SignIn
Kerala Kaumudi Online
Thursday, 11 June 2026 7.19 AM IST

'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' നേടിയത് മുടക്കുമുതലിന്റെ പത്തിരട്ടി; ചിത്രത്തിന്റെ ബഡ്ജറ്റ് വെളിപ്പെടുത്തി വിനയൻ

READ ENGLISH VERSION
vinayan

മുടക്കുമുതലിന്റെ പത്തിരട്ടി നേടിയ ചിത്രമാണ് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന് സംവിധായകൻ വിനയൻ. വെറും നാൽപ്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് ആ സിനിമ ചെയ്തതെന്നും ഇന്നത്തെ കണക്കുവച്ചുനോക്കിയാൽ നാലു കോടിയോളം രൂപ ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുടക്കുമുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രമെന്ന റെക്കാർഡ് ഇന്നും 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയ്ക്ക് സ്വന്തമാണെന്ന് നിർമാതാവ് മഹാസുബൈർ പറഞ്ഞിരുന്നു. ഈ വാക്ക് പങ്കുവച്ചുകൊണ്ടാണ് വിനയന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിർമ്മാതാവ് മഹാസുബൈറിന്റേതായി വന്നവാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി.. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയിൽ ഞാൻ ആ സിനിമയുടെ കളക്ഷനേ പറ്റി ചിന്തിച്ചിരുന്നില്ല.. അന്ന് നാൽപ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും". ഇന്നത്തെ നിലയിൽ നാലു കോടിയിൽ പരം രൂപ..


മൂന്നു കോടി എൺപതു ലക്ഷം രൂപ അന്ന് കളക്ഷൻ നേടി (നിർമ്മാതാവിന്റെ മാത്രം ഷെയറാണ്.. തീയറ്റർ വിഹിതവും വിനോദ നികുതിയും ഉൾപ്പടെ ഇന്നു പറയുന്ന മൊത്തം കളക്ഷന് കിട്ടാൻ അതിന്റെ രണ്ട് ഇരട്ടി കൂടി കൂട്ടണം) ഇത് ഒരു വലിയ വിജയം തന്നെ ആയിരുന്നു.. മുടക്കു മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കിൽ ആ റെക്കോഡ് അന്തരിച്ച മഹാനായ കലാകാരൻ കലാഭവൻ മണിക്കായി ഞാൻ സമർപ്പിക്കുന്നു...


1999 ൽ കാക്കനാട്ടുള്ള ഹിൽവ്യൂ ഹോട്ടലിൽ വച്ച് ആദ്യമായി എനിക്ക് അഡ്വാൻസ് തന്നത് സുബൈർ ആയിരുന്നു... അതിന് ശേഷമാണ് വിന്ധ്യനും, സർഗ്ഗം കബീറും, ലത്തീഫിക്കയുമൊക്കെ ആ സിനിമയുടെ നിർമ്മാണച്ചുമതലയിലേക്ക് വന്നത്... കലാഭവൻ മണിയെ ആദ്യമായി നാകനാക്കിയ ആ ചിത്രത്തെ ഒരു പരീക്ഷണ ചിത്രമായിട്ടാണ് അന്ന് എല്ലാവരും കണ്ടത്.. ആകാശ ഗംഗയും,കല്യാണ സൗഗന്ധികവും, ഇൻഡിപ്പെൻഡൻസും പോലുള്ള എന്റെ കൊച്ചു സിനിമകൾ വലിയ വിജയം നേടിയിരുന്ന ആ സമയത്ത് ഇങ്ങനെ ഒരു പരീക്ഷണ ചിത്രത്തിനു പോണോ എന്ന് പലരും ചോദിച്ചിരുന്നു.

പക്ഷേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർ കുറവായിരുന്ന ആ സിനിമ പിന്നീട് നൂറു ദിവസത്തിലധികം തീയറ്ററുകളിൽ നിറഞ്ഞ സദസുകൾ തീർത്തു... അതുവരെ കോമഡി മാത്രം ചെയ്തിരുന്ന കലാഭവൻ മണി അഭിനയ കലയുടെ കൊടുമുടിയിലെത്തി ദേശീയ അവാർഡ് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് ബോധം കെട്ടു വീണ കഥയൊക്കെ സിനിമാ പ്രേമികൾക്ക് മറക്കാൻ കഴിയില്ലല്ലോ?

"വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" മുതൽ ഇപ്പോൾ തീയറ്ററുകളെ ഉത്സവപ്പറമ്പാക്കി നിറഞ്ഞോടുന്ന "തുടരും" വരെയുള്ള സിനിമകൾ നോക്കുമ്പോൾ ശതകോടികൾ മുടക്കുമുതലുള്ള സിനിമകളേക്കാളും കാമ്പുള്ള കഥ പറയുന്ന സിനിമകളെ മലയാളി ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കു മനസിലാകും.. ന്യൂ ജനറേഷന്റെ ആസ്വാദന നിലവാരത്തിനൊത്ത സിനിമകളുടെ ഇന്നത്തെ തിരക്കിനിടയിലും മനസിൽ തട്ടുന്ന കഥകളുള്ള സിനിമകളുടെ ഇടം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ല…
ജീവിതപ്പോരാട്ടങ്ങളുടെ വ്യഥയും.. ഏതു ദുഖത്തിലും സ്നേഹത്തോടെ ചേർത്തുപിടിക്കപെടുന്നവന്റെ സന്തോഷക്കണ്ണീരും.. ആത്മാർത്ഥതയുടെ അന്തസത്തതയുമൊന്നും എത്ര തലമുറമാറ്റമുണ്ടായാലും മാറുന്നതല്ലല്ലോ?

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VINAYAN TG, VASANTHIYUM LEKSHMIYUM PINNE NJANUM, MOVIENEWS, MALAYALAM MOVIE, KALABHAVAN MANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY