SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.31 AM IST

വീട് വിൽക്കാനിട്ടിരിക്കുകയാണ്, വാടക വീട്ടിലാണ്, വയ്യാത്ത മകൾ; ആരോപണങ്ങളിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ച് ബിനു അടിമാലി

READ ENGLISH VERSION
binu-adimali

കഴിഞ്ഞദിവസമാണ് നടനും മിമിക്രിതാരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫോട്ടോഗ്രാഫർ ജിനേഷ് രംഗത്തെത്തിയത്. ബിനു അടിമാലി തന്നെ ആക്രമിച്ചെന്നും ക്യാമറ തകർത്തെന്നുമൊക്കെയായിരുന്നു ആരോപണം. അന്തരിച്ച മിമിക്രിതാരം സുധിയുടെ വീട്ടിൽ പോയതുപോലും പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ഇയാൾ പറഞ്ഞിരുന്നു. അരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബിനു അടിമാലിയിപ്പോൾ.

താൻ ജിനേഷിനെ ആക്രമിച്ചിട്ടില്ലെന്നും അന്നം തരുന്ന ക്യാമറ അടിച്ചുപൊട്ടിച്ചിട്ടില്ലെന്നും ബിനു അടിമാലി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. 'ഞാൻ ഈ കമന്റുകളും വാർത്തകളുമൊന്നും കേട്ടില്ല. കേട്ടാൽ തകർന്നുപോകും. ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് ഞാൻ ജിനേഷിനെ കാണുന്നത്. പുള്ളി എന്നോട് പറഞ്ഞു, ബിനുചേട്ടന് പേജ് കൈകാര്യം ചെയ്യാനറിയില്ലല്ലോ, നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. പുള്ളി ഫോട്ടോഗ്രാഫാറാണ്. പുള്ളിക്ക് പുള്ളിയുടെ ഫോട്ടോയിടാൻ റീച്ചുള്ള ഒരു പേജ് വേണം.

എന്റെ പേജ് നോക്കാൻ വന്നയാൾ എന്നോട് ചോദിക്കുകയാണ്, ചേട്ടാ ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. ഇങ്ങനെ പല തവണ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. പേജ് വഴി മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളുണ്ടായി. എന്നോട് ചോദിക്കാതെ പാസ്‌വേഡുകൾ മാറ്റി.

കൂട്ടുകാരുടെയൊക്കെ കൂടി ഞാൻ ട്രിപ്പ് പോയി, അവിടത്തെ ഫോട്ടോ ഇടാൻ നോക്കുമ്പോൾ എനിക്ക് പേജ് ഓപ്പണാക്കാൻ പറ്റുന്നില്ല. ഞാൻ പുള്ളിയെ വിളിച്ചു. അപ്പോൾ പാസ്‌വേഡ് മാറ്റിയെന്ന് പറയും. എന്തിനെന്ന് ചോദിച്ചാൽ, ഹാക്ക് ചെയ്യാൻ സാദ്ധ്യതയുള്ളതുകൊണ്ടാണെന്ന് പറയും. നമ്മളെ മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

എന്റെ കൂടെ സഹകരിച്ച ഒരാളും ഞാനൊരു മോശക്കാരനാണെന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസം. ഞാൻ ഒരു ബിസിനസ് മൈൻഡ് ഉള്ളയാളുമല്ല. ഉള്ള വീട് വിൽക്കാനിട്ടേക്കുകയാണ്. എന്റെ മോൻ വിദേശത്ത് പോകുവാ, പഠിക്കാനായിട്ട്. അവന്റെ ലോണും വീടിന്റെ ലോണും അടയ്ക്കാൻ പറ്റാത്തോണ്ട് വീട് വിറ്റു. സോഷ്യൽ മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസാക്കാൻ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്. ബിനു അടിമാലിയെ സോഷ്യൽ മീഡിയ വഴി ഉപദ്രവിക്കില്ലെന്ന് പറഞ്ഞ് പാലാരിവട്ടം സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തതാണ് ജിനേഷ്.


പലപ്പോഴായി അമ്പത്തിരണ്ടായിരം രൂപ കടം വാങ്ങി. അതിന്റെ തെളിവ് ഫോണിലുണ്ട്. അത് തിരിച്ച് തന്നിട്ടില്ല. എറണാകുളത്തൊക്കെ നിൽക്കുകയാണെങ്കിൽ പൈസയുടെ ആവശ്യമുണ്ടെന്ന് പറഞ്ഞ് വാങ്ങിയിട്ടുണ്ട്. പുള്ളിയുടെ ബേക്കറിയാണെന്ന് പറഞ്ഞ് പാലായിൽ ഉദ്ഘാടനത്തിന് വിളിച്ചു. പുള്ളിയുടേതായതിനാൽ ഞാൻ പൈസ വാങ്ങിയില്ല. ഈ ബേക്കറി അവന്റേതാണെന്ന് പോലും സംശയമാണ്. എന്റെ പേജിൽ പരസ്യമിട്ടാൽ പൈസ കിട്ടും. എനിക്കൊന്നും കിട്ടിയിട്ടില്ല. പിന്നെ സുധിയുടെ വീട്ടിൽ പോയത് ഇവന്റെ നിർബന്ധപ്രകാരമാണ്. ചേട്ടാ നമ്മൾ നേരത്തെ ചെന്നില്ലെങ്കിൽ നമ്മുടെ മാർക്കറ്റിംഗിനെ ബാധിക്കുമെന്ന് പറഞ്ഞു. അങ്ങനെയൊരു വരുമാനം നമുക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. ഞാൻ ഇരിക്കേണ്ടിടത്ത് അവർ ഇരുന്നതുകൊണ്ട്, എനിക്ക് പകരക്കാരനായിട്ടാണ് സുധി പോയത്.

സുധിയുടെ വീട്ടിൽ പോകുന്ന വീഡിയോ ഇടാമെന്ന് ജിനേഷ് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. ഇതിന്റെ പൈസയും എനിക്ക് വേണ്ടെന്ന് പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത വിഷമമാണ് അത്. ഇവൻ ഞങ്ങളറിയാതെ വീഡിയോയെടുത്തു. എന്നിട്ട് എന്റെ സുഹൃത്താണ് ഇതെനിക്ക് കാണിച്ചുതരുന്നത്.

കൂടെനിൽക്കുന്നവരെ കണ്ണടച്ച് വിശ്വസിച്ചതിന് എട്ട് നിലയിൽ പണി കിട്ടിയിട്ടുള്ളയാളാണ് ഞാൻ. ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിലാണ്.'- അഭിമുഖത്തിനിടെ ബിനു പല തവണ പൊട്ടിക്കരഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINUADIMALI, CONTROVERSY, PHOTOGRAPHERJINESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY