണ്ട്. ഗതിനിർണയ ഉപഗ്രഹങ്ങളുടെ ശൃംഖല പൂർത്തിയാക്കണം. എൻ.ജി.എൽ.വി എന്ന പുതുതലമുറ റോക്കറ്റ് നിർമ്മാണം വേഗത്തിലാക്കും. തൂത്തുകുടിയിൽ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉടൻ പൂർത്തിയാക്കും.
? സാധാരണ ജനങ്ങൾക്കു വേണ്ടി ലക്ഷ്യമിടുന്നത്.
ചെയർമാനായിരിക്കുന്ന കാലയളവിൽ ഇന്ത്യൻ ജി.പി.എസ് ആയ 'നാവിക്" പൊതുജനങ്ങൾക്കും ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങൾ നീക്കും. അതിനു വേണ്ടുന്ന ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങൾ പൂർത്തിയാക്കും. ചെയർമാൻ എന്ന നിലയിൽ ആദ്യ വിക്ഷേപണം തന്നെ ജി.പി.എസ് ഗതിനിർണയത്തിനുള്ള ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹ വിക്ഷേപണമായിരിക്കും. നിലവിൽ പ്രതിരോധ ആവശ്യങ്ങൾ ഉൾപ്പെടെ നിയന്ത്രിത മേഖലകളിലാണ് 'നാവിക്" ഉപയോഗിക്കുന്നത്. സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്നയാളാണ് ഞാൻ. സാധാരണക്കാർക്കു വേണ്ടി എന്നും നിലകൊള്ളും.
? ഇന്ത്യ വളരെ മുന്നേറിയെങ്കിലും ആഗോള ബഹിരാകാശരംഗത്ത് പിന്നിലായിപ്പോകുന്നുണ്ടോ.
ഞാൻ ഒന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് അമേരിക്കക്കാർ ചന്ദ്രനിൽ കാൽകുത്തിയത്. അന്ന് ഇന്ത്യയ്ക്ക് സ്വന്തമായി റോക്കറ്റ് പോലുമില്ല. ഇന്ത്യയിൽ ബഹിരാകാശ പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുന്ന കാലഘട്ടമായിരുന്നു അത്. അവിടെ നിന്നാണ് ഈ ചെറിയ കാലയളവിൽ ആഗോളതലത്തിൽ ബഹിരാകാശ ശാസ്ത്ര മേഖലയിൽ നമ്മൾ എണ്ണം പറഞ്ഞ രാജ്യമായി വളർന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യങ്ങളില്ല. അത് നീതിയുമല്ല. പക്ഷെ ഇന്ന് ഇന്ത്യ കുതിക്കുകയാണ്. ശാസ്ത്രജ്ഞർ ഇന്ത്യയുടെ അഭിമാനമാണ്. സ്വശക്തിയിൽ വൻ നേട്ടങ്ങളാണ് അവർ നേടിത്തരുന്നത്. അതിനു പിന്നിൽ കഠിനാദ്ധ്വാനമുണ്ട്, ത്യാഗമുണ്ട്. വളർച്ചയുടെ കുതിപ്പിൽ ഇന്ത്യയും ഐ.എസ്.ആർ.ഒയും ആർക്കും പിന്നിലല്ല. വിക്രം സാരാഭായ് മുതൽ എസ്. സോമനാഥ് വരെയുള്ളവരുടെ അർപ്പണമാണ് ആ നേട്ടം.
? പുതിയ സ്ഥാനലബ്ദ്ധി പ്രതീക്ഷിച്ചിരുന്നോ.
ഐ.എസ്.ആർ.ഒ.യിൽ കഴിവും അർഹതയുമുള്ള നിരവധി പേരുണ്ട്. തീരുമാനം സർക്കാരിന്റേതാണ്. ഈ പദവി തേടിയെത്തിയത് കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായി കരുതുന്നു. ഒപ്പം ഗുരുക്കന്മാരുടെയും ദൈവത്തിന്റെയും അനുഗ്രഹവും. ഒന്നും ലക്ഷ്യമിട്ടല്ല ജോലി ചെയ്യുന്നത്. അംഗീകാരങ്ങൾ തേടിവരുന്നതാണ്. അതിനു പിന്നിൽ അനുഗ്രഹങ്ങളും ദൈവസാന്നിദ്ധ്യവുമുണ്ട്. തമിഴ്നാട്ടിൽ വളരെ ചെറിയ തലത്തിൽ നിന്ന് കഠിനാദ്ധ്വാനവും ദൈവാനുഗ്രഹവും കൊണ്ട് കയറിവന്നതാണ്. എസ്.എസ്.എൽ.സി.ക്ക് സ്വർണ മെഡലുണ്ടായിരുന്നു. എന്നിട്ടും പഠിച്ചത് പോളിടെക്നിക്ക്. എൻജിനിയറിംഗിനാണ് പോകേണ്ടിയിരുന്നതെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. അതുകൊണ്ട് അനുജനെ അതിന് പ്രാപ്തനാക്കാനായി.
ആറുമക്കളാണ് ഞങ്ങൾ. മാതാപിതാക്കളായ തങ്കമ്മാളും വണ്ണിയപെരുമാളും കർഷകരായിരുന്നു. എന്തു പഠിപ്പിക്കണം, എവിടെ പഠിപ്പിക്കണം എന്നൊന്നും അവർക്ക് അറിയില്ലായിരുന്നു. പഠിത്തം കഴിഞ്ഞ് ചെന്നൈയിൽ ടി.ഐ. ഡയമണ്ടിലും പിന്നീട് മദ്രാസ് റബർ ഫാക്ടറിയിലുമെല്ലാം ജോലി ചെയ്തു. റാണിപേട്ടിലെ ബി.എച്ച്.ഇ.എല്ലിൽ അപ്രന്റീസായും ജോലിയെടുത്തു. അതിനു ശേഷമാണ് വി.എസ്.എസ്.സിയിൽ എത്തുന്നത്. അവിടെ നിന്നാണ് മെക്കാനിക്കൽ എൻജിനിയറിംഗിൽ എ.എം.ഐ.ഇയും ക്രയോജനിക് എൻജിനിയറിംഗിൽ എം.ടെകും നേടുന്നത്. ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് ഒന്നാം റാങ്കിലായിരുന്നു ജയം. അവിടെ നിന്നുതന്നെ എയ്റോസ്പെയ്സ് എൻജിനിയറിംഗിൽ ഡോക്ടറേറ്റും എടുത്തു. അതെല്ലാം പിന്നീടുള്ള ജീവിതത്തിൽ കരുത്തായി. ഐ.എസ്.ആർ.ഒയിൽ നിന്നാണ് വളർന്നത്. അവിടെ മുന്നിൽ നിന്നു നയിക്കാൻ അവസരം കിട്ടുന്നത് അനുഗ്രഹമാണ്.
? കുടുംബം.
കുടുംബമാണ് കരുത്ത്. ജോലിക്കായി രാത്രിയും പകലും ചെലവഴിക്കേണ്ടിവരും.ഭാര്യ ഡോ. കവിതാ രാജ് കോളേജ് അദ്ധ്യാപികയാണ്. മകൾ ദിവ്യ ബി.ടെക് കഴിഞ്ഞ് ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നു. മകൻ കലേഷ് മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥി. ഭാര്യയുടെ മാതാപിതാക്കളും കന്യാകുമാരിയിലെ കുടുംബത്തിലുള്ളവരുമെല്ലാം മികച്ച പിന്തുണയാണ് നൽകുന്നത്. രാത്രിയാണ് കൂടുതൽ സങ്കീർണമായ ജോലികൾ ചെയ്യുന്നത്. പണ്ട് ഐ.എസ്.ആർ.ഒ.യിൽ ജോലിയും പഠനവുമായി നടന്നപ്പോഴും പുലർച്ചെ രണ്ടു മുതൽ അഞ്ചുവരെയാണ് പഠിക്കാനും വായിക്കാനും ചെലവിട്ടിരുന്നത്. ആ ശീലം ഇന്നുമുണ്ട്.
? തകർന്നുപോയ അവസരങ്ങളുണ്ടായിട്ടുണ്ടോ.
ക്രയോജനിക് എൻജിന്റെ ആദ്യ പരീക്ഷണം പരാജയപ്പെട്ടപ്പോഴാണ് ഏറ്റവും അധികം വിഷമിച്ചത്. 2010-ൽ ജി.എസ്.എൽ.വി ഡി- 3 മിഷൻ. രാമകൃഷ്ണൻ സാറായിരുന്നു ഡയറക്ടർ. പരീക്ഷണങ്ങൾ പരാജയപ്പെടാമെന്ന തത്വചിന്തയൊന്നും അന്നില്ലായിരുന്നു. കഠിനാദ്ധ്വാനം നിഷ്ഫലമാകുന്നത് കണ്ടുനിൽക്കാനാവില്ല. ഇന്നും റോക്കറ്റ് കുതിക്കുമ്പോൾ, ഓരോ ഘട്ടവും എരിഞ്ഞു വേർപെടുമ്പോഴും ഉത്കണ്ഠ താങ്ങാനാവില്ല. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും, അതുവരെ ടെൻഷനാണ്.
? സന്തോഷം നൽകിയ അവസരങ്ങൾ.
ശ്രമങ്ങൾ ഫലപ്രാപ്തിയെത്തുമ്പോൾ- അത് ഒരു ചെറിയ സ്ക്രൂ നിർമ്മിക്കുമ്പോൾ ആണെങ്കിൽപ്പോലും സന്തോഷം തോന്നും. വിജയത്തിൽ ആത്മവിശ്വാസം തോന്നിയത് രണ്ട് സന്ദർഭങ്ങളിലാണ്. അതിലൊന്ന്, ജി.എസ്.എൽ.വിയുടെ സി 25 ക്രയോസ്റ്റേജ് വെറും മൂന്ന് യൂണിറ്റുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വിജയത്തിലെത്തിച്ചതാണ്. ഒരുയൂണിറ്റ് പരീക്ഷണത്തിനും, രണ്ടാം യൂണിറ്റ് സ്റ്റേജ് ഘട്ടത്തിലും, മൂന്നാം യൂണിറ്റ് റോക്കറ്റിൽ ഘടിപ്പിച്ച് വിക്ഷേപണത്തിനും ഉപയോഗിച്ചു. അത് റോക്കറ്റിന്റെ വികസന പരീക്ഷണങ്ങളിൽ അപൂർവതയാണ്. ഉയർന്ന ക്ഷമതയുള്ള ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനമുള്ള ലോകത്തെ ആറുരാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തു. 2015-ലായിരുന്നു അത്.
ചന്ദ്രയാൻ- 2 ലാൻഡിംഗ് പരാജയമായപ്പോൾ പ്രശ്നം പഠിക്കാൻ ഒൻപതംഗ വിദഗ്ദ്ധസംഘത്തെ നിയോഗിച്ചു. അതിന്റെ ചെയർമാനായിരുന്നു. 30 ദിവസമാണ് നൽകിയത്. സമയം തീരാൻ അഞ്ചു മണിക്കൂർ ശേഷിക്കെ റിപ്പോർട്ട് നൽകി. അതു പ്രകാരമാണ് ചന്ദ്രയാൻ- 3 ദൗത്യം തയ്യാറാക്കിയത്. അത് വൻവിജയവുമായിരുന്നു. ആത്മവിശ്വാസം നൽകിയ സംഭവമായിരുന്നു അത്.
? പുതിയ തലമുറയോട്.
ഇന്ത്യയിലെ സാഹചര്യങ്ങൾ മാറി. സർക്കാർ മേഖല മാത്രമല്ല, സ്വകാര്യമേഖലയും നിക്ഷേപക- സംരംഭകത്വ മേഖലയും വളരുകയാണ്. ഐ.എസ്.ആർ.ഒ ഉൾപ്പെടെ ഇന്ത്യൻ സ്ഥാപനങ്ങൾ വൻ കുതിപ്പാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വികസിത രാജ്യമാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണ്. അതിന്റെ പ്രയോജനങ്ങൾ എല്ലായിടത്തും ദൃശ്യമായിത്തുടങ്ങി. അത് വിനിയോഗിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. രാജ്യത്തെ വിവിധ മേഖലകളിൽ വൻ കുതിപ്പിനായി യുവാക്കളുടെ സേവനം ആവശ്യമാണ്. അതിനായി ശ്രമിക്കണം. കൈനിറയെ അവസരങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |