SignIn
Kerala Kaumudi Online
Monday, 25 May 2026 11.25 PM IST

കർണാടകയിൽ കോൺഗ്രസ് നൽകിയ അഞ്ച് ഗ്യാരണ്ടികൾ കേരളത്തിലും ആവർത്തിക്കും: ഡികെ ശിവകുമാർ

dk-shivakumar-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ പോലും കേരളത്തിന്റെ വികസനമെത്തിക്കാൻ കഴിയാത്ത പിണറായി സർക്കാർ കേരളത്തിൽ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സംസ്ഥാനത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലാണ്. കേരളത്തിലെ യുവാക്കൾ മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണ്. എന്നാൽ അവർക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി തൊഴിൽ നൽകാനുള്ള സാഹചര്യം ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ അവസരങ്ങൾക്ക് സൃഷ്ടിക്കാൻ കേരളത്തിലേക്ക് നിക്ഷേപങ്ങൾ എത്തുകയും പുതിയ വ്യവസായങ്ങൾ ആരംഭിക്കുകയും വേണം. എന്നാൽ നിക്ഷേപങ്ങൾ എത്തിക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രമിച്ചിട്ടില്ല. നിക്ഷേപകരെ ആകർഷിക്കുന്ന ഒരു നയം പോലും കേരളത്തിനില്ല. കേരളത്തിലേക്ക് നിക്ഷേപം എത്തണമെങ്കിൽ കമ്മ്യൂണിസ്റ്റ് ചിന്തഗതി മാറണം. നിക്ഷേപകർക്ക് ഇവിടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. എന്നാൽ ഇതൊന്നും ഇവിടെ നടക്കുന്നില്ലെന്നു ഡി.കെ ശിവകുമാർ കുറ്റപ്പെടുത്തി.

കേരളത്തിൽ 25 ലക്ഷത്തിലധികം യുവാക്കൾ തൊഴിൽരഹിതരാണെന്നാണ് കണക്ക്. ബാഗ്ലൂരിൽ ഐ.ടി മേഖലയിൽ പണിയെടുക്കുന്ന എഞ്ചിനിയർമാരിൽ 20 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്. കർണാടകയിൽ ജോലിചെയ്യുന്ന മലയാളികളുടെ ഇടയിൽ നടത്തിയ സർവ്വേയിൽ 90 ശതമാനം പേരും ഇടതു സർക്കാരിനെതിരെ വോട്ടു ചെയ്യാൻ നാട്ടിൽ എത്തുമെന്ന് പറഞ്ഞു. പ്രവാസി വോട്ടർമാരെ കൊണ്ടുവരാൻ സർക്കാർ ഒരു സൗകര്യവും ഏർപ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള പോലൊരു വിഷയം മറ്റേതെങ്കിലും പ്രതിപക്ഷ സർക്കാർ ഭരിക്കുന്ന സ്ഥലത്തായിരുന്നുവെങ്കിൽ അവിടെ കേന്ദ്ര എജൻസികൾ പറന്നിറങ്ങുമായിരുന്നു. ശബരിമലക്കേസിൽ സി.ബി.ഐ അന്വേഷണമില്ലാത്തത് തന്നെ ബി.ജെ.പിയും സി.പിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല. അത് വിശ്വാസികളെ മുഴുവൻ ബാധിക്കുന്നതാണ്. ഇതൊരു ദേശീയ വിഷയമായിട്ടും പ്രധാനമന്ത്രി ഈ വിഷയത്തിൽ മൗനം പാലിച്ചു. ഈ കൊള്ളക്ക് കേന്ദ്ര സർക്കാർ സംരക്ഷണം നൽകിയാലും വരാനിതിരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ കൊള്ളക്കാർക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കർണാടകയിൽ കോൺഗ്രസ് നൽകിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയിൽ തന്നെ അംഗീകരിച്ച് നടപ്പിലാക്കിയ മാതൃക കേരളത്തിലും ആവർത്തിക്കും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് നൽകുന്ന എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തും. യുവാക്കൾക്ക് വലിയ പ്രാതിനിധ്യമാണ് ഇത്തവണ കോൺഗ്രസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DK SHIVAKUMAR, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA