
ആലുവ: റെയിൽവേ സ്‌റ്റേഷനിലേക്കു നടന്നുപോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് മൂന്നുലക്ഷംരൂപ വിലവരുന്ന സ്വർണമാലയും പണവും കവർന്ന കേസിൽ പ്രതികളായ ട്രാൻസ്ജെൻഡർമാരെ കണ്ടെത്താനായില്ല.
ശനിയാഴ്ച രാത്രി ആലുവ ഗുഡ്‌ഷെഡ് ഭാഗത്തുവച്ച് കോടനാട് കുറുച്ചിലക്കോട് മനയംപിള്ളിവീട്ടിൽ ജോഫിൻ ജിജുവിനെ (28) ആക്രമിച്ചാണ് പ്രതികൾ കവർച്ച നടത്തിയത്.
കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജോഫിൻ അപകടനില തരണംചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. 3 വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലേക്കു കയറിയതിനാൽ രക്തസ്രാവമുണ്ട്. കൈയിലും താടിയിലും തലയിലും മുറിവുണ്ട്. ശസ്ത്രക്രിയ ചെയ്യാവുന്ന ആരോഗ്യസ്ഥിതി അല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
കോഴിക്കോട്ടേക്ക് പോകാൻ ആലുവ ബൈപ്പാസിലെത്തി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് നാലുപേരടങ്ങുന്ന ട്രാൻസ്ജെൻഡർ സംഘം ആക്രമിച്ചത്.
സിവിൽസ്റ്റേഷൻ റോഡിലൂടെ നടന്നുവരുമ്പോൾ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തുകയായിരുന്നു. തൊട്ടടുത്തുള്ള മാലിന്യം നിറഞ്ഞ കാനയിലേക്കു ചവിട്ടിയിട്ടുവെന്നും വലതുവാരിയെല്ലുകളിൽ കരിങ്കല്ലിന് ഇടിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. മൂന്നുപവന്റെ സ്വർണമാലയും പഴ്സിൽ ഉണ്ടായിരുന്ന 1,000 രൂപയും തട്ടിയെടുത്തു.
പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |