
സർക്കാരിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതു പോലെ, പലപ്പോഴും വിവാദങ്ങളിലും ചെന്നുപെടാറുള്ള സ്ഥാപനമാണ് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി വ്യക്തമായ ദിശാബോധത്തിലാണ് ബെവ്കോയുടെ മുന്നേറ്റം. സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്ത് , കുറേക്കൂടി കാര്യക്ഷമമാക്കാൻ നല്ല ഗൃഹപാഠം നടത്തിയായിരുന്നു, ചെയർപേഴ്സൺ പദവിയിലേക്കുള്ള ഹർഷിത അട്ടല്ലൂരിയുടെ വരവ്. മാസങ്ങൾക്കു മുമ്പ് വലിയ വിവാദമായ, ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കലിനെക്കുറിച്ച് കൃത്യമായ നിലപാടാണ് അവർക്കുള്ളത്. 'കേരളകൗമുദി"യുമായി ഹർഷിത അട്ടല്ലൂരിയുടെ സംഭാഷണത്തിൽ നിന്ന്:
? 'ഡ്രൈഡേ" മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ നടക്കുന്നുണ്ടല്ലോ.
യഥാർത്ഥത്തിൽ ഒരു പഴഞ്ചൻ കാഴ്ചപ്പാടാണ് 'ഡ്രൈ ഡേ" എന്നത്. അതിന് ഒരു ലോജിക്കുമില്ല. ഒന്നാം തീയതിയിലെ 'ഡ്രൈ ഡേ" മാറ്റണമെന്ന ശുപാർശ സർക്കാരിനു കൊടുക്കാനാണ് ആലോചന. അതിന്റെ ചർച്ചകൾ നടക്കുന്നു. മാസത്തിന്റെ ആദ്യ ദിനം എന്തിന് മദ്യഷാപ്പുകൾ അടച്ചിടണം? വളരെ കുറച്ച് അവധി ദിവസങ്ങളാണ് ബെവ്കോ ജീവനക്കാർക്കു കിട്ടുന്നത്. വർഷത്തിൽ 350 ദിവസവും അവർ ജോലി ചെയ്യുന്നു. ഒന്നാം തീയതി അവധി കിട്ടിയതുകൊണ്ട് അവർക്കും പ്രയോജനമില്ല. മറിച്ച് മറ്റേതെങ്കിലും വിശേഷ ദിവസങ്ങളിലോ ഉത്സവ സമയത്തോ അവധി നൽകിയാൽ ജീവനക്കാർക്കും അത് ഗുണകരമാവും.
? 'ഡ്രൈ ഡേ" മാറ്റുന്നതിനൊപ്പം ഷോപ്പുകളുടെ പ്രവർത്തനസമയം കൂട്ടുന്നതും ആലോചിക്കുന്നുണ്ടോ.
ഇപ്പോൾ രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയാണ് ഷോപ്പുകളുടെ പ്രവർത്തന സമയം. ടൂറിസം മേഖലകളിലും മറ്റും ഇത് കൂട്ടണമെന്ന ആവശ്യം ചില ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ബെവ്കോയ്ക്ക് പ്രയോജനമുണ്ടാവുന്ന കാര്യവുമാണ്. പക്ഷെ ഇപ്പോഴത്തെ ജീവനക്കാരുടെ എണ്ണം വച്ചുകൊണ്ട് ഇത് സാധിക്കില്ല.
പുതുതായി 20 ഷോപ്പുകൾ കൂടി തുടങ്ങിയിട്ടുണ്ട്. ഇവിടേക്ക് 200 ജീവനക്കാരെ നിയമിക്കാനുള്ള ശുപാർശ സർക്കാരിനു നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വേറെ നാലു ഷോപ്പുകൾ കൂടി തുടങ്ങുന്നുമുണ്ട്.
ആകെ 282 ചില്ലറ വില്പന ശാലകളാണ് ഇപ്പോഴുള്ളത്. ആറ് മേഖലാ ഓഫീസുകളും 26 വെയർ ഹൗസുകളും. 3800- ഓളം ജീവനക്കാരാണ് ആകെ. കരുനാഗപ്പള്ളിയിൽ ഒരു വെയർ ഹൗസ് തുടങ്ങാൻ നടപടികളായി. എട്ടു മാസം കഴിഞ്ഞിട്ടും എക്സൈസിൽ നിന്നുള്ള അനുമതി കിട്ടിയിട്ടില്ല.
? മദ്യവില കൂട്ടണമെന്ന ആവശ്യം കമ്പനികൾ ഉന്നയിച്ചിട്ടുണ്ടോ.
ഓരോ വർഷവും മദ്യം വാങ്ങാനുള്ള ടെണ്ടർ ക്ഷണിക്കാറുണ്ട്. ആ സമയത്താണ് വില വ്യത്യാസം പരിഗണിക്കുക. ഇത്തവണത്തെ ടെണ്ടറിൽ ചില കമ്പനികൾ കൂടിയ വില ക്വാട്ട് ചെയ്തപ്പോൾ മറ്റുചിലർ വില കുറച്ചാണ് കാട്ടിയിട്ടുള്ളത്. മദ്യ നിർമാണത്തിനു വേണ്ട ഇ.എൻ.എയുടെ വിലയിൽ 40 ശതമാനത്തോളം വർദ്ധന ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 10 ശതമാനം വില കൂടുതൽ ക്വാട്ട് ചെയ്തവരുണ്ട്. നിലവിൽ വർദ്ധന ആലോചിച്ചിട്ടില്ല.
? ബെവ്കോയുടെ നിയന്ത്രണത്തിൽ ഉത്പാദിപ്പിക്കുന്ന 'ജവാൻ" മദ്യത്തിന്റെ ഉത്പാദനം കൂട്ടുമോ.
അതിന്റെ കുപ്പിയുടെയും അടപ്പിന്റെയും നിലവാരത്തെക്കുറിച്ച് ചില പരാതികളുണ്ട്. അതു പരിഹരിച്ച് കുറച്ചുകൂടി നിലവാരമുള്ളതാക്കും. ഇതിന് പുതിയ മെഷീൻ വാങ്ങിയിട്ടുണ്ട്. പിന്നെ, കുപ്പിയിലെ മദ്യത്തിന്റെ ലെവൽ കൃത്യമാക്കാനും നടപടിയെടുക്കും. ഇപ്പോൾ മനുഷ്യപ്രയത്നത്തിലൂടെയാണ് നിറയ്ക്കുന്നത്. അതിന്റേതായ ചില പോരായ്മകൾ വന്നേക്കാം. അതു പരിഹരിക്കാൻ പുതിയൊരു പരിശോധനാ സംവിധാനം കൊണ്ടുവന്നു. കൃത്യമായ ഇടവേളകളിൽ പരിശോധന നടക്കും. മാത്രമല്ല, മാസത്തിലൊരിക്കൽ പുറത്തു നിന്നുള്ള ആഡിറ്റ് ടീമും പരിശോധിക്കും.
പ്ളാസ്റ്റിക് കുപ്പി മാറ്റുന്നത് ആലോചിച്ചെങ്കിലും അത് സാമ്പത്തിക ബാദ്ധ്യത കൂട്ടും. 'ജവാൻ" പോലൊരു ബ്രാൻഡിന് കൂടുതൽ വില വാങ്ങാൻ പറ്റില്ല. പിന്നെ ഉപയോഗിച്ച കുപ്പികൾ ശേഖരിച്ച് പുനരുപയോഗിക്കുന്നതും പരിശോധനയിലാണ്. ഇതിന്റെ ശേഖരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വിഭാഗവുമായി ചർച്ച നടത്തി. കാലാവധി കഴിഞ്ഞതിന്റെ പേരിൽ നശിപ്പിക്കുന്ന മദ്യത്തിന്റെ കുപ്പികൾ പുനരുപയോഗിക്കുന്നതും പരിശോധിക്കും.
ഉത്പാദനം കൂട്ടാൻ ഓട്ടോമാറ്രിക് ലൈൻ സ്ഥാപിക്കും.നിലവിൽ മാന്വലായി പ്രവർത്തിക്കുന്ന ആറ് ലൈനുകളാണുള്ളത്. ട്രാവൻകൂർ ഷുഗേഴ്സിന്റെ കൈവശമുള്ള സ്ഥലം പൂർണമായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
?ചിറ്റൂരിൽ പുതിയ മദ്യനിർമാണശാല തുടങ്ങുന്ന നടപടികൾ ഏതു വരെയായി.
സാങ്കേതിക അനുമതി കിട്ടിയില്ല. പൊതുമേഖലാ സ്ഥാപനമായ 'കെൽ" ആയിരിക്കും നിർമാണ സഹായി. ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ഓട്ടോമാറ്റിക് ലൈനുകളിൽ 50,000 കെയ്സ് ബ്രാണ്ടി നിർമിക്കാനാണ് ഉദ്ദേശം. ഡിമാന്റും സപ്ളൈയും നോക്കി ഇതിൽ വ്യത്യാസം വരുത്തും.
? ബെവ്കോയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എങ്ങനെ.
സുരക്ഷിതമാണ്. സർക്കാരിന് കുറച്ച് പണം വായ്പ കൊടുത്തിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 3.5 ശതമാനം വർദ്ധന വന്നേക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 232 കോടിയായിരുന്നു ലാഭം.
? ഷോപ്പുകളുടെ നിലവാരം മെച്ചപ്പെടുത്താൻ...
നിശ്ചയമായും. അതൊരു പ്രോജക്ടായി എടുത്തിട്ടുണ്ട്. തീരെ സൗകര്യമില്ലാത്ത ഷോപ്പുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും. ദേശീയ പാതയോരത്ത് ദൂരപരിധിയുടെ പേരിൽ പൂട്ടിയ 68 ഷോപ്പുകൾ വൈകാതെ തുറക്കും. പുറമെ 175 ഷോപ്പുകൾ കൂടി തുടങ്ങാൻ സർക്കാർ അനുമതിയുണ്ട്. 'ബെവ് സ്പേസ്" എന്ന പേരിൽ പോർട്ടൽ തുടങ്ങിയിട്ടുണ്ട്. 3000 സ്ക്വയർ ഫീറ്റുള്ള കെട്ടിട ഉടമകൾക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. സ്ഥലം പരിശോധിച്ച് സൗകര്യപ്രദമായവ വാടകയ്ക്ക് എടുക്കും.
പിന്നെ, ഒരു ഷോപ്പ് തുടങ്ങാൻ നിരവധി മാനദണ്ഡങ്ങൾ പാലിക്കണം. ആറുമാസത്തെ വാടകം അഡ്വാൻസായി നൽകും. മൂന്നു വർഷത്തേക്കാണ് കെട്ടിടം നൽകേണ്ടത്. എല്ലാ ജില്ലകളിലും സൂപ്പർ പ്രിമിയം ഷോപ്പുകൾ തുടങ്ങുന്നുണ്ട്. കേരളത്തിലെ ജനബാഹുല്യം കണക്കിലെടുക്കുമ്പോൾ കൂടുതൽ ഷോപ്പുകൾ വേണം. പ്രീമിയം ഇനത്തിലെ മദ്യം സൂപ്പർ പ്രിമയം ഷോപ്പുകൾ വഴി വിൽക്കും. ആദ്യം തൃശൂരിൽ. പിന്നെ വർക്കല, കോവളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ.
? ആധുനികവത്കരണം എങ്ങനെ.
ഷോപ്പുകളിൽ നിന്ന് പ്രിമിയം മദ്യം മോഷണം പോകുന്നത് തടയാൻ ആന്റി തെഫ്റ്ര് സംവിധാനം നടപ്പാക്കി. വിലകൂടിയ മദ്യം പ്രത്യേകം ലോക്ക് ചെയ്ത് സൂക്ഷിക്കുന്നു. ലോക്ക് മാറ്റാതെ ഇത് പുറത്തേക്കെടുത്താൽ അലാറം മുഴങ്ങും. മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് സംവിധാനം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത് ഏറെ സഹായകമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |