
കൊച്ചി: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് രാസലഹരി വിതരണത്തിന് തയ്യാറെടുക്കുന്നതിനിടെ യുവാക്കളെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം അറസ്റ്റുചെയ്തു. ചേരാനല്ലൂർ ഇടക്കുന്നം മാതിരപ്പിള്ളി വീട്ടിൽ അമൽജോർജ് ഷെൻസൺ (33), വടക്കേക്കര പാല്യത്തുരുത്ത് മഠത്തിശേരിൽവീട്ടിൽ അഭിജിത്ത് (25) എന്നിവരാണ് പിടിയിലായത്,
കഴിഞ്ഞദിവസം അർദ്ധരാത്രി ഇടപ്പള്ളിനോർത്ത് പോയിഷറോഡ് ഔതൽപറമ്പ് ഫസൈഹ അപ്പാർട്ട്മെന്റിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽനിന്ന് 14.630ഗ്രാം എം.ഡി.എം.എ, 28000രൂപ എന്നിവ പിടിച്ചെടുത്തു.
അമൽ ജോർജ് രാസലഹരി വിതരണ കേസുകളിലെ പ്രതിയാണ്. ഒന്നിലധികം ലഹരി കേസുകളിൽ പ്രതിയാകുന്നവരെ കരുതൽ തടങ്കലിൽ അടക്കാനുള്ള പിറ്റ് എൻ.ഡി.പി.എസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ നടപടികൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |