SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

മന്ത്രിക്കു നൽകിയ വാക്ക് പാലിക്കും, ആയിരം കോടി വിറ്റുവരവിൽ കെൽട്രോൺ കുതിപ്പ്

k

പൊതുമേഖലാ സ്ഥാപനങ്ങൾ പലതും നഷ്ടത്തിലോടുമ്പോഴും 1000 കോടി വിറ്റുവരവെന്ന സ്വപ്നനേട്ടത്തിന് വിളിപ്പാടകലെയാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്രേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്). രാജ്യത്തെ ആദ്യ ഇലക്ട്രോണിക്സ് പൊതുമേഖലാ സ്ഥാപനവും കെൽട്രോണാണ്. ഇടയ്ക്കുണ്ടായ പ്രതിസന്ധികളെ തരണം ചെയ്ത് തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന സ്ഥാപനത്തിന്റെ ചെയർമാനും ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞനുമായ എൻ. നാരായണ മൂർത്തി 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

?​ കെൽട്രോണിന്റെ തുടക്കകാലം.

ഇന്ത്യയിൽ മൾട്ടിനാഷണൽ കോർപ്പറേഷനുകളുടെ സാന്നിദ്ധ്യം കുറവായിരുന്ന കാലം. പല ഉപകരണങ്ങളും ഇറക്കുമതി ചെയ്തവയായിരുന്നു. ഇലക്ട്രോണിക്സ് മേഖലയിൽ ഇത്തരമൊരു സ്ഥാപനത്തിന്റെ പ്രസക്തി സർക്കാർ തിരിച്ചറിഞ്ഞു. അന്ന് ടാറ്റയുടെ ഇലക്ട്രോണിക്സ് ഡിവിഷനായ നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് കമ്പനിയിൽ (നെൽക്കോ) ആർ ആൻഡ് ഡി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന പ്രമുഖ വ്യവസായി കെ.പി.പി നമ്പ്യാരെ സർക്കാർ കേരളത്തിലേക്കു ക്ഷണിച്ചു. അദ്ദേഹം സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി 1973-ലാണ് കെൽട്രോൺ ആരംഭിച്ചത്.

അദ്ദേഹത്തിന്റെ നേതൃവൈഭവത്തിൽ 1980-82 കാലങ്ങളിൽ കെൽട്രോണിൽ വളർച്ച പ്രത്യക്ഷമായി. ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യക്കു വേണ്ടി 5000 ടിവി യൂണിറ്റുകൾ നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ഇന്ത്യയിലാദ്യമായി കളർ ടിവി നിർമ്മിച്ചത് കെൽട്രോൺ ആണ്. റേഡിയോ, പ്രൊജക്ടറുകൾ, വാച്ചുകൾ, കാൽക്കുലേറ്റർ, കപ്പാസിറ്ററുകൾ... അക്കാലത്ത് വാണിജ്യ മേഖലയിൽ ഉണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും നിർമ്മിക്കാൻ നമ്പ്യാർ ശ്രമിച്ചു. 90-കളിൽ കെൽട്രോൺ ലോകപ്രശസ്തിയാർജിച്ചു. 83 കോടിയായിരുന്നു അക്കാലത്തെ വിറ്റുവരവ്. പ്രമുഖ കമ്പനികളുടെ ഇരട്ടിയിലധികമായിരുന്നു അന്ന് അത്.

?​ ഇടയ്ക്കുണ്ടായ ക്ഷീണകാലത്തെ അതിജീവിച്ചത്...

എം.എൻ.സികൾ വന്നതോടെ മത്സരം ആരംഭിച്ചു. 1995 മുതൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. കെൽട്രോൺ 60 ശതമാനവും ഒരു നിർമ്മാണ കമ്പനിയായിരുന്നു. അതിവേഗം മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് മെഷിനറി, മനുഷ്യാദ്ധ്വാനം, ധനസമാഹരണം എന്നിവ വർദ്ധിക്കണം. 2010-ഓടെ പ്രവർത്തനമേഖല വ്യാപിപ്പിച്ച് കെൽട്രോൺ തിരിച്ചുവരവ് നടത്തി.

?​ രണ്ടാംവരവിലെ വിജയരഹസ്യം.

പദ്ധതി നിർവഹണത്തിന് പ്രാധാന്യം നൽകിയതോടെയാണ് ഇതു സാധിച്ചത്. 30-35 ശതമാനം മാത്രം നിർമ്മാണം നിലനിറുത്തി,​ ബാക്കി പദ്ധതി നിർവഹണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഇപ്പോഴത്തെ നയം. ഇതോടെ കഴിഞ്ഞ അഞ്ചുവർഷത്തിൽ നല്ല വളർച്ചയുണ്ടായി. ബഹിരാകാശം, പ്രതിരോധം, പവർ ഇലക്ട്രോണിക്സ് എന്നീ തന്ത്രപ്രധാന മേഖലകൾ കേന്ദ്രീകരിച്ചുതുടങ്ങി. ഈ മൂന്നു മേഖലകളിലും മികവ് കൊണ്ടുവരികയും,​ പണ്ടുതൊട്ടേ മേൽക്കൈയുള്ള മേഖലകൾ നിലനിറുത്തുകയും ചെയ്തു. ധനസമാഹരണ ശേഷി വർദ്ധിപ്പിച്ചു. എല്ലാ ഇന്ത്യൻ ടെൻഡറുകളിലും പങ്കെടുക്കാൻ യോഗ്യതയായി. അതാണ് കെൽട്രോണിന്റെ കരുത്ത്. അതുവഴി പല കമ്പനികളും കെൽട്രോണുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു.

?​ തന്ത്രപ്രധാന മേഖലകൾ കേന്ദ്രീകരിക്കാൻ ഇപ്പോഴത്തെ നേതൃനിര സഹായകമാകുന്നുണ്ടോ.

40 വർഷം ഐ.എസ്.ആർ.ഒയിലും വി.എസ്.എസ്.സിയിലുമായി പ്രവർത്തിച്ച ശേഷമാണ് 2019-ൽ ഞാൻ കെൽട്രോൺ ചെയർമാനാകുന്നത്. ജി.എസ്.എൽ.വി എംകെ 3-യുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ ശ്രീകുമാരൻ നായർ നാവികസേനയിൽ നിന്നു വിരമിച്ച വൈസ് അഡ്മിറലാണ്. അരൂരിൽ ടെക്നിക്കൽ ഡയറക്ടർ പോസ്റ്റിലുള്ള ഡോ.വിജയൻ പിള്ള ഡി.ആർ.ഡി.ഒയുടെ സ്ഥാപനമായ എൻ.പി.ഒ.എല്ലിന്റെ (നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക്ക് ലബോറട്ടറി) ഡയറക്ടറായിരുന്നു. ഐ.എസ്.ആർ.ഒയിൽ നിന്നു വിരമിച്ച ശാസ്ത്രജ്ഞൻ ഹേമചന്ദ്രൻ നായർ എക്സിക്യുട്ടീവ് ഡയറക്ടറാണ്. അതായത്,​ പ്രതിരോധ,​ ബഹിരാകാശ മേഖലകളിൽ പ്രവർത്തിച്ച് പ്രാവീണ്യമുള്ളവരാണ് നേതൃനിരയിലുള്ളത്. ഇത് പുതിയ പ്രോജക്ടുകൾ കണ്ടെത്തുന്നതിന് സഹായമാണ്.

?​ ഈ മേഖലകളിലെ വളർച്ച.

കഴിഞ്ഞ രണ്ടുവർഷമായി നാവികസേനയ്ക്കു നൽകുന്ന സേവനങ്ങൾ വർദ്ധിപ്പിക്കാനായി. ഈ വർഷം മാത്രം 250 കോടിയുടെ ഓർഡറുകൾ ലഭിച്ചു. ഇന്ത്യയിലെ ഏതു നാവിക കപ്പലെടുത്താലും കെൽട്രോണിന്റെ നാല് ഉപകരണങ്ങളെങ്കിലും കാണും. ഇവ നിർമ്മിക്കാൻ ആവശ്യമുള്ള അക്കോസ്റ്റിക്ക് ഹൈഡ്രോഫോൺ എന്ന സെൻസർ നിർമ്മിക്കുന്ന രണ്ടു സ്ഥാപനങ്ങളിലൊന്ന് മലപ്പുറം കുറ്റിപ്പുറത്തുള്ള കെൽട്രോൺ ഇലക്ട്രോ സെറാമിക്സാണ്.

മിസൈൽ ഇലക്ട്രോണിക്സിൽ ഒരുവർഷംകൊണ്ട് പത്തുകോടിയുടെ പ്രോജക്ട് ചെയ്തു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റോക്കറ്റുകളിൽ ഏകദേശം പത്തുശതമാനം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കെൽട്രോൺ നിർമ്മിച്ചവയായിരിക്കും. ഇതിനായി പരിശീലനം ലഭിച്ച 80 ടെക്നീഷ്യൻമാരുണ്ട്. ഐ.എസ്.ആർ.യുടെ ഉപഗ്രഹവിക്ഷേപണത്തിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ടെക്നീഷ്യൻസിന് പരിശീലനം നൽകുന്നുണ്ട്. എയർക്രാഫ്റ്റ് ഇലക്ട്രോണിക്സ് സിസ്റ്റത്തിൽ എച്ച്.എ.എല്ലിന്റെ (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്) അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്.

?​ ആണവനിലയങ്ങളിലും കെൽട്രോൺ സാന്നിദ്ധ്യം.

തെർമൽ പവർ കോർപ്പറേഷനിലെ പവർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിലെ നൂക്ലിയർ പവർ സ്റ്റേഷനുകളിൽ കെൽട്രോണിന്റെ 45 ഉപകരണങ്ങളെങ്കിലും ഉണ്ടായിരിക്കും. കൂടംകുളം മൂന്നും നാലും യൂണിറ്റുകൾക്ക് പവർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കുന്നത് കെൽട്രോൺ ആണ്. 120 ഉപകരണങ്ങൾ മൂന്നുമാസം കൊണ്ട് വിതരണം ചെയ്യും.

?​ നൂതന സാങ്കേതികവിദ്യയോട് പൊരുത്തപ്പെടാനായത്...

 ഞാൻ ഇവിടെ ചെയർമാനായ കാലത്ത് 350-ഓളം സ്ഥിരജീവനക്കാർ ഉണ്ടായിരുന്നു. അവരുടെ ശരാശരിപ്രായം 52 ആയിരുന്നു. അതുകൊണ്ടുതന്നെ നൂതന സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. ഈ സർക്കാർ വന്നതോടെ കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രം കെൽട്രോണിൽ 294 സ്ഥിരനിയമനങ്ങൾ നടത്തി. 150 പേർ എൻജിനിയർമാരാണ്. ശരാശരി പ്രായം 38 ആയി. ജീവനക്കാരുടെ ആത്മവിശ്വാസം വ‌ർദ്ധിച്ചു. എങ്ങനെയെങ്കിലും ജീവിച്ചുപോകണം എന്നാണ് പല പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെപ്പോലെ ഞങ്ങളും അന്നൊക്കെ ചിന്തിച്ചിരുന്നത്. ഇന്ന്,​ സ്ഥാപനത്തെ കൂടുതൽ ഉയരത്തിലെത്തിക്കണമെന്ന ഉത്തരവാദിത്വബോധം ജീവനക്കാർക്കുമുണ്ട്.

?​ ട്രാഫിക് എൻഫോഴ്സ്‌മെന്റ് നിലനിറുത്തുന്നത്...

പണ്ടുമുതൽ ഡൽഹിയിലെ എല്ലാ സിഗ്നലുകളും കെൽട്രോണാണ് നിർമ്മിക്കുന്നത്. ട്രാഫിക് മാനേജ്മെന്റ് എന്ന ആശയത്തിൽ നിന്നുമാറി അഡാപ്റ്റീവ് കൺട്രോൺ സിസ്റ്റമാണ് ഇന്ന് നഗരങ്ങൾ ഉപയോഗിക്കുന്നത്. തിരുപ്പതി സ്മാർട്ട് സിറ്റി, നാഗ്പൂർ ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയവ കെൽട്രോൺ ചെയ്യുന്നുണ്ട്. സേഫ് കേരള പദ്ധതിയിലൂടെ റോഡുകളിൽ എ.ഐ ക്യാമറ സംവിധാനം യാഥാർത്ഥ്യമാക്കി. നിർമ്മിതബുദ്ധി എന്ന വാക്ക് ഇത്രയധികം പ്രചരിക്കുന്നതിനു മുൻപ് 2019-ലാണ് ഈ പ്രോജക്ടിന്റെ റിപ്പോർട്ട് കെൽട്രോൺ സർക്കാരിന് സമർപ്പിച്ചതെന്ന് ഓർക്കണം. തദ്ദേശവകുപ്പിന്റെ ഹരിതമിത്രം, ഇ- ഗവേണൻസ് നെറ്റ്‌വർക്കിംഗ്, ജനമൈത്രി, റെയിൽമൈത്രി തുടങ്ങിയ രംഗങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

?​ കെൽട്രോൺ കപ്പാസിറ്ററുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടല്ലോ.

 ഇന്ത്യൻ വിപണിയിൽ കപ്പാസിറ്ററുകളുടെ 30 ശതമാനം കെൽട്രോണിന്റേതാണ്. ഡൽഹിയിലും മദ്രാസിലും കെൽട്രോൺ കപ്പാസിറ്ററിന്റെ വ്യാജ പതിപ്പു പോലും ഇറങ്ങി. ഇന്ത്യയിലാദ്യമായി ഐ.എസ്.ആർ.ഒയുടെ ടെക്നോളജി ട്രാൻസ്ഫർ ഉപയോഗിച്ച് സൂപ്പർ കപ്പാസിറ്റർ ബാറ്ററിയും നിർമ്മിച്ചു.

?​ തൊഴിലധിഷ്ഠിത കോഴ്സുകളും.

വിവിധ മേഖലയിൽ അറിവ് പകരാൻ കെൽട്രോൺ ഒരു നോളജ് സർവീസ് സെന്റർ നടത്തുന്നുണ്ട്. ഏകദേശം 45 സെന്ററുകളുണ്ട്. എ.ഐ, വി.ആർ ഉൾപ്പെടെ 165 കോഴ്സുകൾ. പലതും തൊഴിലധിഷ്ഠിതമാണ്. വിദ്യാർത്ഥികൾക്ക് ആസ്ട്രേലിയയിൽ ജോലി സാദ്ധ്യത ഉറപ്പാക്കാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ വച്ച് ധാരാണാപത്രം ഒപ്പിട്ടു.


?​ മന്ത്രിക്ക് ഒരു വാക്ക് നൽകിയിരുന്നല്ലോ...

കെൽട്രോണിന്റെ ശരാശരി വിറ്റുവരവ് 400 കോടിയായിരുന്നു. 2020-21ൽ അത് 520 കോടിയായി; കഴിഞ്ഞവർഷം 645 കോടിയും. കെൽട്രോൺ വിഭാവനം ചെയ്ത മാസ്റ്റർ പ്ലാൻ അനുസരിച്ച് 2026-ൽ 1000 കോടിയും,​ 2030ൽ 2000 കോടിയും എത്തുമെന്നാണ്. വ്യവസായമന്ത്രി പി. രാജീവ്,​ ആ ലക്ഷ്യം കുറച്ച് നേരത്തെ ആക്കാനാകുമോ എന്ന് ഇടയ്ക്കിടെ ചോദിക്കും. ഈ സാമ്പത്തികവർഷം 31നകം എന്തായാലും 1000 കോടി കടക്കും. മന്ത്രിക്കു നൽകിയ വാക്ക് പാലിക്കും. ഇതുവരെ 750 കോടി പിന്നിട്ടു. എഫ്.സി.ഐയുടെ 530 ഗോഡൗണുകളിൽ സിസി ടിവി സ്ഥാപിക്കാൻ 160 കോടിയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. 1600 കോടിയുടെ ഓർഡർ ബുക്കുണ്ട്. ഇത് സർവകാല റെക്കാഡാണ്. സർക്കാർ അവസരങ്ങൾ നൽകുന്നതിനനുസരിച്ച് ഇത് വർദ്ധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARAYAN MOORTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION