SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.12 AM IST

ഫസൽ വധം: തൂവാല തിരിച്ചെത്തിയതിൽ അന്വേഷണത്തിന് ഉത്തരവ്

aa

കൊച്ചി: തലശേരി ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ രക്തം പുരണ്ട തൂവാല തിരിച്ചെത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സി.ബി.ഐ പ്രത്യേക കോടതിയുടെ നിർദ്ദേശം. വിചാരണ നടപടികൾ സി.ബി.ഐ കോടതിയിൽ ചൊവ്വാഴ്ച പുനരാരംഭിച്ചിരുന്നു. തൂവാല തിരികെ ലഭിച്ച കാര്യം രേഖപ്പെടുത്തിയ ശേഷമാണ് സമഗ്രാന്വേഷണത്തിന് നിർദ്ദേശിച്ചത്.
സി.ബി.ഐ പ്രത്യേക കോടതിയിൽ വിചാരണ പുരോഗമിക്കവേ നിർണായക തൊണ്ടി മുതലായ തൂവാല സി.ജെ.എം കോടതിയിൽ നിന്നാണ് കാണാതായത്. ഇവിടെ നിന്ന് സി.ബി.ഐ കോടതിയിലെത്തിച്ച കവർ തുറന്നപ്പോൾ തൂവാലയ്‌ക്കു പകരം 'ഇത് എലി കരണ്ടുപോയി" എന്ന കുറിപ്പാണ് ഉണ്ടായിരുന്നത്. തുടർന്ന് സി.ബി.ഐ കോടതി റിപ്പോർട്ട് തേടി. ഈ റിപ്പോർട്ട് വരാനിരിക്കെയാണ് തൂവാല മറ്റൊരിടത്തുനിന്ന് കണ്ടെത്തിയത്. സംഭവത്തിൽ വാദി ഭാഗം അട്ടിമറി ആരോപിച്ചിരുന്നു.
കാരായി രാജൻ എം.എൽ.എ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി എന്നിവരടക്കം പ്രതികളായ കേസാണിത്. കൊലപാതകത്തിന് പിന്നാലെ ധർമ്മടം - അണ്ടല്ലൂർ ഭാഗത്തെ റോഡിൽ നിന്നാണ് ഫസലിന്റെ രക്തം പുരണ്ട തൂവാല കണ്ടെത്തിയത്. ആർ.എസ്.എസ് കേന്ദ്രമായ ഇവിടെ തൂവാല കൊണ്ടിട്ടത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് സി.ബി.ഐ വാദം. പത്രം ഏജന്റും എൻ.ഡി.എഫ് പ്രവർത്തകനുമായിരുന്ന തലശേരി ഒളിയിലക്കണ്ടി മുഹമ്മദ് ഫസലിനെ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ജഗന്നാഥ ക്ഷേത്രത്തിന് സമീപം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ ഫസലിന്റെ ഭാര്യ മറിയുവിന്റെ വിസ്താരം പൂർത്തിയായി. നാളെ സഹോദരിയെ വിസ്തരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FASAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA