
ഡോ. സുജിത് കുമാർ
ഡ്രഗ്സ് കൺട്രോളർ, കേരളം
ഭക്ഷ്യസുരക്ഷ പോലെ പ്രധാനമാണ് ഔഷധസുരക്ഷ. മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും നമ്മുടെ നിത്യജീവിത്തിന്റെ ഭാഗമാണ്. രാജ്യത്ത് ഏറ്റവും അധികം മരുന്നുകൾ വിൽക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. സ്വയംചികിത്സ കൊണ്ടുള്ള അപകടങ്ങൾ വേറെ. വേണ്ടുന്നതിനെക്കാളേറെ, വേണ്ടാത്തതിനു കൂടി മരുന്നുകൾ വിഴുങ്ങുന്ന നമ്മൾ,ആ മരുന്നുകളുടെയോ സൗന്ദര്യവർദ്ധക ലേപനങ്ങളുടെയോ ഗുണനിലവാരത്തെക്കുറിച്ചോ പാർശ്വഫലങ്ങളെക്കുറിച്ചോ ചിന്തിക്കുന്നുണ്ടോ? ഗുണനിലവാരത്തിലുള്ള ചെറിയ വിട്ടുവീഴ്ചയ്ക്കും അശ്രദ്ധയ്ക്കും പോലും വലിയ വില നൽകേണ്ടിവരും. കേരളത്തിൽ മരുന്നുകളുടെ ഗുണനിലവാര നിഷ്കർഷാ ദൗത്യം ഏറ്റെടുത്ത് വിവിധ കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. വകുപ്പിന് ചുക്കാൻ പിടിക്കുന്ന ഡ്രഗ്‌സ് കൺട്രോളർ ഡോ. സുജിത് കുമാർ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻെറ പ്രധാന ദൗത്യങ്ങൾ.
ആന്റിമൈക്രോബിയൽ പ്രതിരോധം തടയുന്നതിനാണ് ഇപ്പോൾ പ്രത്യേക ശ്രദ്ധ. ഇപ്പോൾ ആരോഗ്യമേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. ബാക്ടീരിയ, വൈറസുകൾ, ഫംഗസ്, പരാന്നഭോജികൾ തുടങ്ങിയ സൂക്ഷ്മാണുക്കൾ ഉണ്ടാക്കുന്ന അണുബാധകൾ ഭേദമാക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഫലപ്രദമല്ലാത്ത രീതിയിൽ മാറുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയുള്ള ആന്റിബയോട്ടിക് വിൽപ്പന തടയുന്നതിന് 'ഓപ്പറേഷൻ അമൃത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത്" എന്ന പുതിയ പദ്ധതിക്ക് ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടക്കമിട്ടുകഴിഞ്ഞു.
? ഈ വിഷയത്തിൽ ജനങ്ങളുടെ അവബോധവും ഇടപെടലും എത്രത്തോളമുണ്ട്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക്കുകളുടെ വിൽപ്പന തടയുന്നതിന്, എല്ലാ മെഡിക്കൽ സ്റ്രോറുകൾക്കും ആന്റിബയോട്ടിക്കുകളുടെ വിൽപ്പനയ്ക്കായി മാത്രം നീല നിറത്തിലുള്ള കവറുകൾ വിതരണം ചെയ്തിട്ടുണ്ട്. തങ്ങൾ കഴിക്കുന്ന മരുന്ന് ആന്റിബയോട്ടിക്കാണ് എന്ന അവബോധവും പ്രാധാന്യവും പൊതുജനങ്ങൾക്കിടയിൽ ഉളവാക്കുന്നതിനു കൂടിയാണിത്.
ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറിൽ (1800 4253 182) പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കാൻ സംവിധാനമുണ്ട്. പരാതികൾ ഗൂഗിൾ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി ഇന്റലിജൻസ് ബ്രാഞ്ചിലെ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർക്ക് കൈമാറുകയും ചെയ്യും. പിന്നീട് ഈ പരാതി അന്വേഷണത്തിനായി റീജിയണൽ ഓഫീസുകളിലെ ഡ്രഗ്‌സ് ഇൻസ്പെക്ടർക്ക് കൈമാറുകയും, റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഡ്രഗ്‌സ് കൺട്രോളർ വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്യും. പ്രിസ്ക്രിപ്ഷൻ ഇല്ലാതെയുള്ള ആന്റിബയോട്ടിക് വിൽപ്പന കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി മെഡിക്കൽ സ്റ്റോറികളിൽ റെയ്ഡുകൾ നടത്തുന്നുണ്ട്. ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ 300 കോടിയോളം രൂപയുടെ കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്.
? മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതാണോ ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരായ പ്രവർത്തനം.
അല്ല, വെറ്ററിനറി മേഖലയിൽ വെറ്ററിനറി ഫീഡുകളിലും ഫുഡ് സപ്ലിമെന്റുകളിലും ആന്റിമൈക്രോബിയൽ മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തടയുന്നതിന്റെ ഭാഗമായി വകുപ്പ് നടപ്പാക്കിയ പ്രതിരോധ പ്രവർത്തനമാണ് ഓപ്പറേഷൻ വെറ്റ്ബയോട്ടിക്. ഫാമുകളിലും അനിമൽ ഫീഡ് വിതരണത്തിലും ഷെഡ്യൂൾ എച്ച് എച്ച് 1 വിഭാഗത്തിൽ ഉൾപ്പെടുന്ന ആന്റിബയോട്ടിക്കുകൾ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തുടനീളം പെറ്റ് ഷോപ്പുകൾ, ഫാമുകൾ, വെറ്ററിനറി മരുന്നുകൾ വിൽക്കുന്ന മെഡിക്കൽ ഷോപ്പുകൾ തുടങ്ങി 73-ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ഉല്പന്നങ്ങൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഉല്പന്നങ്ങളുടെ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ ആന്റിബയോട്ടിക്കുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
? വ്യാജന്മാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ.
ജി.എസ്.ടി വന്നതിനു ശേഷം, കമ്പനി ഡിപ്പോകളിൽ നിന്നല്ലാതെ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് മരുന്നുകൾ വാങ്ങുന്നതിന് സാഹചര്യമുണ്ടായിരുന്നു. ഇത് വ്യാജ മരുന്നുകളുടെ വില്പനയ്ക്കും വഴിയൊരുക്കി. മരുന്നു സാമ്പിളുകളുടെ പരിശോധനയിൽ വ്യാജ മരുന്നുകളുടെ ചില കേസുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വിൽപ്പനയ്ക്ക് എത്തിക്കുന്ന ആന്റിബയോട്ടിക് ഉൾപ്പടെ മരുന്നുകളുടെ സംഭരണ ഉറവിടം കണ്ടെത്തുന്നതിന് 'ഓപ്പറേഷൻ ഡബിൾചെക്ക്" എന്ന പദ്ധതി നടപ്പാക്കിവരുന്നു. ഇതിനു കീഴിൽ ഓരോ മെഡിക്കൽ സ്റ്റോറിൽ നിന്നും റാൻഡം ആയി അഞ്ചിൽ കുറയാത്ത മരുന്നു സാമ്പിളുകൾ ശേഖരിക്കുകയും നിർമ്മാതാക്കളുടെ ഉൾപ്പെടെ വിവരങ്ങൾ അറിയുന്നതിന് പർച്ചേസ് രേഖകൾ ശേഖരിക്കുകയും ചെയ്യുന്നു. ശരിയായ ബാച്ച് നമ്പർ, കലഹരണ തീയതി എന്നിവയോടു കൂടിയ പർച്ചേസ് ബിൽ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായാൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.
? പഴയ മരുന്നുകൾ വലിച്ചെറിയുന്നതും തടയേണ്ടതല്ലേ.
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലും ജലാശയങ്ങളിലും ഉപേക്ഷിക്കുന്നത് ആന്റിമൈക്രോബിയൽ പ്രതിരോധത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. മരുന്നുകളുടെ അശാസ്ത്രീയ നിർമ്മാർജ്ജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നതായി പഠനങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ മരുന്നുകൾ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യുവാനും പൊതുജനങ്ങളെ ബോധവത്കരിക്കുവാനും പ്രത്യേക പദ്ധതിയുണ്ട്. 'പ്രൗഡ്" എന്ന പേരിലുള്ള ഈ പദ്ധതിയനുസരിച്ച്, ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ പൊതുജനങ്ങളിൽ നിന്നു ശേഖരിച്ച്, ശാസ്ത്രീയമായി സംസ്‌കരിക്കുന്നു. ഔഷധ വ്യാപാരികളുടെ സംഘടനയുമായി ചേർന്ന് 2019-ൽ തുടങ്ങിയതാണ് ഈ പദ്ധതി.
തിരുവനന്തപുരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കിയത്. ഉപയോഗശൂന്യമായ മരുന്നുകൾ, ജില്ലയിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ ഇതിനായി പ്രത്യേകം വച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സുകൾ വഴി ശേഖരിക്കുന്നു. ഇവ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അംഗീകാരത്തോടെ മംഗലാപുരത്ത് പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വഴി ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ഇതിലൂടെ 5.5 ടണ്ണോളം പഴകിയ മരുന്നുകൾ സംസ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ വിജയത്തെ തുടർന്ന്, സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കുന്നതിന് ഇപ്പോൾ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ തന്നെ 'എൻ പ്രൗഡ്" എന്ന പദ്ധതിയുണ്ട്. ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ഇത്തരം സംവിധാനം ആദ്യമാണ്.
? സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിലവാരം ഉറപ്പാക്കാനാകുന്നുണ്ടോ.
വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ കണ്ടെത്തുന്നതിന് ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തുകയും അത്തരം ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ശേഖരിച്ച ലിപ്സ്റ്റിക്, ഫെയ്‌സ് ക്രീം സാമ്പിളുകളുടെ പരിശോധനയിൽ, അനുവദനീയമായതിൽ കൂടുതൽ മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത്തരം ഉത്പന്നങ്ങളിൽ പലതും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവയാണ്. ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. പരാതിയുള്ളവർക്ക് ടോൾ ഫ്രീ നമ്പരിൽ (180 04 25 31 82) വിളിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |