
തൃശൂർ: കടമായി നൽകിയ പണത്തെ സംബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ഉത്തർപ്രദേശ് ശരൺപൂർ സ്വദേശി ഷാനവാസിനെയാണ് ( മാവോ ഷാനവാസ് 40) വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിനതടവിനും 27000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എസ് സൈമ ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം 6 മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും. അതിഥി തൊഴിലാളി നദീമാണ് കൊല്ലപ്പെട്ടത്. 2009 ജൂൺ 14 ന് വൈകീട്ട് 3.30 ന് ആളൂർ കൊമ്പൊടിഞ്ഞാമാക്കലിലെ വാടകവീട്ടിലാണ് സംഭവം. സബ് ഇൻസ്‌പെക്ടർ കെ.എം വാസുദേവൻ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടറായ സി.ആർ സന്തോഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സോളി ജോസഫ്, അഭിഭാഷകരായ അഡ്വ.ഹണി ചരുവിൽ, അഡ്വ.അലൻ റിച്ചാർഡ്, അഡ്വ.ജി. നിശാന്ത് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |