അടൂർ: ജോലിക്കായി കുവൈറ്റിൽ എത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചക്കേസിൽ നാലുപ്രതികൾക്ക് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. 2013 ൽ ആണ് കേസിന് ആസ്പദമായ സംഭവം. കുരമ്പാല പറന്തൽ പുല്ലുപറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി (57), തിരുവല്ല കവിയൂർ താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (72), ആലുവ ചൂണ്ടി വില്ലേജിൽ മരക്കാരത്ത് പറമ്പിൽ ബിജുമോൻ (നവാസ് - 55), തിരുവല്ല കവിയൂർ ഞാലികണ്ടം താഴത്ത് ഉപ്പൻകര വീട്ടിൽ സതീഷ് കുമാർ (40) എന്നിവരെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി.മഞ്ജിത്ത് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. അടൂർ സ്വദേശിനിയാണ് പരാതിക്കാരി.
ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റുകയും കുവൈറ്റിൽ എത്തിച്ച ശേഷം മുറിയിൽ പൂട്ടിയിട്ട് നിരവധി തവണ ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. രക്ഷപ്പെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. 2014 ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ഒന്നാംപ്രതി ഇടനിലക്കാരി ജോളി സ്റ്റാൻലിക്ക് മൂന്നുമാസം തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി മുരളീധരൻ നായർക്ക് ആറു വർഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയുമാണ് ശിക്ഷ. മൂന്നാം പ്രതി ബിജുമോൻ 37 വർഷവും 9 മാസവും തടവ് ശിക്ഷ അനുഭവിക്കണം. 3,03,000 രൂപ പിഴയും നൽകണം. നാലാംപ്രതി സതീഷ് കുമാറിന് നാലുവർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. അടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പ്രജീഷ്.ടി.ഡി ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |