
വിഴിഞ്ഞം: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. പൂന്തുറ മാണിക്യം വിളാകം സ്വദേശി മുജീബ് റഹ്‌മാൻ(32),വിഴിഞ്ഞം ടൗൺഷിപ് കോളനി സ്വദേശി സഹദ് (27) എന്നിവരെയാണ് കോവളം കാരോട് ബൈപ്പാസിന്റെ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുവച്ച് സിറ്റി ഡാൻസാഫ് സംഘം ഇന്നലെ രാവിലെ പിടികൂടിയത്.
മുജീബ് റഹ്‌മാൻ ബംഗളൂരുവിൽ നിന്ന് എംഡി.എം.എയുമായി ട്രെയിനിൽ നാഗർകോവിലും തുടർന്ന് ബസിൽ കളിയിക്കാവിളയിലും എത്തുകയായിരുന്നു. ഇവിടെ നിന്ന് മുജീബിനെ സഹദ് കൂട്ടുകാരന്റെ സ്‌കൂട്ടറിൽ കൂട്ടുക്കൊണ്ട് വരുമ്പോഴാണ് പിടിയിലായതെന്ന് ഡാൻസാഫ് സംഘം പറഞ്ഞു. പൊലീസ് സംഘത്തെക്കണ്ട് വാഹനം ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതികളെ വിഴിഞ്ഞം പൊലിസിന് കൈമാറി.
പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. മുജീബ് ലഹരിവസ്തു ക്യാരിയറാണെന്നും ആർക്കുവേണ്ടി വാങ്ങിയെന്ന് കൂടുതൽ ചോദ്യം ചെയ്താലെ അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് രണ്ടു മൊബൈൽ ഫോണുകൾ,രണ്ടായിരത്തോളം രൂപ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബൈപാസിന്റെ കോവളം പോറോട് പാലത്തിന് സമീപം ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന 3.6 കിലോഗ്രാം കഞ്ചാവുമായി നാലംഗ സംഘത്തെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |