
കോലഞ്ചേരി: കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം, വിദേശ വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, സിഗരറ്റ് തുടങ്ങിയവ കുറഞ്ഞ വിലയ്‌ക്ക് വിട്ടുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറു പേർക്കെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു.
പുത്തൻകുരിശ് കുളിയാട്ടുനിരപ്പിൽ മണ്ണായത്തുപറമ്പിൽ വീട്ടിൽ എം.പി. ജയ നൽകിയ പരാതിയിലാണ് കേസ്. എറണാകുളം വെണ്ണല മങ്കുഴി തൊണ്ടിൽ എം.എസ്. അജേഷ്, ഇടപ്പള്ളി കേസരി ഹൗസിൽ ദീപു മേനോൻ, കലൂർ കുമാരനാശാൻ റോഡിൽ മണിമന്ദിരം ദീപു മേനോൻ, കോഴിക്കോട് സ്വദേശികളായ പ്രവീണ, കുട്ടിശങ്കരൻ, ഗിരിജ എന്നിവരാണ് പ്രതികൾ.
ഒന്നും രണ്ടും പ്രതികൾ കസ്റ്റംസ് പാനൽ അഡ്വക്കേറ്റുമാരാണെന്നും മൂന്നാം പ്രതി ബാങ്ക് മാനേജരാണെന്നും നാലാം പ്രതി കസ്റ്റംസ് കമ്മീഷണറാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കസ്റ്റംസ് പിടിച്ചെടുത്ത വസ്തുക്കൾ റവന്യൂ റിക്കവറി നടപടികളിലൂടെ കോടതി മുഖേന നിയമപരമായി വിട്ടുനൽകാമെന്നും ഇതിനായി നിക്ഷേപിക്കുന്ന പണത്തിന് കമ്മിഷനും ലാഭവിഹിതവും നൽകാമെന്നും പ്രതികൾ വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു.
2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 24 വരെ പരാതിക്കാരിയുടെയും മകൾ എൻ.എസ്. അനുശ്രീയുടെയും സഹോദരി വി.വി. സരളയുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 22,55,970 രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. പിന്നീട് പല തവണകളായി 27,44,030 രൂപ നേരിട്ടും കൈപ്പറ്റി. ഇങ്ങനെ ആകെ 50 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം വാഗ്ദാനങ്ങൾ പാലിക്കാതെയും പണം തിരികെ നൽകാതെയും വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |