SignIn
Kerala Kaumudi Online
Wednesday, 01 July 2026 7.58 AM IST

കിട്ടാനില്ല, 100 രൂപയുടെ മുദ്രപത്രം; പകരം 500 രൂപയുടേത് വാങ്ങി ജനം, അച്ചടി ഓർഡർ നൽകിയിട്ട് 2 വർഷം

READ ENGLISH VERSION
stamp-paper

മലപ്പുറം: രണ്ടുവർഷമായി അച്ചടി ഓർഡർ നൽകാത്തതിനാൽ 100 രൂപയുടെ മുദ്രപത്രത്തിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം. പകരം ആവശ്യക്കാർക്ക് 500 രൂപയുടേത് വാങ്ങേണ്ടിവരുന്നു. സാധാരണക്കാർക്ക് ഇത് അധിക ബാദ്ധ്യതയുണ്ടാക്കുന്നു. 500 രൂപയുടേതിന് ക്ഷാമമുണ്ടായാൽ 1000 രൂപയുടെ പത്രത്തെ ആശ്രയിക്കേണ്ടിവരും. സംസ്ഥാനത്ത് ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി 2021ന് ശേഷം മഹാരാഷ്ട്ര നാസിക്കിലെ സെക്യൂരിറ്റി പ്രസിന് മുദ്രപത്രങ്ങളുടെ അച്ചടി ഓർഡർ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

100 രൂപയുടെ പത്രത്തിനാണ് ആവശ്യക്കാർ ഏറെ. ജനന, മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്‌ട്രേഷൻ,​ സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, സത്യവാങ്മൂലം, ബാങ്ക് വായ്പകൾ,​ വിവിധ കരാറുകൾ, സമ്മതപത്രങ്ങൾ, പാസ്‌പോർട്ട് എന്നിവയ്ക്ക് 100 രൂപയുടെ മുദ്രപത്രം ആവശ്യമാണ്. കിട്ടാനില്ലാത്തതിനാൽ കൂടുതൽ തുകയ്ക്കുള്ള പത്രം വാങ്ങാൻ ആവശ്യക്കാർ നിർബന്ധിതരാകുന്നു.

2022 ഏപ്രിൽ മുതൽ ഇ-സ്റ്റാമ്പിംഗ് പൂർണ്ണമായും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സമയപരിധി പിന്നീട് 2024 മാർച്ചിലേക്ക് നീട്ടി. നിലവിൽ ഒരുലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്കാണ് ഇ-സ്റ്റാമ്പിംഗ്. 50 രൂപയുടെ ട്രഷറി ഇടപാടിനടക്കം ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. വ്യാജമുദ്രപത്രം തടയുക അടക്കമാണ് ലക്ഷ്യം.

മൂല്യംകൂട്ടി നൽകുന്നതിന് മെല്ലെപ്പോക്ക്

5, 10, 20 രൂപ മൂല്യമുള്ള മുദ്രപത്രങ്ങൾ 100 രൂപയുടേതായും 50 രൂപയുടെ മുദ്രപത്രങ്ങൾ 500 രൂപയുടേതായും മൂല്യം കൂട്ടി മുദ്രവച്ചു നൽകാൻ രണ്ടാഴ്ചമുമ്പ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ട്രഷറി ഡയറക്ടർ ഇതിനുള്ള പ്രത്യേക സീൽ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ അധികൃതർക്ക് നിർമ്മിച്ചു നൽകണം. ഇതുവരെ അത് ലഭ്യമാക്കാൻ കഴിയാത്തതാണ് ക്ഷാമത്തിന് കാരണം.

ചെറിയ വിലയുടെ മുദ്രപത്രങ്ങൾ പുനർമൂല്യനിർണയം നടത്തുന്നതോടെ പ്രശ്നത്തിന് പരിഹാരമാവും.

ആർ.ദീപ, സൂപ്രണ്ട്,

സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ,

തിരുവനന്തപുരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STAMPPAPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA