
കട്ടപ്പന : ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം ഏഴുകോൺ നെടുവത്തൂർ അമ്പലത്തുംകാല കെ.യു.മിഥുനാണ് വണ്ടൻമേട് പൊലീസിന്റെ പിടിയിലായത്. പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ താത്കാലിക പൂജാരിയായിരുന്ന മിഥുൻ കഴിഞ്ഞ ജനുവരിയിലാണ് 10 ലക്ഷം രൂപയോളം വില വരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്. ഫെബ്രുവരി പതിനാറിന് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്. സ്വർണ്ണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം അടിച്ചേൽപ്പിക്കപ്പെട്ട അന്നത്തെ സെക്രട്ടറി സുരേന്ദ്രൻ നായർ മാടപ്പാട്ട് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ കുറച്ചു ഭാഗങ്ങൾ പല സ്വർണക്കടകളിലായി വിൽക്കുകയും വേറെ സ്വർണം വാങ്ങുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ മോഷ്ടാവിനെ പിടികൂടിയതോടെ മാസങ്ങൾ നീണ്ട മാനസിക പീഡനത്തിൽ നിന്നും വിമുക്തനായതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രൻ നായർ.
സ്വന്തം കൃഷിയിടം വിറ്റ് ക്ഷേത്രത്തിന് സ്വർണ്ണവും വാങ്ങി നൽകിയിരുന്നു. മിഥുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |