SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.34 AM IST

''എന്നോട് പറയാൻ ലോഹി കരുതി വച്ചിരുന്ന ആ മോഹൻലാൽ കഥ എന്തായിരുന്നിരിക്കും''

READ ENGLISH VERSION
lohi-lal-siby

ലോഹിതദാസ് വേർപിരിഞ്ഞിട്ട്15 വർഷമാകുന്നു. ലോഹിതദാസ് എന്ന മനുഷ്യമനസിനെ അടുത്തറിഞ്ഞ കഥാകാരൻ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരാൾ ഉണ്ടോയെന്ന് സംശയമാണ്. അതുകൊണ്ട് തന്നെയാണ് ലോഹിയുടെ ഓരോ തിരക്കഥയും ഇന്നും പ്രേക്ഷകനെ അസ്വസ്ഥനാക്കുന്നത്. ലോഹിതദാസുമായി ചേർന്ന് ഏറ്റവുമധികം ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ചത് സിബി മലയിൽ ആണ്.

സിബി ലോഹിയെ ഓർക്കുന്നത് അദ്ദേഹം വിട്ടുപോയ ദിവസത്തെ ഓർത്തുകൊണ്ടാണ്. സിബി മലയിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്-

''ഇന്ന് 2024 ജൂൺ ഇരുപത്തിയെട്ട് . മാക്ടയുടെ മുപ്പതാമത്‌ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുകയാണ് . പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ജൂൺ ഇരുപത്തിയേഴിനു തിരുവനന്തപുരത്തു വച്ച് നടന്ന മാക്ടയുടെ പതിനഞ്ചാം വാർഷിക പൊതുയോഗത്തിന് ശേഷം പിറ്റേന്ന് രാവിലെ തന്നെ തനിച്ചു വണ്ടിയോടിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ടു . കൊച്ചിയിലെത്തി അടുത്ത ദിവസം തന്നെ ലക്കിടിയിലേക്കു പോകണം .മുൻകൂട്ടി തീരുമാനിച്ച പ്രകാരം ലോഹി അവിടെ മോഹൻലാലുമൊത്തുള്ള ഞങ്ങളുടെ പുതിയ സിനിമയുടെ കഥ പറയാൻ കാത്തിരിപ്പുണ്ട്.

ഏറെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഞങ്ങൾ മൂവരുടെയും കൂടിച്ചേരലിന്റെ ആവേശവും സന്തോഷവും മൂലം ഒറ്റയ്ക്കുള്ള യാത്രയുടെ വിരസതയൊന്നും ഞാൻ അറിഞ്ഞതേയില്ല. ചേർത്തല ബൈപാസ്സെത്തിയപ്പോൾ മോനിഷയുടെ വേർപാടിന്റെ ഓർമ്മകൾ ഒരു നൊമ്പരമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി ... പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ മൊബൈൽ ഫോൺ അലറിക്കരഞ്ഞു . അങ്ങേത്തലക്കൽ നിന്നും വിറയാർന്ന ശബ്ദത്തിൽ കമൽ പറഞ്ഞു "സിബീ നമ്മുടെ ലോഹി പോയി". എന്റെ വണ്ടി ഒരു നിമിഷം ഒന്ന് പാളി .പിന്നീട് കമൽ പറഞ്ഞതെല്ലാം അവ്യക്തമായ ശബ്ദങ്ങളായി മാത്രം എന്റെ ചെവിയിൽ മുഴങ്ങി .പിന്നെ തുടരെത്തുടരെ ആരൊക്കെയോ വിളിച്ചുകൊണ്ടിരുന്നു ,എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .ഇടക്ക് പ്രതികരണം ചോദിച്ചു വിളിച്ച ഏതോ മാധ്യമപ്രവർത്തകനോട് ഞാൻ കയർത്തുകൊണ്ടു എന്തൊക്കെയോ പറഞ്ഞു .എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എനിക്ക് തിരിയുന്നുണ്ടായിരുന്നില്ല ,മുൻപിലെ റോഡ് എനിക്കൊരു മങ്ങിയ കാഴ്ച മാത്രമായിരുന്നു . ചേർത്തലയിൽ നിന്നും എറണാകുളം ലിസ്സി ആശുപത്രിവരെ എങ്ങനെ വണ്ടിയോടിച്ചെത്തിയെന്നു എനിക്കിന്നുമറിയില്ല .ആരൊക്കെയോ ചേർന്നെന്നെ ആശുപത്രിയിലെ മുകൾനിലയിലെ ഒരു മുറിയിലേയ്ക്ക് കൊണ്ടുപോയി.

അവിടെക്കണ്ട ഒരു പച്ച വിരിമറക്കപ്പുറം ലോഹിയുണ്ടെന്ന് ആരോ പറഞ്ഞു .ഒരു താങ്ങിനായി ചാരി നിന്ന ചുമരിലൂടെ ഊർന്നിറങ്ങിയ എന്നെ ആരോ താങ്ങുന്നുണ്ടായിരുന്നു ... എന്നോട് പറയാൻ ലോഹി കരുതി വച്ചിരുന്ന ആ കഥ എന്തായിരുന്നിരിക്കും''.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOHITHADAS, SIBY MALAYIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY