SignIn
Kerala Kaumudi Online
Sunday, 14 June 2026 6.17 PM IST

വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാരെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

READ ENGLISH VERSION
-branch-secretary

ആലപ്പുഴ: കിടപ്പുരോഗിയായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാർക്കുനേരെ അക്രമം കാട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വാ‌ടകയ്‌ക്ക് താമസിക്കുന്ന പട്ടണക്കാട് ഹൈസ്‌കൂൾ ബ്രാഞ്ച് സെക്രട്ടറിയായ പ്രസന്നകുമാർ എന്ന പ്രസാദ് (52) ആണ് അറസ്റ്റിലായത്. ശനിയാഴ്‌ച രാവിലെയാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. വനിത-ശിശുക്ഷേമ വകുപ്പിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസർമാരായ മായ എസ് പണിക്കർ, കൗൺസിലർ അഞ്‌ജന, ഡ്രൈവർ ലോറൻസ് എന്നിവരെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

കിടപ്പുരോഗിയായ അമ്മ സതിയെ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി പ്രസാദിന്റെ മൂത്ത സഹോദരി അമ്പിളി പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ഇവരെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പ്രസാദ് മർദ്ദിച്ചത്. സംഭവമുണ്ടായതിന് പിന്നാലെ പൊലീസ് പ്രസന്നകുമാറിന്റെ വീട്ടിലെത്തി. എന്നാൽ അമ്മയെ കട്ടിലിൽ നിന്നും എടുത്തുയർത്തി ഇയാൾ ഭീഷണിമുഴക്കി. ഇതോടെ പൊലീസ് മടങ്ങി. പരിക്കേറ്റ ഉദ്യോഗസ്ഥർ പരാതി നൽകിയ ശേഷം തുറവൂർ ആശുപത്രിയിൽ ചികിത്സ തേടി.

പൊലീസ് മടങ്ങിയതോടെ ഇയാൾ വീട്ടിൽ നിന്നും മുങ്ങി.ഇതിനിടെ മന്ത്രി ബിന്ദു കൃഷ്‌ണ, പ്രതിയെ പിടികൂടണമെന്ന് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇതോടെ‌ അഞ്ച് മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന് ജില്ലാ പൊലീസ് മേധാവി ഉദ്യോഗസ്ഥരെ താക്കീത് ചെയ്‌തു. ഈ സമയം മരുത്തോർവട്ടത്തെ പെൺസുഹൃത്തിനെ വിളിച്ചശേഷം ഇവിടെനിന്നും വാടകയ്‌ക്കെ‌ടുത്ത കാറിൽ നാടുവിടാൻ തുടങ്ങുകയായിരുന്നു പ്രസന്നകുമാർ. ഞായറാഴ്‌ച പുലർച്ചെ കായംകുളം കൃഷ്‌ണപുരത്ത് നടത്തിയ പരിശോധനയിൽ പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ പി എസ് ജയന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രസന്നകുമാറിനെ ചേർത്തല ഫസ്റ്റ്‌ക്ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. കാറിൽ കൊല്ലത്തെ ഒരു ആശ്രമത്തിൽ ഒളിവിൽ കഴിയാൻ പോകവെയാണ് പ്രസന്നകുമാർ പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CPM, BRANCH SECRETARY, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY