കാൺപൂർ: പാർട്ടിക്ക് പോകുന്നത് വിലക്കിയതിനെ തുടർന്ന് ഭർതൃപിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ. കാൺപൂർ സ്വദേശി വിനീത് മിനോച്ച (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ ഷാലുവിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്ന് തന്നെ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഞായറാഴ്ച ഇവരെ പൊലീസ് പിടികൂടി. പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷാലു ആവശ്യപ്പെട്ടിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഇവർ പറഞ്ഞത്. പിന്നാലെയാണ് ഷാലുവിനെ കസ്റ്റഡിയിലെടുത്തത്.
ആദ്യം യുവതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഭർതൃപിതാവ് തന്നെ സിസിടിവി വഴി നിരന്തരം നിരീക്ഷിച്ചിരുന്നെന്നും രാത്രി വൈകിയുള്ള പാർട്ടികളിൽ പോകുന്നതും വൈകി വീട്ടിൽ വരുന്നതും എതിർത്തിരുന്നെന്നും ഷാലു പൊലീസിനോട് പറഞ്ഞു. ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും ചെറിയ കാര്യങ്ങൾക്ക് പോലും തനിക്കും ഭർത്താവിനും ആവശ്യമായ പണം ഭർതൃപിതാവിനോട് ചോദിക്കേണ്ടി വന്നിരുന്നുവെന്നും യുവതി വ്യക്തമാക്കി.
ജൂലായ് 28ന് രാത്രി വൈകി വീട്ടിലെത്തിയ ഷാലുവിനെ ഭർതൃപിതാവ് വഴക്കുപറഞ്ഞിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിന് കാരണമായി. ഇതോടെയാണ് വിനീതിനെ കൊലപ്പെടുത്തണമെന്ന് യുവതി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ഭർതൃപിതാവിനെ കൊല്ലാൻ വിശാലിനെ സമീപിച്ച് ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു. സെപ്തംബർ ആറിന് രണ്ട് ലക്ഷം രൂപ നൽകാമെന്നും ബാക്കി നാല് ലക്ഷം രൂപ 15 ദിവസത്തിന് ശേഷം നൽകാമെന്നും യുവതി വിശാലിനോട് പറഞ്ഞിരുന്നു.
ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഷാലു വിശാലിന് കൈമാറി. സെപ്തംബർ നാലിന് ജന്മാഷ്ടമി ഉത്സവത്തിനിടെ ചില സാധനങ്ങൾ നൽകാമെന്ന വ്യാജേന അവർ വിശാലിനെ വിളിച്ച് കൊലപാതകം ആസൂത്രണം ചെയ്തു. സെപ്തംബർ അഞ്ച് ശനിയാഴ്ച ഭർത്താവും ഷാലുവും മകളും പാർട്ടിക്ക് പോയി. ഈ സമയത്താണ് വിശാലും കൂട്ടാളിയും ഫ്ലാറ്റിലെത്തിയത്.
ശ്വാസംമുട്ടിച്ച് വിനീതിനെ കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അത് നടപ്പിലാകാതെ വന്നതോടെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും പ്രതികൾ പറഞ്ഞു. വിനീതിന്റെ ശരീരത്തിൽ 25 തവണ കുത്തേറ്റിട്ടുണ്ട്. പാർട്ടി കഴിഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ എത്തിയ ഷാലുവും ഭർത്താവുമാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വിനീതിനെ കണ്ടത്. തുടർന്ന് ഷാലുവിന്റെ ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
A 36-year-old woman in Kanpur has been arrested for allegedly hiring two men to murder her 63-year-old father-in-law after he objected to her attending late-night parties. Police arrested the two alleged assailants first and, during interrogation, learned that they had allegedly carried out the killing at the woman's request.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |