
കഴക്കൂട്ടം: ലക്ഷങ്ങൾ വിലയുള്ള ബൈക്ക് മറിച്ചു വിൽക്കാൻ വാങ്ങിയ ശേഷം പണമോ വാഹനമോ തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ 'ഡോക്ടർ സെല്ലർ" എന്ന സ്ഥാപനത്തിന്റെ ഉടമ ജിബിൻ രാജിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. അമ്പൂരി സ്വദേശി വിഷ്ണു തങ്കച്ചന്റെ പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. കമ്മിഷൻ അടിസ്ഥാനത്തിൽ വാഹനങ്ങൾ വിൽക്കുന്നയാളാണെന്ന് വിശ്വസിപ്പിച്ച് ജിബിൻ രാജ് പരാതിക്കാരനെ സമീപിച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുള്ള വിഷ്ണുവിന്റെ ബൈക്ക് വിറ്റ് തരാമെന്നും വില്പന നടന്നില്ലെങ്കിൽ വാഹനം തിരികെ നൽകാമെന്നും ഉറപ്പുനൽകി. 2025 നവംബറിലാണ് വാഹനം കൈപ്പറ്റിയത്. എന്നാൽ വാഹനം വിറ്റ തുകയോ ബൈക്കോ തിരികെ നൽകാതെ പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു. വിഷ്ണു ഫോണിലൂടെയും നേരിട്ടും പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂലമായ മറുപടി ലഭിച്ചില്ല. പൊലീസിൽ പരാതി നൽകിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വിഷ്ണു ആറ്റിങ്ങൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കഴക്കൂട്ടം എസ്.ഐ ഹരിചന്ദ് കെ.ആറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |