SignIn
Kerala Kaumudi Online
Sunday, 12 July 2026 3.23 AM IST

സ്വർണ മോഷണക്കേസ്: രാജേഷ് എക്സ്‌പോർട്സ് മുൻ എം.ഡി  പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി

mehata

കൊച്ചി: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ആഭരണ കയറ്റുമതി സ്ഥാപനത്തിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിൽ രാജ്യത്തെ പ്രമുഖ സ്വർണ്ണക്കയറ്റുമതി സ്ഥാപനമായ ബംഗളൂരുവിലെ രാജേഷ് എക്സ്പോർട്സ് ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടർ പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി. അദ്ദേഹത്തിന്റെ സഹോദരനും രാജേഷ് എക്സ്പോർട്സ് സ്ഥാപകനും ഇപ്പോഴത്തെ സി.എം.ഡിയുമായ രാജേഷ് മെഹ്ത നൽകിയ പരാതിയിലെടുത്ത കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്.എച്ച്.ഒയുടെ മുന്നിൽ ഇന്നലെ ഹാജരായത്. കേസിൽ പ്രശാന്ത് ജെ. മെഹ്തയ്ക്ക് കേരള ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

രാജേഷ് എക്സ്പോർട്സിന്റെ ആഭരണ കയറ്റുമതി സ്ഥാപനം കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് പലപ്പോഴായി 8652 ഗ്രാം സ്വർണം മോഷണം പോയെന്ന പരാതിയിൽ സ്ഥാപനത്തിന്റെ ഇൻ ചാർജ് ആയിരുന്ന ബിജു എബ്രഹാമിനെ മുഖ്യപ്രതിയാക്കിയാണ് തൃക്കാക്കര പൊലീസ് ഇക്കഴിഞ്ഞ മാർച്ചിൽ കേസെടുത്തത്. 2010നും 2020നുമിടെ കാലയളവിൽ പലപ്പോഴായി സ്വർണം വകമാറ്റിയെന്നാണ് പരാതി. ഈ കാലയളവിൽ എം.ഡിയായിരുന്ന പ്രശാന്തിന്റെ അറിവോടെയും ഒത്താശയോടെയുമാണ് സ്വർണം കടത്തിയതെന്നും പരാതിയിലുണ്ട്.

ബിജു എബ്രഹാം ഒളിവിലാണ്. വിശ്വാസ വഞ്ചന, വഞ്ചനാക്കുറ്റം ഉൾപ്പെടെ 6 വകുപ്പുകൾ പ്രകാരമാണ് പ്രശാന്തിനെതിരെ കേസെടുത്തത്.

ലോകത്തെ പ്രമുഖ സ്വർണക്കയറ്റുമതി സ്ഥാപനമായ രാജേഷ് എക്സ്പോർട്സിന്റെ എം.ഡിയെന്ന നിലയിൽ നീണ്ടകാലം പ്രവ‌ർത്തിച്ച പ്രശാന്ത് ജെ മെഹ്ത കുടുംബവ്യവസായത്തിലെ തർക്കത്തെ തുടർന്ന് 2022 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു. എം.ഡിയായിരിക്കെ സ്വർണ്ണം വകമാറ്റിയതിന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് അദ്ദേഹത്തിനെതിരെ കസ്റ്റംസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY