
കൊച്ചി: എടത്തലയിൽ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ദിവസങ്ങളോളം നീണ്ട കൗൺസലിംഗിന് ഒടുവിൽ ചട്ടുകം പഴുപ്പിച്ച് പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടി തുറന്നു പറയുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എടത്തല പൊലീസ് കേസെടുത്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ അഭയകേന്ദ്രത്തിലുള്ള കുട്ടി ആദ്യം പിതാവിന്റെ ക്രൂരകൃത്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. മാതാവ് ബന്ധം വേർപെടുത്തിയതിനാൽ പിതാവിനും അമ്മൂമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമായിരുന്നു താമസം. മതപഠന കേന്ദ്രത്തിലാക്കിയിട്ടും തിരിച്ചെത്തിയത് പിതാവിനെ പ്രകോപിപ്പിച്ചിരുന്നു. സംഭവ ദിവസം മതഗ്രന്ഥം വലിച്ചെറിഞ്ഞതും മൂത്രമൊഴിച്ചതുമാണ് പൊള്ളലേൽപ്പിക്കാൻ കാരണം. മേയ് 31 വൈകിട്ട് വീട്ടിൽനിന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടതായി അയൽവാസികൾ പൊലീസിൽ അറിയിച്ചു.
ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ജൂൺ ഒന്നിന് വൈകിട്ടാണ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇൻഡക്ഷൻ കുക്കർ ദേഹത്തുവീണ് പരിക്കേറ്റെന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞത്. എട്ടുദിവസത്തെ ചികിത്സയ്ക്കുശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗിൽ ഹാജരാക്കിയപ്പോൾ അഭയകേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അഭയകേന്ദ്രത്തിലെ പരിചരണത്തിന് ഒടുവിലാണ് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |