
അഴുക്കുചാലുകൾ വൃത്തിയാക്കാൻ സ്വജീവൻ പണയം വച്ച് മനുഷ്യർ ഇറങ്ങുക എന്നതല്ലാതെ, ശുചീകരണത്തിന് മറ്റൊരു ഉപാധിയിലാതെ നിസഹായരായിട്ടുണ്ട് മുമ്പ് ഭരണകൂടങ്ങൾ പോലും. ഈ ദുരവസ്ഥ മറികടക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, രാജ്യത്ത് ആദ്യമായി മാൻഹോളുകൾ വൃത്തിയാക്കുന്ന റോബോട്ടായ 'ബാൻഡികൂട്ട്" നിർമ്മിച്ച കമ്പനിയാണ് ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസ്. 'പത്തുവർഷത്തിനകം എല്ലാ വീട്ടിലും ഒരു റോബോട്ടെങ്കിലും കാണും! വലിയൊരു സാമൂഹിക വിപ്ലവമായിരിക്കും അത്."- തിരുവനന്തപുരത്ത്, ടെക്നോർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻറോബോട്ടിക്സിന്റെ സി.ഇ.ഒ വിമൽ ഗോവിന്ദ് പറയുന്നു. 'കേരളകൗമുദി"യുമായുള്ള സംഭാഷണത്തിൽ നിന്ന്:
? റോബോട്ടിക്സ് യാത്രയുടെ തുടക്കം.
പാലക്കാട് തൃത്താല ആനക്കരയിലെ ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. പട്ടാളത്തിലായിരുന്ന അച്ഛനെ നാട്ടുകാരെല്ലാം ബഹുമാനിക്കുന്നതു കണ്ടപ്പോൾ അതേ ബഹുമാനം എനിക്കും കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ടെക്നിക്കൽ സ്കൂളിലായിരുന്നു പഠനം. കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് ചേർന്നപ്പോഴും മിലിട്ടറി തന്നെയായിരുന്നു മനസിൽ. ചെറുപ്പംതൊട്ടേ ടെക്നോളജിയിൽ വല്ലാത്ത താത്പര്യമായിരുന്നു. പഠനത്തിനിടയിൽ കോളേജിലെ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനായി സുഹൃത്തുക്കൾക്കൊപ്പം ഒരു കോൺട്രാപ്ഷൻ മെഷീൻ നിർമ്മിച്ചു. അതായിരുന്നു ജീവിതത്തിൽ ആദ്യമായി രൂപകല്പന ചെയ്ത സാങ്കേതിക സംവിധാനം.
ഒരു ബട്ടൺ അമർത്തുമ്പോൾ അസോസിയേഷന്റെ പേരിന്റെ ഓരോ അക്ഷരമായി പൊങ്ങിവരുന്ന ആ സംവിധാനം കോളേജിൽ ഞങ്ങളെ സ്റ്രാറാക്കി. ടെക്ക്ഫെസ്റ്റിനു വേണ്ടി, 'അയൺമാനു" സമാനമായി 14 അടി ഉയരമുള്ള എക്സോസ്കെലിട്ടൺ നിർമ്മിച്ചു. ഇതിനിടയിൽ റിസർച്ച് പേപ്പർ എഴുതി. അമേരിക്കൻ സൊസൈറ്റി ഫോർ റിസർച്ച് അംഗീകരിച്ചതോടെ അൽ-ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തു. പരിമിതമായ സൗകര്യങ്ങളുള്ള കൊച്ചുഗ്രാമത്തിൽ നിന്ന് വലിയ ആകാശങ്ങൾ തേടിയുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.
? ജെൻറോബോട്ടിക്സ് എന്ന സ്വപ്നം.
യൂണിവേഴ്സിറ്റി തലത്തിൽ റാങ്ക് ജേതാവായാണ് 2016-ൽ പഠനം പൂർത്തിയാക്കിയത്. മൂന്നുമാസത്തോളം ഒരു കമ്പനിയിൽ ജോലി ചെയ്തു. പുതുതായി അവിടെ ഒന്നും ചെയ്യാനില്ലെന്ന തോന്നലിൽ നിന്നാണ് സ്റ്റാർട്ടപ്പ് എന്ന സ്വപ്നം നാമ്പിടുന്നത്. മറ്റു ചില കമ്പനികളിൽ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളും ഞാനും രാജിവച്ച് സ്വന്തം കമ്പനി തുടങ്ങാൻ പദ്ധതിയിട്ടു. ഇതിനിടയലാണ് കോഴിക്കോട്ട് മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളും അവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ നൗഷാദും മരണമടഞ്ഞത്. അത് വല്ലാതെ വേദനിപ്പിച്ചു.
സാമൂഹികമായി ഇത്രയും പുരോഗമിച്ച കേരളത്തിലും അഴുക്കുചാലുകൾ വൃത്തിയാക്കാൻ മനുഷ്യർ തന്നെ ഇറങ്ങേണ്ടിവരുന്നത് പരിതാപകരമാണല്ലോ എന്നു തോന്നി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും തോന്നി. അങ്ങനെയാണ് മാൻഹോളുകൾ വൃത്തിയാക്കുന്ന റോബോട്ടായ 'ബാൻഡികൂട്ടി"ന്റെ ജനനം. 2017-ൽ കളമശേരിയിൽ കമ്പനി ആരംഭിച്ചു. 2018-ൽ 'ബാൻഡികൂട്ടി"ന്റെ നിർമ്മാണം പൂർത്തിയായി.
? 'ബാൻഡികൂട്ടി"ന്റെ എത്ര വേർഷനുകൾ വിപണയിലെത്തി.
ബാൻഡികൂട്ട് മിനി, ബാൻഡികൂട്ട് 2.0, ബാൻഡികൂട്ട് മൊബിലിറ്റി പ്ലസ് എന്നിങ്ങനെ മൂന്നു സീരീസ് ആണ് നിലവിലുള്ളത്. ഏറ്റവും പുതിയ മോഡലായ 'ബാൻഡികൂട്ട് 3.0" ഈ വർഷം ലോഞ്ച് ചെയ്യും. മാലിന്യം ശേഖരിക്കാനും അത് പ്രോസസ് ചെയ്യാനുമുള്ള സൗകര്യം അതിലുണ്ടാകും. നിലവിൽ 19 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും 'ബാൻഡികൂട്ട്" ഉപയോഗിക്കുന്നുണ്ട്. മാൻഹോളിനു പുറത്തുനിന്ന് സ്വിച്ച് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും മാത്രമേ മനുഷ്യന്റെ സഹായം ആവശ്യമുള്ളൂ.
? തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി വീണപ്പോൾ നിർണായകമായ രക്ഷാപ്രവർത്തനത്തിന് റോബോട്ടും ഇറങ്ങിയല്ലോ.
'ബാൻഡികൂട്ട്" രൂപകല്പന ചെയ്തിട്ടുള്ളത് മാൻഹോളുകൾ വൃത്തിയാക്കാൻ മാത്രമാണ്. അതുകൊണ്ട് ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാദൗത്യം ഒരു വെല്ലുവിളിയായിരുന്നു. കുമിഞ്ഞുകൂടിയ മാലിന്യം നീക്കുന്ന ദുഷ്കരമായ ദൗത്യത്തിന് ആദ്യം 'ബാൻഡികൂട്ടി"നെ ഉപയോഗിച്ചു. ഫയർഫോഴ്സിന് ഉള്ളിലിറങ്ങി പരിശോധിക്കാൻ ഇത് വഴിയൊരുക്കി. തുടർന്ന് തൊഴിലാളിയെ കാണാതായ സ്ഥലത്തെ തിരച്ചിലിന് ജെൻറോബോട്ടിക്സിന്റെ തന്നെ 'ഡ്രാക്കോ" എന്ന റോബോട്ടിനെ ഉപയോഗിക്കുകയായിരുന്നു. 'ഡ്രാക്കോ"യെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റിഫൈനറികളിൽ പരീക്ഷണാർത്ഥം ഉപയോഗിക്കുന്നുണ്ട്. നിർമ്മിത ബുദ്ധിയിലാണ് (എ.ഐ) പ്രവർത്തിക്കുന്നത്. ചെളി നീക്കുന്നതിനും തിരച്ചിലിനും ഉപയോഗിക്കാം. ഒന്നരവർഷം മുമ്പ് കിൻഫ്രയിലാണ് 'ഡ്രാക്കോ"യുടെ യന്ത്രഭാഗങ്ങൾ വികസിപ്പിച്ചത്.
? തിരുവനന്തപുരം വിമാനത്താവളത്തിലും ശുചീകരണത്തിന് റോബോട്ടിനെ നല്കിയല്ലോ.
രാജ്യത്ത് ആദ്യമായി റോബോട്ടുകളെ ഉപയോഗിച്ച് ശുചീകരണം നടത്തുന്നത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്. പ്ലാസ്റ്റിക്കും മാലിന്യവും കുമിഞ്ഞുകൂടിയ മഴവെള്ള ചാലുകൾ വൃത്തിയാക്കാൻ ജെൻറോബോട്ടിക്സിന്റെ 'വിൽബോർ" എന്ന റോബോട്ട് ഉപയോഗിക്കുന്നുണ്ട്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ച സാഹചര്യത്തിലാണ് എയർപോർട്ടിന്റെ നടത്തിപ്പുചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പ്, റോബോട്ടിനെ ഉപയോഗിക്കാൻ സന്നദ്ധരായത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെ.എസ്.ഐ.ഡി.സി) ഒരുവർഷമെടുത്തായിരുന്നു നിർമ്മാണം.
? സ്വകാര്യവ്യക്തികൾക്ക് റോബോട്ടുകളെ വാങ്ങാനാവുമോ.
പല സംസ്ഥാനങ്ങളിലും സ്വകാര്യ കരാറുകാരാണ് വാങ്ങുന്നത്. കേരളത്തിൽ സീവറേജ് സിസ്റ്റം നെറ്റ്‌വർക്ക് അത്രയില്ലാത്തതിനാൽ സർക്കാർ തന്നെയാണ് ഉപഭോക്താക്കൾ. രാജ്യത്ത് ആദ്യമായി മാൻഹോൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനവും കേരളമാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ്. റോബോട്ട് വാങ്ങാതെ തന്നെ, മാൻഹോൾ വൃത്തിയാക്കുന്ന സേവനവും നൽകാറുണ്ട്. റോബോട്ട് പ്രവർത്തിപ്പിക്കാൻ പരിശീലനവും നൽകും. പൂർണമായും ഓട്ടോമേറ്രഡ് സിസ്റ്റം ആയതിനാൽ എത്ര മാൻഹോൾ വൃത്തിയാക്കി എന്നതടക്കം വിവരങ്ങൾ അറിയാനും കഴിയും.
? മെഡിക്കൽ രംഗത്ത്...
പക്ഷാഘാതം, സ്പൈനൽകോർഡ് ഇൻജുറി, പാർക്കിൻസൺസ് എന്നിവ കാരണം ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാൻ പരിശീലിപ്പിക്കുന്ന റോബോട്ടാണ് 'ജി- ഗെയിറ്റർ." ഈ റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി തിരുവനന്തപുരം ജനറൽ ആശുപത്രിയാണ്. സംസ്ഥാനത്തെ മറ്റ് പ്രമുഖ ആശുപത്രികളിലും ഉപയോഗിക്കുന്നുണ്ട്. നമ്മുടെ കാലുമായി ഇത് ഘടിപ്പിക്കാം. ചിലർക്ക് രണ്ടുകാലുകൾക്കും ബുദ്ധിമുട്ടുണ്ടാവും. ചിലർക്ക് സന്ധികളിൽ മാത്രമാകും പ്രശ്നം. റോബോട്ടിലെ സെൻസറുകൾ ഓരോരുത്തർക്കും ആവശ്യമുള്ള പുനരധിവാസം സാദ്ധ്യമാക്കും. ഗെയിമിഫിക്കേഷൻ, വി.ആർ (വെർച്വൽ റിയാലിറ്റി) എന്നീ സൗകര്യങ്ങൾ ഉള്ളതിനാൽ ചെറിയ ഗെയിമുകളിലൂടെയും നടന്നു പഠിക്കാം.
? സാങ്കേതികവിദ്യ സാമൂഹിക പരിവർത്തനത്തിനു വേണ്ടിയാകണം എന്നു തോന്നുന്നുണ്ടോ.
പല കമ്പനികളും ലാഭം കിട്ടിത്തുടങ്ങിയ ശേഷമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്. എന്നാൽ, ബിസിനസിന്റെ ലക്ഷ്യം തന്നെ സാമൂഹിക പരിവർത്തനം ആകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ആളുകൾ കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുന്ന കാലത്ത് നാട്ടിൽത്തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നല്ല സാമൂഹിക അന്തരീക്ഷം ഒരുക്കി നല്കുകയെന്നതും പ്രധാനമാണ്.
? എന്തു ജോലിയും ചെയ്യുന്ന റോബോട്ട് ഉണ്ടോ.
ഏതു കാര്യത്തിനും ഉപയോഗിക്കാനാവുന്ന ഒരു റോബോട്ടിക് ടൂൾ ജെൻ റോബോട്ടിക്സിന്റെ ലാബിൽ ഒരുങ്ങുന്നുണ്ട്- ജെൻബോട്ട്! കഠിനമായ ജോലികൾ ചെയ്യുന്ന രീതിയിൽ അതിനെ നമുക്ക് പ്രോഗ്രാം ചെയ്യാം. ഏപ്രിൽ- മേയ് മാസത്തോടെ ആദ്യ യൂണിറ്റ് ഡെലിവർ ചെയ്യാനാകും. അടുത്ത വർഷം യു.എസിലേക്കും സിംഗപ്പൂരിലേയ്ക്കും കമ്പനി വ്യാപിപ്പിക്കും.
? മനുഷ്യനു പകരമാകുമോ യന്ത്രമനുഷ്യൻ.
സാദ്ധ്യത കുറവാണ്. പക്ഷേ, അടുത്ത പത്തുവർഷത്തിനുള്ളിൽ എല്ലാ വീട്ടിലും ഒരു റോബോട്ടെങ്കിലും കാണും. പാചകജോലി മുതൽ രോഗികളെയും വൃദ്ധരെയും പരിചരിക്കുന്നതു വരെ റോബോട്ടുകൾ ഏറ്റെടുക്കും. ആളുകൾക്ക് ഇഷ്ടമില്ലാത്തതും സമയം നഷ്ടപ്പെടുത്തുന്നതുമായ ഏതു ജോലി ചെയ്യാനും റോബോട്ടിനെ ഉപയോഗിക്കാം. പുതിയ കാര്യങ്ങൾ സ്വായത്തമാക്കി മാറാൻ നമ്മൾ തയ്യാറാകണം. മാറ്റത്തോട് പൊരുത്തപ്പെടുന്നവർ മുന്നോട്ട് പോകും; മടിയന്മാർ പിന്നിലാകും!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |