
തൃശൂർ: ഒഡീഷ സ്വദേശിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന നാലാം പ്രതിയെ അസമിലെ വനാതിർത്തിയിൽ നിന്ന് തൃശൂർ സിറ്റി പൊലീസ് പിടികൂടി. അസം ഗരായിമാരി സ്വദേശി ഇമ്രാൻ ഖാനെയാണ് (31) സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂൺ 18നായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി ധൻപദി നായ്ക്കാണ് (27) മരിച്ചത്. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതിയായ ഇമ്രാൻ ഖാൻ അസമിലേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അസി. കമ്മീഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അസമിലെത്തി അന്വേഷണം ഊർജ്ജിതമാക്കിയാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്‌പെക്ടർ കെ.നന്ദകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ജീസ് മാത്യു, വരുൺ ഇ.ആദർശ്, അസി. സബ് ഇൻസ്‌പെക്ടർ ജയകുമാർ, സി.പി.ഒമാരായ ധനേഷ് മാധവ്, എം.എസ്.അജ്മൽ, ജിതിൻ പി.മോഹൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |