
ഡോ. എ. അബ്ദുൾ ഹക്കീം
സംസ്ഥാന വിവരാവകാശ കമ്മിഷണർ
പത്തു രൂപ ചെലവിൽ ഏതു സാധാരണക്കാരനും സർക്കാരിന്റെ ഏതു നടപടികളെക്കുറിച്ചും അറിയാനുള്ള വിവരാവകാശ നിയമം നടപ്പായിട്ട് ഇരുപത് വർഷമായെങ്കിലും ശക്തമായൊരു ജനാവകാശ നിയമമെന്ന നിലയിൽ ഉപയോഗപ്പെട്ടു തുടങ്ങിയത് അടുത്ത കാലത്താണ്. രഹസ്യമാക്കിവച്ചിരുന്ന പല നിർണായക വിവരങ്ങളും നിയമത്തിലൂടെയും വിവരാവകാശ കമ്മിഷന്റെ ഇടപെടലുകളിലൂടെയും പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഏറെ വിവാദമുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് അടക്കം നിരവധി നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ച വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൾ ഹക്കീം 'കേരളകൗമുദി"യോട് സംസാരിക്കുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
? വിവരാവകാശ നിയമത്തിന് പല്ലും നഖവുമുണ്ടെന്ന് വ്യക്തമായത് താങ്കൾ വിവരാവകാശ കമ്മിഷണർ ആയതിനു ശേഷമാണല്ലോ.
നിയമങ്ങളുടെയും നിയമവ്യവസ്ഥകളുടെയും ശക്തിയും ദൗർബല്യവും, അത് കൈകാര്യം ചെയ്യുന്നവരെ ആശ്രയിച്ചാണ് വെളിവാകുന്നത്. കേസിലെ വാദിയും പ്രതിയും ഒരേ നിയമപുസ്തകവും ഒരേ വകുപ്പുകളും വച്ചുതന്നെയാണ് പരസ്പരം വാദിക്കുന്നത്. നിയമത്തിന്റെ സാധുതകളെ സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കാൻ കഴിയുന്നിടത്താണ് വിജയം. വിവരാവകാശ നിയമം അതിശക്തമെങ്കിലും വളരെ ചെറിയ നിയമമാണ്. ആകെ 31 വകുപ്പുകളേയുള്ളു. കഴിഞ്ഞ ഇരുപതു കൊല്ലമായി വിവിധ കമ്മിഷനുകളുടെയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലുകളിലൂടെ ഈ നിയമം വളർന്നുകൊണ്ടിരിക്കുന്നു. അഴിമതി നിർമ്മാർജ്ജനമാണ് ഈ നിയമത്തിന്റെ മുഖ്യലക്ഷ്യം. അതുകൊണ്ടാണ് കുടുംബശ്രീ, കേരള ബാങ്ക്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് നിർണായക തീരുമാനമെടുക്കാനും കഴിഞ്ഞത് വിവരാവകാശത്തിന്റെ ശക്തി കാരണമാണ്.
? കൃഷി വകുപ്പിലെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന് അടുത്തിടെ താങ്കൾ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് അത്രയും വ്യാപകമായി കടന്നുചെല്ലാനാകുമോ.
പത്തു രൂപയും വെള്ളക്കടലാസുമുണ്ടെങ്കിൽ ഏതു പൗരനും രഹസ്യങ്ങളുടെ ഏത് 'അരമനക്കെട്ടിലേക്കും" കടന്നുചെല്ലാൻ അധികാരം ലഭ്യമാക്കിയതാണ് വിവരാവകാശ നിയമം സാധിച്ചെടുത്ത വിപ്ലവം. ജനങ്ങളോട് വിവരം പറയാൻ മടിക്കുന്നു എന്നതിനർത്ഥം, ഉദ്യോഗസ്ഥർക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ്. അത്തരം കാര്യങ്ങളിലെല്ലാം ഒരു അരുതായ്ക ഉണ്ടാകും. അധികാരവുമായി ബന്ധപ്പെട്ടാകുമ്പോൾ പലപ്പോഴും അത് അഴിമതി വിഷയയായിരിക്കും.
നടപടികളിൽ വ്യക്തമായ രേഖകളുണ്ടോ, സുതാര്യതയുണ്ടോ, വിശ്വാസ്യതയുണ്ടോ, ഉത്തമ വിശ്വാസത്തിലെടുത്ത നടപടികളാണോ തുടങ്ങിയ മാനദണ്ഡങ്ങളെ ആധാരമാക്കിയാണ് കമ്മിഷൻ പരിശോധന നടത്താറുള്ളത്. ഇതേ രീതിയിലാണ് കൃഷി വകുപ്പുമായി ബന്ധപ്പെട്ട പരാതിയും പരിശോധിച്ചത്. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും പണം പോയതിനും വന്നതിനും വ്യക്തതയില്ലെന്നുമായിരുന്നു പരാതി. ഫയലുകൾ പരിശോധിച്ചപ്പോൾ ആരോപണം ശരിയെന്നു ബോദ്ധ്യപ്പെട്ടു. അതിന്മേൽ വിവരാവകാശ നിയമത്തിലെ എല്ലാ ശിക്ഷാവ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കമ്മിഷൻ അധികാര പരിധി വിട്ടുപോയതല്ല; നിയമത്തിന്റെ വ്യാപ്തി വലുതായിക്കൊണ്ടിരിക്കുന്നു എന്നാണ് അത് ചൂണ്ടിക്കാട്ടുന്നത്.
? 2005-ൽ നിലവിൽ വന്നെങ്കിലും 2014-ലെ പൊതുതിരഞ്ഞെടുപ്പു കാലത്താണ് ഈ നിയമത്തിന്റെ പ്രഭാവവും പ്രയോഗവും അനുഭവവേദ്യമായതെന്ന് മുൻ കേന്ദ്രമന്ത്രി എ.കെ.ആന്റണി പറഞ്ഞിട്ടുണ്ട്. 10 വർഷംകൂടി പിന്നിടുമ്പോഴത്തെ വിലയിരുത്തിൽ.
2005 ഒക്ടോബർ 12- ന് നിലവിൽവന്ന ഈ നിയമം 20 വയസിന്റെ യൗവനയുക്തതയോടെയാണ് നിലനിൽക്കുന്നത്. ശക്തമായ ഇടപെടൽ നടത്താൻ കഴിയുന്നുണ്ട്. ഉത്തമ താത്പര്യത്തോടെ പ്രയോഗിക്കാൻ തയ്യാറായാൽ ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭമായി ഇതു മാറും.
? നിയമത്തിന്റെ വ്യാപ്തി ഇത്ര വികസിച്ചിട്ടും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ, മുട്ടുന്യായങ്ങൾ നിരത്തുന്ന പ്രവണത ഇപ്പോഴും തുടരുന്നില്ലേ.
നമ്മുടെ സംസ്ഥാനത്ത് വിവരാവകാശ നിയമത്തിന്റെ പ്രയോഗവത്കരണത്തിൽ ഇടക്കാലത്ത് ചെറിയ മാന്ദ്യമുണ്ടായിരുന്നു എന്നത് വസ്തുതയാണ്. അങ്ങനെ പോരെന്ന നിർബന്ധബുദ്ധിയോടെയാണ് ഞാൻ ഫയലുകൾ കൈകാര്യം ചെയ്യുന്നത്. മറ്റെല്ലാ നിയമങ്ങളും നടപടികളും ആദ്യന്തം നടപ്പാക്കുന്നതും കൈകാര്യം ചെയ്യുന്നതും ഉദ്യോഗസ്ഥരാണ്. നിയമത്തിൽ ലംഘനമുണ്ടായാൽ ഉദ്യോഗസ്ഥ നടപടിമൂലം ശിക്ഷിക്കപ്പെടുന്നത് പൊതുജനമാണ്. വിവരാവകാശ നിയമത്തിലാണെങ്കിൽ ജനങ്ങൾ നടപടിയെടുക്കുകയും ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് വ്യത്യാസം.
രസകരവും വേദനാജനകവുമായ ചില സംഭവങ്ങൾ നേരിട്ടിട്ടുണ്ട്. അഭിഭാഷകർ ഉപയോഗിക്കുന്ന പച്ചപേപ്പറിൽ അപേക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു സാധാരണക്കാരന്റെ അപേക്ഷ തള്ളിയിരുന്നു. വെള്ളപ്പേപ്പറിൽ അപേക്ഷിച്ചില്ലെന്നായിരുന്നു കുറ്റം. ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനോ വിവരങ്ങൾ മറച്ചുവയ്ക്കാനോ ആണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്.
നിയമത്തിലെ 8, 9 വകുപ്പുകളിൽ, ഏതെല്ലാം വിവരങ്ങൾ പുറത്തുകൊടുക്കേണ്ട, ഏതിനെല്ലാം നിയന്ത്രണങ്ങളുണ്ട് എന്ന് വ്യക്തമായി പറയുന്നുണ്ട്. 10-ാം വകുപ്പിൽ രണ്ടും കൂടിച്ചേർന്ന്, വിവരങ്ങൾ വകതരിച്ച് നൽകേണ്ടവയെക്കുറിച്ചും വിശദമാക്കുന്നു. 8-ാം വകുപ്പിന് ഉദ്യോഗസ്ഥർക്കിടയിൽ കിട്ടിയ പ്രചാരം മറ്റ് വ്യവസ്ഥകൾക്ക് കിട്ടിയിട്ടില്ല. വിവരങ്ങൾ എങ്ങനെ നൽകാതിരിക്കാമെന്ന ഗവേഷണം കൂടിയതുകൊണ്ടാണ് അത്. എന്നാൽ, വിവരം കൊടുത്തില്ലെങ്കിൽ ചോദിക്കാൻ ആളുണ്ടെന്ന തോന്നൽ ഇപ്പോൾ ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേര് മറുപടിയിൽ വേണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നതും, 30 ദിവസം വരെ നീട്ടിക്കൊണ്ടുപോകാതെ വേഗത്തിൽ മറുപടി നൽകാൻ തുടങ്ങിയതും കമ്മിഷന്റെ കർശന മേൽനോട്ടത്തിന്റെ ഗുണഫലമാണ്.
? ഇത്തരം കർശന ഇടപെടലുകൾ കാരണം എന്തെങ്കിലും ദോഷഫലങ്ങളുണ്ടായിട്ടുണ്ടോ.
കാലങ്ങളായി നിലനിന്നിരുന്ന ഓദ്യോഗിക രഹസ്യ നിയമത്തെ പൊട്ടിച്ചെറിഞ്ഞാണ് വിവരാവകാശ നിയമം വന്നത്. എന്നാൽ, രാജ്യസുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ അത് പൂർണമായി ഒഴിവാക്കിയിട്ടില്ല. പൗരന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ബാധിക്കുന്ന കാര്യങ്ങൾ പുറത്തുവിടരുതെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ വേട്ടക്കാരുടെ വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്ന് ചോദ്യമുയർന്നിരുന്നു. കമ്മിഷനു മുന്നിൽ ഇരകളെന്നോ വേട്ടക്കാരെന്നോ വേർതിരിവില്ല, രണ്ടും ഒരുപോലെ വ്യക്തിത്വമുള്ളവരാണ്. രണ്ടുകൂട്ടരുടെയും വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിരഹസ്യങ്ങളെയും സൂക്ഷിക്കണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. അത് സംരക്ഷിക്കാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്.
? എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകളോ വിലക്കുകളോ ഉണ്ടായോ.
ഇല്ല. വിവരാവകാശ കമ്മിഷൻ സർക്കാരിന്റെ ഒരു വകുപ്പല്ല. ഒരു അർദ്ധ ജുഡിഷ്യൽ സംവിധാനമാണ്. സ്വാധീനങ്ങൾക്ക് വഴങ്ങുമെന്നുണ്ടെങ്കിലേ അത്തരം ഇടപെടലുകളുണ്ടാകൂ. അത്തരം നീക്കങ്ങൾക്ക് വഴിപ്പെടാറില്ല.
? നേരിട്ട വൈഷമ്യങ്ങൾ.
ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ ഉദ്യോഗസ്ഥർ പ്രതിസന്ധിയിലാകുന്ന ചില പ്രശ്നങ്ങളുണ്ട്. ഒരു രേഖ ആദ്യമായി തയ്യാറാക്കുമ്പോൾ അതിന്റെ ഫീസ് അപേക്ഷകൻ നൽകണമെന്ന് റവന്യു, രജിസ്ട്രേഷൻ വകുപ്പുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷകനോ മറ്റാരെങ്കിലുമോ ഈ രേഖയുടെ പകർപ്പ് ആവശ്യപ്പെട്ടാൽ പകർപ്പിന്റെ ഫീസേ ഈടാക്കാവൂ എന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ, പൊതുഭരണവകുപ്പിന്റെ ഒരു സർക്കുലറിൽ പറയുന്നത് പകർപ്പുകൾക്കും ഒറിജിനലിന്റെ ഫീസ് വാങ്ങണമെന്നാണ്. ഇത് നിയമത്തിനും കോടതി ഉത്തരവുകൾക്കും എതിരാണ്. സർക്കുലർ പ്രകാരം പണം വാങ്ങിയില്ലെങ്കിൽ ഓഡിറ്ററുടെ മുന്നിലും, വാങ്ങിയാൽ കമ്മിഷനു മുന്നിലും ഉദ്യോഗസ്ഥർ സമാധാനം പറയേണ്ട അവസ്ഥയുണ്ട്. ഈ പ്രശ്നം ഹൈക്കോടതി പരിഗണിക്കുന്നുണ്ടെങ്കിലും പരിഹാരത്തിന് സർക്കാർ നടപടി വേണമെന്നാണ് കമ്മിഷന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |