SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

ജനസൗഹൃദമാകാൻ രജിസ്ട്രേഷൻ വകുപ്പ്

sreedhanya

ശ്രീധന്യ സുരേഷ്

രജിസ്ട്രഷൻ വകുപ്പ് ഐ.ജി

സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം നൽകുന്ന രണ്ടാമത്തെ വകുപ്പാണ് രജിസ്ട്രേഷൻ. ആധാരം രജിസ്ട്രേഷൻ മാത്രമാണ് വകുപ്പിന്റെ പ്രധാന ജോലിയെന്ന ധാരണ ചിലർക്കെങ്കിലുമുണ്ടെങ്കിലും, അതല്ല വാസ്തവം. ചിട്ടി രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ, സഹകരണ സ്ഥാപന രജിസ്ട്രേഷൻ തുടങ്ങി പൊതുജനങ്ങളുമായി ബന്ധപ്പെട്ട് മുപ്പതോളം സേവനങ്ങൾ നൽകുന്ന സുപ്രധാന വകുപ്പാണ് ഇത്.

പലപ്പോഴും മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമുണ്ടാവുമ്പോൾ അതിന്റെ പഴി കേൾക്കേണ്ടിവരുന്നതും രജിസ്ട്രേഷൻ വകുപ്പു തന്നെ. മറ്റു പല വകുപ്പുകളെയും പോലെ ആധുനികവത്കരണം അതിവേഗം നടപ്പാക്കിവരികയാണ് രജിസ്ട്രേഷൻ വകുപ്പ്. അതിന്റെ ഗുണം പ്രധാനമായും കിട്ടുന്നത് പൊതുജനങ്ങൾക്കായിരിക്കും. ഇതിനെല്ലാം സജീവ നേതൃത്വം നൽകുന്നത് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷാണ്. വകുപ്പിന്റെ നവീകരണത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും ശ്രീധന്യ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

?നടപ്പു സാമ്പത്തിക വർഷത്തെ വകുപ്പിന്റെ പ്രകടനം.

 സ്റ്രാമ്പ് ഡ്യൂട്ടി ഇനത്തിലും രജിസ്ട്രേഷൻ ഫീസായും ഡിസംബർ വരെ 4006.66 കോടിയുടെ വരുമാനമാണ് ലഭിച്ചത്. സാമ്പത്തിക വർഷത്തെ ടാർജറ്റിലേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷ.

? മുദ്രപ്പത്ര ക്ഷാമം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടല്ലോ.

 രജിസ്ട്രേഷനു വേണ്ടി മുദ്രപ്പത്രം കിട്ടാനില്ലെന്ന പരാതിക്ക് അടിസ്ഥാനമില്ല. കാരണം നിർബന്ധിത രജിസ്ട്രേഷൻ ആവശ്യമുള്ള എല്ലാ കാര്യങ്ങൾക്കും 'പേൾ" സോഫ്റ്റ് വെയർ മുഖേന ഇ-സ്റ്റാമ്പിംഗ് ലഭ്യമാണ്. 25,000 രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്പനയ്ക്ക് അനുമതി കൊടുത്തിട്ടുള്ളത് സ്റ്രാമ്പ് വെണ്ടർമാർക്കാണ്. അവർ ട്രഷറി ഡിപ്പാർട്ട്മെന്റിനു കീഴിലാണ്. ചെറിയ ഡിനോമിനേഷനിലുള്ള മുദ്രപ്പത്രത്തിന് ക്ഷാമം വരുന്നത് വിതരണത്തിലെ പ്രശ്നം കാരണമാണ്, അല്ലാതെ രജിസ്ട്രേഷൻ വകുപ്പിന്റെ വീഴ്ചയല്ല. രജിസ്ട്രേഷൻ നടപടികൾക്ക് ഓൺലൈനിലൂടെ ബുദ്ധിമുട്ടില്ലാത്ത വിധം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ട്ണർഷിപ്പ് ഇടപാടുകളും വരുന്നത് രജിസ്ട്രേഷൻ വകുപ്പിലാണ്. പാർട്ട്ണർഷിപ്പ് സംരംഭങ്ങൾക്കായി ഓൺലൈനിൽ ഇ-ഗ്രൂപ്പ്സ് എന്ന പുതിയ പ്ളാറ്റ്ഫോം നിലവിൽ വന്നുകഴിഞ്ഞു. 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്" നോംസ് അനുസരിച്ച് ഇത് പരിഷ്കരിച്ചിട്ടുമുണ്ട്.

? സബ് രജിസ്ട്രാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ പുതിയ സംവിധാനങ്ങൾ.

 സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി.റെക്കാഡ് റൂമിൽ ആവശ്യമായ കോംപാക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ 20 ഓഫീസുകളിൽ സജ്ജമാക്കി. മുൻ ആധാരങ്ങളുടെ ഡിജിറ്റൈസേഷനാണ് മറ്റൊരു പ്രധാന പദ്ധതി. എല്ലാ ജില്ലകളിലും1998 മുതലുള്ള ആധാരങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി സബ് രജിസ്ട്രാർ ഓഫീസിൽ പോകേണ്ടതില്ല . അവസാന 20 വർഷത്തെ ആധാരങ്ങളുടെ മോഡൽ ടെംപ്ളേറ്റ് പേൾ സോഫ്റ്റ് വെയറിൽ കിട്ടും. സ്വന്തമായി ആധാരം തയ്യാറാക്കുന്നവർക്ക് ഇത് സൗകര്യപ്രദമാണ്. പേൾ സോഫ്റ്റ്‌വെയറിൽ ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.

? സേവനങ്ങൾ സുഗമമാക്കാൻ.

 ഡിജിറ്റൽ ഡോക്യുമെന്റ് എക്സിക്യൂഷൻ ആണ് ഒരു പ്രധാന സംവിധാനം. അതായത്,​ വാണിജ്യ ബാങ്കുകളിൽ നിന്ന് ചെറുകിട വ്യവസായ വയ്പകളും വ്യക്തിഗത വായ്പകളും ലഭിക്കാൻ ബാങ്കും കക്ഷിയും തമ്മിൽ കരാറുണ്ടാക്കണം. ഇ- സ്റ്റാംമ്പിഗ് സംവിധാനം പ്രയോജനപ്പെടുത്തി ഡിജിറ്റൽ ഡോക്യുമെന്റ് എക്സിക്യൂഷൻ പ്ളാറ്റ്ഫോം തയ്യാറാക്കി,. ഇനി ബാങ്കുകളിൽ കയറിയിറങ്ങാതെ കരാർ തയ്യാറാക്കാനാവും.

ഡിജിറ്റൽ എൻഡോഴ്സ്മെന്റ് ആണ് മറ്റൊരു പ്രധാന നടപടി. ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മുൻ ആധാരം ഉടൻ തിരികെ നൽകുന്നതിനു പുറമെ അനുബന്ധ നടപടികളും വേഗത്തിലാക്കാനുള്ള സംവിധാനം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്താൽ വിവാഹത്തിൽ ഏർപ്പെടുന്നവരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനമാണ് മറ്റൊന്ന്. നേരത്തേ ഫോട്ടോ പതിച്ചിരുന്നില്ല. ഇതിനു പക്ഷെ നിയമ ഭേദഗതി വേണ്ടതുണ്ട്.

? ജനങ്ങളുടെ ഇടപാടുകൾ എളുപ്പമാക്കാൻ.

 ക്യാഷ് ലെസ് ഓഫീസ് എന്നതാണ് അടുത്ത ലക്ഷ്യം. രജിസ്ട്രേഷൻ വകുപ്പു നൽകുന്ന മുപ്പതിലധികം സേവനങ്ങളിൽ പന്ത്രണ്ടെണ്ണം ഒഴികെ എല്ലാറ്രിനും ഇ- പേയ്മെന്റാണ്. ശേഷിക്കുന്ന സേവനങ്ങൾ കൂടി ഇതിലേക്ക് കൊണ്ടുവരാൻ ആലോചിക്കും. 24 ഓഫീസുകൾക്ക് പുതിയ കെട്ടിടം നിർമിച്ചു. 21 എണ്ണം കിഫ്ബി പദ്ധതി വഴിയാണ്. എം.എൽ.എ ഫണ്ട്, പൊതുമരാമത്ത് ഫണ്ട്, വകുപ്പുതല ഫണ്ട് എന്നിവ ഉപയോഗിച്ച് മറ്റ് മൂന്നു കെട്ടിടങ്ങളും. കാസർകോട് ജില്ലയിൽ എല്ലാ ഓഫീസുകളും സർക്കാർ കെട്ടിടത്തിലായി. ആസ്ഥാന മന്ദിരം നവീകരിക്കുന്നത് ആലോചനയിലുണ്ടെങ്കിലും ഉടനുണ്ടാവില്ല. വില കുറച്ചുകാട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള വസ്തുക്കളുടെ അണ്ടർ വാല്യുവേഷൻ നടപടികൾ തുടങ്ങി. കോമ്പൗണ്ടിംഗ്, സെറ്റിൽമെന്റ് പദ്ധതികൾ വഴി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

(ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ ഐ.എ.എസുകാരിയാണ് ശ്രീധന്യ സുരേഷ്)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEDHANYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION