SignIn
Kerala Kaumudi Online
Wednesday, 10 June 2026 9.00 PM IST

മലയാളത്തിൽ ഒരു സിനിമ പോലും 100 കോടി കളക്‌ട് ചെയ്തിട്ടില്ല; നിർമാണം ഇന്ന് കൈവിട്ട കളിയെന്ന് സുരേഷ് കുമാർ

READ ENGLISH VERSION
suresh-kumar

ഇന്ന് സിനിമാ നി‌ർമാണം ഒരു കൈവിട്ട കളിയാണെന്ന് നിർമാതാവ് സുരേഷ് കുമാർ. സിനിമാ നി‌ർമിക്കാൻ തുടങ്ങിയ കാലത്ത് പരാജയങ്ങൾ ഉണ്ടായാലും താങ്ങാൻ കഴിയുമായിരുന്നു. ഇന്നൊരു പടം ഹിറ്റായാൽ താരങ്ങൾ കോടികളാണ് വർദ്ധിപ്പിക്കുന്നതെന്നും സുരേഷ് കുമാർ‌ പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്‌തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌മൃതി സന്ധ്യയിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

'ഒരു പടം ഹിറ്റായാൽ ഇന്ന് കോടികൾ കൂട്ടുകയാണ് ആളുകൾ. 100 കോടി ക്ളബ്, 500 കോടി ക്ളബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. എന്നാൽ മലയാളത്തിൽ ഒരു സിനിമ പോലും 100 കോടി കളക്‌ട് ചെയ്തിട്ടില്ല. കളക്‌ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കളക്ഷന്റെ കാര്യത്തിലാണ്.

സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കുന്നില്ല. വ്യക്തികളെ അവഹേളിക്കുന്ന തരത്തിലെ പ്രതികരണങ്ങളോടാണ് എതിർപ്പ്. പല അവസരങ്ങളിലും നിരൂപണത്തിന്റ പരിധിവിട്ട് വ്യക്തിഹത്യയിലേയ്ക്ക് പോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

മുൻപ് തിയേറ്ററുകളിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നി‌ർമിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തിയേറ്ററുകളിലെത്തും'- സുരേഷ് കുമാർ‌ പറഞ്ഞു.

കഥ, സംവിധാനം, സാങ്കേതികത എന്നീ മേഖലകളിൽ മലയാള സിനിമ മികച്ച് നിന്ന കാലഘട്ടമായിരുന്നു എൺപതുകളെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ഇന്ന് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ മലയാള സിനിമ മികച്ച് നിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ കാൽനൂറ്റാണ്ട് കൂടുമ്പോഴും മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് കമൽ ചൂണ്ടിക്കാട്ടി. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെ സംഭാവന ചെയ്ത കാലമായിരുന്നു എൺപതുകളെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESH KUMAR, KAMAL, MANIYAN PILLAI RFAJU, FILM, 100 CRORE CLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY