
രാജ്യത്ത് ഇതുവരെ ഒരു സംസ്ഥാനവും ആലോചിക്കാൻ പോലും ധൈര്യം കാണിച്ചിട്ടില്ലാത്ത മേഖലയാണ് സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഇന്റർനെറ്റ് ശൃംഖല. കേരളം അത്തരമൊരു സംരംഭത്തിലേക്ക് ഇറങ്ങിയപ്പോൾ അത്ഭുതത്തോടെയാണ് മറ്റു സംസ്ഥാനങ്ങളും മാദ്ധ്യമങ്ങളും ഇന്റർനെറ്റ് സേവന ദാതാക്കളും അതിനെ നോക്കിക്കണ്ടത്. ഇന്റർനെറ്റ് പാവങ്ങളുടെ കൂടി അവകാശമാക്കി മാറ്റിയ സംസ്ഥാനമായി കേരളം മാറുന്നത് അങ്ങനെയാണ്. അതിനായി കെ-ഫോൺ എന്ന ചുരുക്കപ്പേരിൽ കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്വർക്ക് തുടങ്ങിയത് 2023 ജൂൺ 23- നാണ്.
പിന്നെയും ഒരുവർഷം കഴിഞ്ഞ് 2024 ഫെബ്രുവരിയിലാണ് വാണിജ്യ കണക്ഷനുകൾ നൽകിത്തുടങ്ങിയത്. അസാദ്ധ്യമെന്നു കരുതിയ പദ്ധതിയുടെ കടിഞ്ഞാൺ കയ്യിലെടുക്കാൻ ധൈര്യം കാട്ടിയ ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ സെക്രട്ടറിയും കെ- ഫോൺ മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു. തമിഴ്നാട്ടിലെ സിവിൽ സർവീസ് കേഡറിൽ നിന്ന് ഒഴിവായി, കേരളത്തിന്റെ കെ- ഫോൺ പദ്ധതിയും കെ- സ്മാർട്ടുമെല്ലാം ഏറ്റെടുത്ത സന്തോഷ് ബാബു പ്രതിസന്ധികളെല്ലാം മറികടന്ന് വിജയത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ്. 'കേരളകൗമുദി"ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്:
? കെ- ഫോണിന്റെ നിലവിലെ പ്രവർത്തനം.
ഐ.എസ് .പി ലൈസൻസിനൊപ്പം ഐ.പി ഇൻഫ്രാസ്ട്രക്ചർ ലൈസൻസും എൻ.എൽ.ഡി ലൈസൻസും കെ- ഫോണിനുണ്ട്. കൊച്ചി ഇൻഫോപാർക്കിൽ സജ്ജമാക്കിയ നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്ററാണ് കെ-ഫോണിന്റെ തലച്ചോറെന്ന് വിശേഷിപ്പിക്കാവുന്ന സെന്റർഹബ്ബ്.
? മുന്നോട്ടുവച്ച ലക്ഷ്യങ്ങളിലേക്ക് എത്രത്തോളം അടുക്കാനായി.
സംസ്ഥാനത്തൊട്ടാകെ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് സ്ഥാപിക്കുക എന്ന പ്രധാന ലക്ഷ്യം പൂർത്തിയാക്കി. പാവപ്പെട്ട 20 ലക്ഷം പേർക്ക് ഇന്റർനെറ്റ് നൽകുന്നതും, സംസ്ഥാനത്തെ 30, 000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് എത്തിക്കുന്നതുമായിരുന്നു മറ്റുരണ്ട് ലക്ഷ്യങ്ങൾ. 30,438 സർക്കാർ ഓഫീസുകളിലേക്ക് നെറ്റ്വർക്ക് തയ്യാറാക്കി. 23,000 ഓഫീസുകളിൽ ഉപയോഗിക്കുന്നു. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് കൊടുക്കുന്ന പദ്ധതിയിൽ 5039 പേർക്കാണ് ഇതുവരെ നൽകാനായത്. 14,000 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ നൽകണമെന്ന വ്യവസ്ഥ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് കൃത്യമായ പട്ടിക ലഭിക്കുന്ന മുറയ്ക്ക് പൂർത്തിയാക്കും. നേരിട്ട് അപേക്ഷിക്കാവുന്ന പദ്ധതി വരുന്നുണ്ട്.
? സാമ്പത്തിക വിജയത്തിലേക്ക് ഇനി എത്ര ദൂരമുണ്ട്.
ഇപ്പോഴും കെ- ഫോണിന്റെ നടത്തിപ്പു ചെലവ് തനത് വരുമാനത്തിൽ നിന്നു തന്നെയാണ്. ലക്ഷ്യങ്ങൾ നിറവേറ്റുകയും സർക്കാരിന് ലാഭവിഹിതം നൽകുകയും വികസനത്തിന് തുക കണ്ടെത്തുകയും ചെയ്യുമ്പോഴാണ് കെ- ഫോൺ സാമ്പത്തികമായി വിജയിച്ചു എന്ന് പറയാനാവുക. അതിനുള്ള സാഹചര്യത്തിലേക്കാണ് കെ- ഫോൺ എത്തുന്നതെന്ന് നിസംശയം പറയാം.
? ഫൈബർ ഇന്റർനെറ്റിൽ കെ- ഫോണിന് മത്സരമുണ്ടോ.
എയർടെൽ, റെയിൽടെൽ, ബി.എസ്.എൻ.എൽ, ജിയോ എന്നിവയാണ് സംസ്ഥാനത്തെ ഫൈബർ ഇന്റർനെറ്റ് ദാതാക്കൾ. അവരിലേക്കാണ് കെ- ഫോൺ കയറുന്നത്. സംസ്ഥാനത്ത് ഫൈബർ ലെംഗ്തിന്റെ കാര്യത്തിൽ കെ-ഫോണാണ് മുന്നിൽ- 30,000 കി.മീറ്റർ. എയർടെല്ലിന് 8000 കിലോമീറ്ററേയുള്ളു. മറ്റുള്ളവർക്കെല്ലാം കൂടി 15,000കിലോമീറ്ററുണ്ട്. ഫൈബർ ദൈർഘ്യം അധികമുള്ളതുകൊണ്ട് വികസന സാദ്ധ്യത ഏറെയാണ്.
? പിന്നെ എന്തുകൊണ്ട് കൂടുതൽ കണക്ഷൻ നൽകുന്നില്ല
13 ലക്ഷം കണക്ഷൻവരെ കൊടുക്കാൻ കെ- ഫോണിന് ശേഷിയുണ്ട്. 3500 കേബിൾ ടിവി ഓപ്പറേറ്റർമാരുണ്ട്. എൽ.എൽ.ബികളുണ്ട്. അവരുമായി എം.ഒ.യു ഒപ്പുവെച്ചിട്ടുണ്ട്. 2800 പേർക്ക് ലിങ്കും കൊടുത്തിട്ടുണ്ട്. 300 രൂപയാണ് ഒരു കണക്ഷനിലെ വരുമാനം. ഇതിൽ 24 രൂപ കേന്ദ്ര സർക്കാരിനു പോകും. ബാക്കി തുകയുടെ 50 ശതമാനം കേബിൾ ടിവിക്കാർക്ക് കമ്മിഷൻനൽകും. എന്നാൽ മറ്റു കമ്പനികൾ 60 ശതമാനംവരെ നൽകും. അത്രയും കെ- ഫോണിന് നൽകാനാവില്ല. അതുകൊണ്ട് കണക്ഷൻ കിട്ടാൻ പ്രയാസമുണ്ട്.
? ഈ പ്രതിസന്ധി മറികടക്കാൻ...
സ്റ്റാർട്ടപ്പ് പോലെയാണ് കെ-ഫോൺ. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രശ്നമുണ്ട്. ഇതു മറികടക്കാൻ അഞ്ചു നിർദ്ദേശങ്ങൾ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഐ.പി.ഒ അനുവദിക്കുകയോ, സ്റ്റാർട്ടപ്പ് ആയി കണക്കാക്കി പുറമെ നിന്ന് ഫണ്ട് കൊണ്ടുവരാൻ അനുവദിക്കുകയോ ചെയ്യുക, 20 ശതമാനം സ്വകാര്യവൽക്കരണം അനുവദിക്കുക,കിഫ്ബിയിൽ നിന്ന് 25 കോടി റിവോൾവിംഗ് ഫണ്ട്, ഇന്ത്യൻ ബാങ്കിൽ നിന്ന് 25 കോടി ഓവർഡ്രാഫ്റ്റ്... ഇതൊക്കെയാണ് നിർദ്ദേശങ്ങൾ. അതിൽ ഓവർഡ്രാഫ്റ്റിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആ തുക ഉടനെ ഉടൻ കിട്ടും. അതിന്റെ വികസന പദ്ധതികളാണ് നടത്താൻ പോകുന്നത്.
? ജനപിന്തുണ കിട്ടുന്നുണ്ടോ.
വളരെ വലിയ നെറ്റ്വർക്കുള്ള സംവിധാനമാണ് കെ- ഫോൺ. എസ്.എൽ.ഇ കട്ടായാൽ നാലുമിനിറ്റിനകം പുനർകണക്ഷൻ നൽകിയിരിക്കും. എന്നിട്ടും ജനങ്ങൾ വിശ്വസിക്കുന്നില്ല. സർക്കാർ സ്ഥാപനമല്ലേ; കാര്യക്ഷമത കണക്കായിരിക്കും എന്നാണ് ചിന്താഗതി. ഈ മന:സ്ഥിതി മാറണം. നിലവിലെ ഉപഭോക്താക്കളെല്ലാം സംതൃപ്തരാണെന്നാണ് കിട്ടുന്ന ഫീഡ് ബാക്ക്.
? സർക്കാർ പിന്തുണ എങ്ങനെ.
'കട്ട സപ്പോർട്ടാ"ണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. ഏതു സയത്ത് എന്തു പ്രശ്നം ചെന്നുപറഞ്ഞാലും ഉടൻ ഇടപെടും. വേണ്ടപ്പോഴെല്ലാം സഹായങ്ങൾ മടിയില്ലാതെ നൽകും. ഇത് എങ്ങനെയും വിജയിപ്പിച്ചെടുക്കണമെന്നും ജനങ്ങൾക്ക് പ്രയോജനപ്പെടണമെന്നും കേരളം രാജ്യത്തിനു മാതൃകയാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതനുസരിച്ച് പ്രവർത്തിക്കുന്നുമുണ്ട്.
പക്ഷേ, സർക്കാർ സംവിധാനത്തിലെ പിന്തുണ അങ്ങനെയല്ല. കെ- ഫോൺ പ്രൈമറി കണക്ഷൻ ആക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും പലരുംഅനുസരിക്കുന്നില്ല. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ സമീപിച്ചാൽ, ബി.എസ്. എൻ.എൽ മതിയെന്ന് കേന്ദ്ര ഉത്തരവുണ്ടെന്ന് പറയും. സംസ്ഥാനത്ത് അത്തരമൊരു പ്രതിബദ്ധത ഓഫീസുകൾ കാണിക്കുന്നില്ല. എന്തിനാണ് ഈ വിവേചനമെന്ന് മനസിലാകുന്നില്ല. നിയമസഭയിലേക്ക് മികച്ച നെറ്റ്വർക്കാണ് നൽകിയിട്ടുള്ളത്. സെക്രട്ടേറിയറ്റിലും കെ- ഫോണാണ്. സംസ്ഥാനത്ത് 23,000 ഓഫീസുകളിൽ കെ- ഫോണുണ്ടെങ്കിലും പലരും ബില്ലടയ്ക്കുന്നില്ല. 30 കോടിയോളം രൂപ കുടിശികയുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ കണകഷൻ എടുക്കുന്നില്ല. സർക്കാർ പറഞ്ഞതനുസരിച്ച് എല്ലാ സർക്കാർ ഓഫീസുകളിലും മുൻകൂട്ടി ഫൈബർ കൊടുത്തിട്ടും പലരും താത്പര്യം കാണിക്കുന്നില്ല.
? ഭാവി വികസനം.
കൂടുതൽ ജീവനക്കാരെ നിയമിച്ച് കൂടുതൽ വിപണി കയ്യടക്കും. മാർച്ച് 31നകം മൊത്തം കണക്ഷൻ ഒരുലക്ഷം കവിയും. വർഷാവസാനത്തോടെ അത് മൂന്നുലക്ഷത്തിലേക്ക് എത്തിക്കും. ബ്രാൻഡ് അംബാസിഡറെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 'കണക്റ്റിംഗ് ദ അൺകണക്റ്റഡ്" എന്ന പേരിൽ ആദിവാസി കുടുംബങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ പദ്ധതി തുടങ്ങി. വിദൂര സ്ഥലങ്ങളിൽപ്പോലും മികച്ച സേവനം നൽകാനാകുമെങ്കിൽ നഗരങ്ങളിൽ എത്രയധികം മികച്ച നെറ്റ് സേവനമാണ് നൽകുന്നതെന്ന് പ്രയോഗത്തിൽ കാണിച്ചുകൊടുക്കുകയാണ് കെ- ഫോൺ. അതിന്റെ നേട്ടം വൈകാതെയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |