
കന്നുകാലി വളർത്തൽ ആദായകരമാക്കുന്നതിനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ലഭ്യമാകുന്നതിനും നിരവധി പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് നടപ്പാക്കി വരുന്നതെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന വകുപ്പിന്റെ വരുംകാല പദ്ധതികളെക്കുറിച്ച് ശാലിനി ഗോപിനാഥ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു:
? ക്ഷീര വികസന വകുപ്പിന്റെ പ്രധാന പദ്ധതികൾ.
കന്നുകാലി കർഷകർക്ക് സാമ്പത്തികമായും സാങ്കേതികമായുമുള്ള സഹായങ്ങൾ നൽകി പാൽ ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തതമാക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കൾക്ക് ശുദ്ധമായ പാലിനെക്കുറിച്ച് അവബോധം നൽകുക, ലഭിക്കുന്ന പാൽ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കുക, ഫുഡ് സേഫ്ടി സ്റ്റാൻഡേർഡ് പ്രകാരം ഗുണമേന്മയുള്ള പാൽ തിരഞ്ഞെടുക്കാൻ ക്ഷീര സംഘങ്ങളെ പ്രാപ്തരാക്കുക... തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനം. ക്ഷീരകർഷകർക്ക് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡ് രാജ്യത്ത് ആദ്യത്തേതാണ്.
?പാലിന്റെ കാര്യത്തിൽ സ്വയംപര്യാപ്തി ലക്ഷ്യം സാദ്ധ്യമാക്കാൻ...
വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ഇക്കാര്യത്തിൽ അതീവ താത്പര്യമാണ് കാണിക്കുന്നത്. ഫണ്ട് വകയിരുത്തുന്നതിന് പ്ലാനിംഗ് ബോർഡിൽ അടക്കം ശക്തമായ ഇടപെടൽ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. കഴിഞ്ഞവർഷം കടുത്ത ചൂടും വരൾച്ചയും കാരണം ജല ലഭ്യത കുറഞ്ഞപ്പോൾ പാൽ ഉത്പാദനത്തിൽ വലിയ കുറവുണ്ടായി. ഉത്പാദനം കൂട്ടാൻ പശുക്കളെ വാങ്ങി നൽകുന്ന മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം വകുപ്പിന്റെ പ്രധാന ഹ്രസ്വകാല പദ്ധതിയാണ്.
? പാൽ ഉത്പാദന ചെലവ് കൂടുതലാണല്ലോ...
പുല്ലും വൈക്കോലുമെല്ലാം അന്യസംസ്ഥാനത്തു നിന്ന് കൊണ്ടുവരേണ്ടതുണ്ട്. നമുക്ക് ആവശ്യമുള്ള തീറ്റപ്പുല്ല് ഉൾപ്പെടെ പുറത്തുനിന്ന് കൊണ്ടുവരുമ്പോൾ ഉത്പാദനച്ചെലവ് വല്ലാതെ കൂടുന്നു. തീറ്റപ്പുല്ലും വൈക്കോലും സപ്ലിമെന്റുകളും സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ വഴി, ലിറ്ററിന് മൂന്നു രൂപ വരെ സബ്സിഡി നൽകുന്നു.
? പുതിയ പദ്ധതികൾ.
നിലവിൽ നമ്മുടെ പ്രതിശീർഷ പാൽ ലഭ്യത 196 ഗ്രാം ആണ്. ഇത് 250 ഗ്രാം ആയെങ്കിലും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിദിനം 16 ലക്ഷം ലിറ്ററിന്റെ കുറവുണ്ടെന്നതാണ് ഏകദേശ കണക്ക്. ചെലവ് കുറയ്ക്കുന്നതിനായി പരമാവധി സ്ഥലങ്ങളിലേക്ക് തീറ്റപ്പുൽ ഉത്പാദനം വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. പാൽ വില്പന മാത്രമല്ല, പാലിനെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയും കർഷകർക്ക് അധിക വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതികൾ ആലോചിക്കുന്നു.
? കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടാൻ എന്തു ചെയ്യാനാകും.
കൊഴുപ്പും കൊഴുപ്പ് ഇതര ഖരപദാർത്ഥങ്ങളും അടിസ്ഥാനമാക്കിയുള്ള വിലനിർണയത്തിനു പുറമേ, മൈക്രോ ബയോളജിക്കൽ ക്വാളിറ്റി മെച്ചപ്പെടുത്തുന്ന പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ട്. ഉപഭോക്താവിന് കൂടുതൽ ഗുണമേന്മയുള്ളതും, കർഷകന് മെച്ചപ്പെട്ട വില ലഭിക്കുന്നതുമായ പ്രീമിയം മിൽക്ക് ഉത്പാദനത്തിന് പൈലറ്റ് പദ്ധതി നടപ്പാക്കണം. ഈ മേഖലയിൽ കൂടുതൽ യന്ത്രവൽക്കരണവും ആധുനികവൽക്കരണവും വരേണ്ടതുണ്ട്. ധനസഹായ പദ്ധതികൾ പൂർണമായി ഒഴിവാക്കി, ബാങ്ക് വായ്പകൾക്ക് പലിശ മുഴുവനായി നൽകുന്ന പദ്ധതിയും ആലോചിക്കേണ്ടതുണ്ട്.
? പുതിയ ചെറുപ്പക്കാർ ക്ഷീരോത്പാദന മേഖലയിലേക്ക് വരുന്നുണ്ടോ.
അങ്ങനെയുള്ളവരുടെ എണ്ണം കൂടുന്നതായി പറയാനാവില്ല. അതേസമയം, വലിയ ശമ്പളമുള്ള ഐ.ടി ജോലി ഉപേക്ഷിച്ചു പോലും ഈ മേഖലയിലേക്കു വരുന്ന ധാരാളം പേരുണ്ട്.
? ക്ഷീരഗ്രാമം പദ്ധതിയെക്കുറിച്ച്.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്, 25 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് വഴിയും 25 ലക്ഷം രൂപയുടെ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിലും നടത്തുന്നതാണ് ക്ഷീരഗ്രാമം പദ്ധതി. പത്തുലക്ഷം രൂപയെങ്കിലും ഇതിനു വകയിരുത്താൻ താത്പര്യമുള്ള പഞ്ചായത്തുകളെയാണ് സ്കീമിൽ ഉൾപ്പെടുത്തുന്നത്.
? ക്ഷീരശ്രീ പോർട്ടൽ.
കർഷകർക്കു ലഭിക്കേണ്ട ധനസഹായ പദ്ധതികൾക്കെല്ലാം ഈ പോർട്ടൽ വഴി അപേക്ഷിക്കാം. ഗുണഭോക്താളുടെ തിരഞ്ഞെടുപ്പ് സുതാര്യമായി സോഫ്റ്റ്‌വെയർ വഴിയാണ് ചെയ്യുന്നത്. അക്കൗണ്ടിൽ ധനസഹായമെത്തും. പോർട്ടലിനെ ക്ഷീര സംഘങ്ങളുടെ സമ്പൂർണ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ആയി പരിഷ്കരിച്ചു വരികയാണ്.
? സംസ്ഥാനത്ത് പാൽപ്പൊടി ഫാക്ടറിയുടെ ആവശ്യകത എന്തായിരുന്നു.
ഡയറി ഇൻഡസ്ട്രി സ്റ്റെബിലൈസ് ചെയ്യാൻ ഒരു പാൽപ്പൊടി ഫാക്ടറിയുടെ ആവശ്യകതയുണ്ട്. സ്റ്റാൻഡേർഡൈസേഷൻ അനുസരിച്ച് ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ചില സന്ദർഭങ്ങളിൽ പാൽപ്പൊടി ചേർക്കേണ്ടിവരും. അതിനു വേണ്ടുന്ന പാൽപ്പൊടി അന്യസംസ്ഥാനത്തു നിന്ന് വാങ്ങുകയാണ് ചെയ്തിരുന്നത്. കൊവിഡ് കാലത്ത് പാൽ ലഭ്യത കൂടുതലായിരുന്നപ്പോൾ നമ്മൾ അന്യസംസ്ഥാനത്തേക്ക് പാൽ കൊണ്ടുപോയാണ് പാൽപ്പൊടിയാക്കി തിരികെ കൊണ്ടുവന്നത്. മലപ്പുറത്തെ മൂർക്കനാട്ട് കഴിഞ്ഞ ഡിസംബറിലാണ് മിൽമയുടെ പാൽപ്പൊടി ഫാക്ടറി തുടങ്ങിയത്. 50 മെട്രിക് ടൺ പ്രതിദിന ഉത്പാദന ശേഷി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |