
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജാഫർ ഇടുക്കി. ചുരുളിയിൽ കള്ളുഷാപ്പുകാരന്റെ വേഷമാണ് ജാഫർ ഇടുക്കി അഭിനയിച്ചത്. സിനിമയിൽ അഭിനയിച്ചതുകൊണ്ട് വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുരുളിയിൽ ഉപയോഗിച്ച വാക്കുകളെ എന്തിനാണ് തെറിയെന്ന് പറയുന്നതെന്നും ജാഫർ ചോദിച്ചു. കഴിഞ്ഞ ദിവസം നടൻ ജോജു ജോർജ് നടത്തിയ വാർത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു ജാഫർ ഇടുക്കി.
'ഞാനൊരു സാധാരണക്കാരനാണ്. ഞാൻ അഭിനയിച്ചിട്ട് വീട്ടിൽ വരുമ്പോൾ ഭാര്യയും മക്കളും ആഹാരം തരാതിരിക്കുകയോ വീട്ടിൽ കയറ്റാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഞാനൊരു വൈദിക കുടുംബത്തിലെ അംഗമാണ്. എന്റെ കുടുംബത്തിൽ മുസ്ലിയാർമാരൊക്കയുണ്ട്. അങ്ങനെയുളളവർ ചുരുളി കാണാൻ സാദ്ധ്യതയില്ല. ആരാണ് തെറിയെന്നൊക്കെ പറയുന്നത്. നമ്മുടെ നാട്ടിൽ പണ്ട് ഉപയോഗിച്ചുവന്നിരുന്ന വാക്കുകൾ ചിലർ തെറിയെന്ന് പറയുന്നു. ചില വാക്കുകൾക്ക് വേറെ നാട്ടിൽ നല്ല അർത്ഥങ്ങളായിരിക്കും ഉണ്ടാകുക.
ചുരുളി എല്ലാവരും കണ്ട സിനിമയാണ്. ഇതൊന്നും സംസാരമാക്കേണ്ട വിഷയമല്ല. അല്ലാതെ തന്നെ ഒരുപാട് വിഷയങ്ങൾ സംസാരിക്കാനുണ്ട്. ഇപ്പോഴിതാ മൂന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടാൻ പോകുന്നുവെന്ന് പറയുന്നു. അത് ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കൂ. ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ എന്റെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചുരുളിയിലേക്ക് എന്നെ ക്ഷണിച്ചത്. അതിൽ അഭിനയിച്ചുകിട്ടിയ പണം കൊണ്ട് ഞാൻ അരി വാങ്ങിച്ചു. എന്റെ മക്കളും ഭാര്യയും ആ പണം ഉപയോഗിച്ചു. അല്ലാതെ എന്തിനാണ് ആ സിനിമ ചെയ്തതെന്ന് അവർ ചോദിച്ചില്ല. അഭിനയമാണ് എന്റെ തൊഴിൽ'- ജാഫർ ഇടുക്കി പറഞ്ഞു.
മകൾക്ക് സഹപാഠി താൻ തെറി പറയുന്നതിന്റെ ട്രോൾ കാണിച്ചുകൊടുത്തെന്ന് വാർത്താസമ്മേളനത്തിൽ ജോജു ജോർജ് പറഞ്ഞിരുന്നു. ചുരുളിയിൽ താൻ അഭിനയിക്കരുതായിരുന്നുവെന്ന് മകൾ വീട്ടിൽ വന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുളിയിലെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ജോജു ജോർജും സംവിധായകനും തമ്മിൽ പ്രശ്നമുണ്ടായത്. ഈ വിഷയത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയും പ്രതികരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |