SignIn
Kerala Kaumudi Online
Saturday, 10 October 2026 3.27 AM IST

ഏവിയേഷൻ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി കീഴടങ്ങി

adwaith

കൊച്ചി: കാറിടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏവിയേഷൻ വിദ്യാർത്ഥിയെ എറണാകുളം നഗരത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയും രണ്ട് കൂട്ടാളികളും കീഴടങ്ങി. പദ്ധതി ആസൂത്രണം ചെയ്ത ഇടുക്കി ഉടുമ്പൻചോല രാജാക്കാട് മുക്കൂടി തൈപ്പറമ്പിൽവീട്ടിൽ അദ്വൈത് (23), കട്ടപ്പന കൊച്ചറ കൈതിങ്കൽവീട്ടിൽ കെ. ഷാൻ (23), രാജാക്കാട് കള്ളിമാലി വരിക്കാട്ട് വീട്ടിൽ മിഥുൻ കൃഷ്ണ (23) എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി മുമ്പാകെ ഹാജരായത്. പ്രതികൾക്ക് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു.

തലശേരി ജഗന്നാഥടെമ്പിൾ സ്വദേശിയായ അലനെയാണ് (20) എറണാകുളം കാരിക്കാമുറി റോഡിൽനിന്ന് ആഗസ്റ്റ് 12ന് രാത്രി അദ്വൈതിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്. യുവാവിനെ രാജാക്കാട്ടെ ഏലത്തോട്ടത്തിൽ നഗ്നനാക്കി കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഒന്നരലക്ഷംരൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കിട്ടില്ലെന്ന് ഉറപ്പായതോടെ 13ന് രാത്രി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി പരിസരത്ത് ഉപേക്ഷിച്ചു. മറ്റ് പ്രതികളായ കെവിൻ പി. സജി. കെ.എസ്. അശ്വിൻ, ആദിത്യൻ എബി, ഗൗതം കൃഷ്ണ, അമർനാഥ് സുരേഷ്, യദുകൃഷ്ണ, ആ‌ദർശ് ശശി എന്നിവർ ദിവസങ്ങൾക്കകം പിടിയിലായിരുന്നു.

അദ്വൈതിൽനിന്ന് അലന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന തൃശൂർ സ്വദേശി വാങ്ങിയ സ്കോർപ്പിയോ കാറുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. അലനെ കെട്ടിയിടുന്നതും വിവസ്ത്രനാക്കി മർദ്ദിക്കുന്നതും പൊള്ളലേൽപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽഫോണിൽ പകർത്തി അലന്റെ പേരിലുള്ള ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചിരുന്നു. ഈ വാഹനം അലനാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, പൊള്ളലേൽപ്പിക്കൽ, ഭീഷണിപ്പെടുത്തി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ ഐ.ടി ആക്ടിലെ വകുപ്പുകളും ചുമത്തിയിരുന്നു. ഒളിവിലായിരുന്നവർ കീഴടങ്ങിയതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY