
തിരുവനന്തപുരം: മണക്കാടുള്ള വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചതിന് പിന്നിലെ കാരണം പൊലീസിനോട് വെളിപ്പെടുത്തി പ്രതി ഷെഫീഖ്. വിചാരണയിലിരിക്കുന്ന ബലാൽസംഗക്കേസിൽ കോടതി ശിക്ഷിക്കും മുമ്പ് അടിച്ചുപൊളിച്ച് ജീവിക്കാൻ പണം കണ്ടെത്താനായിരുന്നു 87 പവൻ കവർന്നതെന്ന് പിടിയിലായ ഷെഫീഖ് പൊലീസിനോട് വെളിപ്പെടുത്തി. 17 പവൻ വിറ്റ് കിട്ടിയ തുകയിൽ അരലക്ഷത്തോളം രൂപ രണ്ടുദിവസം ചെലവാക്കി തീർത്തു.
കാട്ടാക്കടയിലെ ബ്യൂട്ടിപാർലറിൽ പോയി ആദ്യം മുടിവെട്ടിച്ചു. ഒപ്പം ഹെയർ കളറിംഗും ഫേഷ്യലും ചെയ്തു. ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഷൂസും പുതിയ മൊബൈൽ ഫോണും വാങ്ങി. മുന്തിയ ബാർഹോട്ടലിൽ രണ്ടു ദിവസം മദ്യപിച്ചു. ഇഷ്ടഭക്ഷണങ്ങൾ കഴിച്ചു. അടുത്ത ദിവസം ഗോവയിലേയ്‌ക്ക് പോകാനായിരുന്നു ലക്ഷ്യം.
രണ്ടാം പ്രതിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ബീമാകണ്ണ് ആണ് 17 പവൻ വിൽക്കാൻ സഹായിച്ചത്. ഇതിൽ നിന്ന് കിട്ടിയ അഞ്ച് ലക്ഷം രൂപയിൽ രണ്ട് ലക്ഷം ഷെഫീഖ് ബീമാകണ്ണിനെ ഏൽപ്പിച്ചു. ബാക്കി മൂന്ന് ലക്ഷം ഷെഫീഖ് എടുത്തു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഷെഫീഖിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഫോർട്ട് അസി.കമ്മിഷണർ എസ് ഷാജി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |