
തിരുവനന്തപുരം: പി.എസ്.സിക്കെതിരെ ഉയർന്ന പരാതികളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും. പി.എസ്.സി നടത്തുന്ന ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് പരിമിതിയുണ്ടെന്ന് വിലയിരുത്തിയാണിത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമേ പി.എസ്.സി വിജിലൻസിന് കഴിയുകയുള്ളൂ. എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുന്നത് പി.എസ്.സിയാണ്. ഇതിലൂടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട് . വിജിലൻസ് അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ വേണമെന്നാണ് യു.ഡി.എഫ് നേതൃത്വവും ആവശ്യപ്പെടുന്നത്. പ്രത്യേക സംഘം രൂപീകരിക്കാനുള്ള ആലോചനയും സജീവമാണ്.
ആസൂത്രണ ബോർഡിലെ പ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിൽ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിലാണ് പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. പി.എസ്.സിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പരാതികൾ മുഖ്യമന്ത്രി വി.ഡി.സതീശന് ലഭിച്ചിട്ടുണ്ട്. പുറത്തുവന്നതിനേക്കാൾ കൂടുതൽ ഗൗരവമുള്ള പരാതികളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയത്. ഇതു ലഭിച്ച ശേഷം അന്വേഷണം തീരുമാനമെടുക്കും.
ആസൂത്രണ ബോർഡിലെ സുപ്രധാന തസ്‌കകളിലേക്കുള്ള പരീക്ഷയിൽ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിൽ പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണം ഇന്നലെ തുടങ്ങിയില്ല. ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്‌ട്രക്ചർ ചീഫ്, പ്ലാനിംഗ് കോഓർഡിനേഷൻ ഡിവിഷൻ ചീഫ്, പെഴ്സ്‌പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കുള്ള പൊതുപരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഴവുണ്ടായത്. ഡിവൈഎസ്.പിക്കാണ് നിലവിൽ ചുമതല. പുതിയ എസ്.പി ഇന്ന് ചുമതലയേറ്റെടുത്തേക്കും. ഇതിനു ശേഷം മാത്രമേ ആഭ്യന്തര അന്വേഷണം തുടങ്ങുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |