SignIn
Kerala Kaumudi Online
Tuesday, 30 June 2026 12.59 PM IST

കാമുകിക്കുവേണ്ടി മുസ്ലീമായ യുവാവ് വർഷങ്ങൾക്കുശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി, മതംമാറ്റം കാമുകിയും പിതാവും അറസ്റ്റിലായതിന് പിന്നാലെ

when-ayush-became-a-hindu
ആയുഷ്, ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയപ്പോൾ (screengrab)

ലക്നൗ: കാമുകിയെ വിവാഹം കഴിക്കാനായി മുസ്ലീം മതം സ്വീകരിച്ച യുവാവ് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. ഉത്തർപ്രദേശിലെ ഷംലി സ്വദേശി ആയുഷ് മാലിക്കാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത്. സംസ്ഥാനത്തെ മതപരിവർത്തന നിയമപ്രകാരം ആയുഷ് മാലിക്കിന്റെ മതംമാറ്റത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. താടിയും മുടിയും നീക്കിയ ആയുഷ് ഹിന്ദു ആചാരപ്രകാരമുള്ള പ്രാർത്ഥനകൾ നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങാനും രക്ഷിതാക്കൾക്കൊപ്പം താമസിക്കാനും തീരുമാനിച്ചതെന്നാണ് ആയുഷ് പറയുന്നത്.

'ഞാൻ ഇസ്ലാംമതത്തിലേക്ക് മാറിയിരുന്നു. എന്റെ കുടുംബത്തിന്റെ വേദന വീണ്ടുവിചാരമുണ്ടാക്കി. അതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്താൻ തീരുമാനിച്ചു.ഇനി കുടുംബത്തിന്റെ സംരക്ഷണത്തിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്'-വീഡിയോയിൽ ആയുഷ് പറയുന്നു. മകൻ ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ചുവെന്ന് പിതാവ് ദേവ്‌രാജ് മാലിക്കും വ്യക്തമാക്കി.

കാമുകി ചാന്ദ്നി ഖുറേഷി, പിതാവ് ഇസ്ലാം ഖുറേഷി എന്നിവരാണ് ആയുഷിനെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചതെന്നാണ് മാലിക്ക് ആരോപിക്കുന്നത്. ബ്രെയിൻവാഷ് ചെയ്ത് ഡൽഹിയിൽ കൊണ്ടുപോയി മതം മാറ്റിച്ചെന്നും മുഹമ്മദ് അലി എന്ന പേരുനൽകിയെന്നും കുടുംബത്തിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കണ്ടിട്ടായിരുന്നു ഇത് ചെയ്തതെന്നുമാണ് മാലിക്ക് പറയുന്നത്. ദേവ്‌രാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചാന്ദ്നി ഖുറേഷിയെയും പിതാവ് ഇസ്ലാം ഖുറേഷിയെയും പൊലീസ് അറസ്റ്റുചെയ്ത് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് ആയുഷ് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്.

ബി.ഫാം ബിരുദധാരിയായ ആയുഷ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽസ്റ്റോർ നോക്കിനടത്തുകയായിരുന്നു. ഇതിനിടെ കാലിന് പരിക്കേറ്റതിനെത്തുടർന്ന് പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെവച്ചാണ് ചാന്ദ്നിയെ പരിചയപ്പെട്ടത്. പരിചയം കൂടുതൽ അടുപ്പമായതോടെ ചാന്ദ്നിയുടെ ബന്ധുക്കൾ ആയുഷിനെ ഇസ്ലാംമതത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടു. 2023ൽ ആയുഷിനെ ഡൽഹിയിൽ കൊണ്ടുപോയി മതംമാറ്റി നിക്കാഹ് നടത്തിയെന്ന് അവകാശപ്പെട്ടു. എന്നാൽ വിവാഹസർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. താടി വളർത്തുകയും മുസ്ലീം പ്രാർത്ഥനാരീതികൾ പിന്തുടരുകയും ചെയ്തിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, RELIGIOUS CONVERSION, HINDUISM CONVERSION, INTERFAITH RELATIONSHIP, LOVE MARRIAGE STORY, MATHAM MAATTAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY