SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

തിങ്കളാഴ്ചയോടെ കാര്യങ്ങൾക്ക് വ്യക്തത വരും, മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല

s

കെ.മുരളീധരന് കേരള രാഷ്ട്രീയത്തിലും കോൺഗ്രസിലും വിശേഷണത്തിന്റെ ആവശ്യമില്ല. കേരളത്തിൽ ഏത് റെയിൽവേ സ്‌റ്റേഷനിലിറങ്ങിയാലും നൂറ് അണികൾ കൂടെയുള്ള നേതാവ്. പാർട്ടി പറയുന്നതിനൊപ്പം എന്നും നിലയുറപ്പിക്കാറുള്ളതുകൊണ്ടാണ് സ്വന്തം സിറ്റിംഗ് സീറ്റായ വടകര വിട്ട് തൃശൂരിൽ പോയി മത്സരിച്ചത്. അവിടെ പരാജയപ്പെട്ടെങ്കിലും പാർട്ടിയിൽ അജയ്യനാണെന്ന് ഓരോ വിഷയത്തിലുമുള്ള ഇടപെടലുകൾ സാക്ഷ്യം. തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ കേരള കൗമുദിയുമായി സംഭാഷണം.

? കോൺഗ്രസിൽ ഇനി ഗ്രൂപ്പില്ല, അടിയില്ല എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ പൊരിഞ്ഞ അടിയാണല്ലോ...

ഏയ് അങ്ങനെയൊന്നുമില്ല. കോൺഗ്രസല്ലേ. അഭിപ്രായ ഭിന്നതകളും തർക്കങ്ങളുമൊക്കെ ഉണ്ടാകും. അതൊക്കെ ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിക്കും.

? ഈ അടി എന്നു തീരും...

ഒരു സംശയവും വേണ്ട. തിങ്കളാഴ്ച ഇലക്ഷൻ കമ്മിറ്റിയോഗം ഡൽഹിയിൽ ചേരുകയാണ്. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും പങ്കെടുക്കും. അതോടെ നിങ്ങൾ അടിച്ചുവിടുന്ന എല്ലാ വിവാദങ്ങൾക്കും പരിഹാരമാവും.

? കെ.സുധാകരനെപ്പോലൊരു നേതാവിനെ അവഗണിക്കുന്നത് ശരിയാണോ...

ആരു പറഞ്ഞു അവഗണിച്ചെന്ന്. കെ.സുധാകരൻ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ്. അദ്ദേഹം പരിഗണിക്കപ്പെടേണ്ടതുമാണ്. പക്ഷെ കേരളത്തിൽ നിലവിൽ കോൺഗ്രസിന് എത്ര എം.പി.മാരുണ്ട്. അതിൽ ബഹുഭൂരിപക്ഷത്തിനും മത്സരിക്കാൻ താത്പ്പര്യമുണ്ട്. ചിലർ അറിയിച്ചു. മറ്റു ചിലർ അറിയിച്ചില്ലെന്നുമാത്രം. ഇത്രയും പേരെ ഉൾക്കൊണ്ടാൽ മറ്റുള്ളവർക്ക് എവിടെയാണ് അവസരം. മാത്രമല്ല അവർ മത്സരിച്ച് ജയിച്ച ലോകസസഭാമണ്ഡലങ്ങൾ അനാഥമാവില്ലേ. അതുകൊണ്ടാണ് എം.പി.മാർ ആരും മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇനി മറിച്ചൊരു തീരുമാനമുണ്ടെങ്കിൽ അതിനുള്ള അവകാശവും ഹൈക്കമാൻഡിനാണ്.

? യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും അവകാശവാദമുന്നയിച്ചിട്ടുണ്ട്...

നിങ്ങൾക്കറിയാമല്ലോ. അദ്ദേഹം ഇപ്പോൾ ജയിച്ച ലോകസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം എത്രയാണെന്ന്. നിയമസഭയിൽ മത്സരിച്ചാലും അദ്ദേഹം ജയിക്കും. പക്ഷെ അദ്ദേഹം ഇപ്പോൾ പ്രതിനിധീകരിക്കുന്ന ആറ്റിങ്ങലിൽ ഒരു ബൈ ഇലക്ഷൻ വന്നാൽ ആ മണ്ഡലത്തിന്റെ കാര്യം കഷ്ടത്തിലാവും. അതും കൂടെ പാർട്ടി പരിഗണിക്കേണ്ടേ. ഇതേ അവസ്ഥ നിലവിൽ എം.പി.മാർ ജയിച്ച പല മണ്ഡലങ്ങളിലുമുണ്ട്. ഒന്ന് പിടിക്കാൻ പോകുമ്പോൾ കൈയിലുള്ളത് വിട്ടുകളയാനാവുമോ. പാർട്ടി ഹൈക്കമാൻഡ് അതെല്ലാം പരിഗണിച്ചൊരു തീരുമാനത്തിലെത്തും.

? എന്ന് വരും, കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടിക...

ഞാൻപറഞ്ഞില്ലേ, തിങ്കളാഴ്ചയോടെ കാര്യങ്ങൾക്ക് വ്യക്തത വരും. ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമാവും. ഏതാണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ആ ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് കേൾക്കുന്നത്. പ്രഖ്യാപനം വന്നാൽ പിറ്റേദിവസം കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടിക വരും.

? കോൺഗ്രസിൽ ഈഴവർക്ക് വലിയ അവഗണനയാണല്ലോ. ജയിക്കുന്ന സീറ്റൊന്നും നൽകുന്നില്ല...

ഇത്തവണ അതിൽ വലിയ മാറ്റങ്ങളുണ്ടാവും. പിന്നെ അവഗണിക്കുന്നെന്നും തോൽക്കുന്ന സീറ്റുകൾ നൽകുന്നെന്നുമുള്ള പരാമർശം ശരിയാണോ എന്നറിയില്ല. കാരണം കോഴിക്കോട്ടെ കൊയിലാണ്ടിയടക്കം കോൺഗ്രസ് ജയിച്ച സീറ്റുകളാണ്. പക്ഷെ പിന്നീട് അവിടെ നിർത്തിയ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ഒരു സീറ്റാണ് കൊടുത്തത്. ഇത്തവണ ഒന്നിൽ കൂടുതലുണ്ടാവും. ഈഴവ സമുദായത്തെ എക്കാലവും കൂടെ നിർത്തിയ പാർട്ടിയാണ് കോൺഗ്രസ്.

? ജി.സുധാകരനടക്കം സി.പി.എമ്മിൽ നിന്ന് അസംതൃപ്തരായ നിരവധി പേരാണ് സ്വതന്ത്രരായെത്തുന്നത്, സ്വന്തം പാർട്ടിക്കാർക്ക് പോലും സീറ്റ് കൊടുക്കാനില്ലാത്തപ്പോൾ എങ്ങിനെയാണ് ഇവരെയൊക്കെ സ്വീകരിക്കുന്നത്...

സി.പി.എമ്മടക്കം മറ്റ് പാർട്ടികൾ വിട്ടുവരുന്നവരുടെ കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. പക്ഷെ ജി.സുധാകരൻ സ്വതന്ത്രനാവുമെങ്കിൽ കോൺഗ്രസ് പിന്തുണക്കും.

? കെ.മുരളീധരനല്ലേ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി...

അങ്ങനെ ഒരു തീരുമാനമൊന്നുമില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ മത്സരിക്കുകയാണെങ്കിൽ വട്ടിയൂർക്കാവ് മതിയെന്ന് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി ബന്ധമുള്ള മണ്ഡലമല്ലേ അത്.

? മുരളീധരനെ വല്ലാതെ തഴയുന്നുണ്ടോ കോൺഗ്രസ്...

അതൊന്നും ഇപ്പോൾ പറയാനുള്ള സമയമല്ല.

? സഹോദരി പത്മജയുടെ സ്ഥാനാർത്ഥിത്വം എങ്ങിനെ കാണുന്നു, സഹോദരന്റെ ആശിർവാദമുണ്ടോ...

രാഷ്ട്രീയത്തിൽ സഹോദരിയും സഹോദരനുമില്ല. അവർ ബി.ജെ.പി കാൻഡിഡേറ്റാണ്. വട്ടിയൂർക്കാവിലാണെങ്കിൽ ഒന്ന് മുട്ടാമായിരുന്നു.

? യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിമാരാവാൻ വലിയ നിരയുണ്ടല്ലോ...

ഒരുകാലത്തും കോൺഗ്രസ് ഒരാളേയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി നിർത്തിയിട്ടില്ല. അതൊക്കെ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം നടക്കുന്ന യോഗത്തിൽ സംഭവിക്കുന്നതാണ്.

? ആന്റണി ഇറങ്ങിയതുപോലെ വേണുഗോപാൽ അവസാന ലാപ്പിലിറങ്ങുമോ...

രാഷ്ട്രീയ സാഹചര്യമൊക്കെ മാറിയില്ലേ. ഇത്തരം കാര്യങ്ങളിലൊന്നും മറുപടി പറയേണ്ട ആൾ ഞാനല്ല. എല്ലാം ഹൈക്കമാൻഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY