SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

വീട്ടിൽ യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ, ഇൻസ്റ്റഗ്രാം സുഹൃത്തിനെ തിരഞ്ഞ് പൊലീസ്

crime

കഴക്കൂട്ടം : തലസ്ഥാനത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ പട്ടാപ്പകൽ കഴുത്തിൽ കുത്തി ക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയായ വെഞ്ഞാറമൂട് ആലിയാട് പ്ളാവിള വീട്ടിൽ ആതിര (30)​യാണ് ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ടത് .ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

ഇന്നലെ രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രാജീവ് രാവിലെ 11.30ന് മടങ്ങി എത്തിയപ്പോഴാണ് ആതിര മരിച്ച് കിടക്കുന്നത് കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു . യുവതിയുടെ സ്ക്കൂട്ടറും കാണാതായിരുന്നു. രാവിലെ എട്ടരയ്ക്ക് ആതിര കുട്ടിയെ സ്കൂളിലേക്ക് വിടുന്നത് കണ്ടതായി സമീപവാസികൾ പൊലീസിന് മൊഴി നൽകി. ഇതോടെ, 8.30നും 11.30നും ഇടിലാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. എന്നാൽ വീട്ടിൽ ആരെങ്കിലും വരുന്നതായി കണ്ടവരില്ല. പ്രതി മതിൽചാടിയാണ് വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇൻസ്റ്റഗ്രാം സുഹൃത്ത് ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജീവ് പൊലീസിന് മൊഴിനൽകിയെന്നാണ് വിവരം. യുവാവ് രണ്ടുദിവസം മുമ്പ് കഠിനംകുളത്ത് എത്തിയതായും പെരുമാതുറയിൽ മുറിയെടുത്തിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ആറ്രിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ കഠിനംകുളം സി.ഐ സാജൻ ബി.എസ്, എസ്.ഐ അനൂപ് എന്നിവരുൾപ്പെടുന്ന പൊലീസ് സംഘം അന്വേഷണം തുടങ്ങി.യുവാവിനായി തിരുവനന്തപുരത്തെ റെയിൽവേ സ്റ്രേഷനുകളിലും ബസ് സ്റ്രാൻഡുകളിലും മറ്റും വ്യാപകമായ തിരിച്ചിൽ ആരംഭിച്ചു. സമീപത്തെ സി.സി.ടിവികളും പൊലീസ് പരിശോധിച്ചു വരികയാണ്. കൃത്യം നടത്തിയതിന് ശേഷം പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസിന്റെ നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യാഗസ്ഥരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്രി. കായംകുളം സ്വദേശിയായ രാജീവ് 22 വർഷത്തോളമായി കഠിനംകുളം ക്ഷേത്രത്തിലെ പൂജാരിയാണ്. ക്ഷേത്രകമ്മിറ്റിക്കാരാണ് പൂജാരിക്ക് വീടെടുത്ത് നൽകിയിരുന്നത്. ഏഴുവർഷം മുമ്പാണ് വിവാഹം ചെയ്തത്. ഏക മകൻ ഗോവിന്ദ് സ്വകാര്യ സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. കുട്ടപ്പൻ, അമ്പിളി എന്നിവരാണ് ആതിരയുടെ മാതാപിതാക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MURDERED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY