
തിരുവനന്തപുരം:നാലുവർഷമായി തടഞ്ഞുവച്ചിരുന്ന ഭക്ഷ്യസബ്സിഡി തുകയിൽ 117.29 കോടി രൂപ അനുവദിച്ച് ക്രേന്ദസർക്കാർ.
ഭക്ഷ്യമന്ത്രി അനൂപ്ജേക്കബിൻെ്റ ഇടപെടലിനെ തുടർന്ന്, സാങ്കേതികപിഴവു പരിഹരിച്ച് സപ്ലൈകോ സമർപ്പിച്ച പുതിയ റിപ്പോർട്ട് പരിഗണിച്ചാണ് സബ്സിഡിതുക അനുവദിച്ചത്.
2022-23 സാമ്പത്തികവർഷത്തിലെ മാപ്പർ റിപ്പോർട്ടിൽ, എ.എ.വൈ വിഭാഗത്തിലെ വിതരണ ഡാറ്റ സാങ്കേതികപിഴവുമൂലം പി.എച്ച്.എച്ച് വിഭാഗത്തിലെന്ന് രേഖപ്പെടുത്തിയതിനാൽ 207.56 കോടി രൂപയാണ് തടഞ്ഞുവച്ചത്.
മന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള,ഹൈദരാബാദ് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുകളുടെ സഹകരണത്തോടെ സംസ്ഥാന പൊതുവിതരണവിഭാഗം മാപ്പർ റിപ്പോർട്ടിലെ ഡാറ്റയിലെ പിഴവു പരിഹരിച്ചു. സപ്ളൈകോയുടെ അനുബന്ധഅവകാശവാദം പരിഗണിച്ചാണ് തുക അനുവദിച്ചത്.
സംസ്ഥാനങ്ങൾ വിതരണം ചെയ്ത റേഷൻധാന്യങ്ങളുടെ വിവരം കേന്ദ്രപൂളുമായി ഒത്തുനോക്കാനും, അതു കണക്കാക്കി ഭക്ഷ്യസബ്സിഡിഫണ്ട് അനുവദിക്കാനും കേന്ദ്രം ഉപയോഗിക്കുന്ന കേന്ദ്രീകൃതറിപ്പോർട്ടിംഗ് സംവിധാനമാണ് മാപ്പർ റിപ്പോർട്ട്. റേഷൻകടകളിലൂടെ നൽകുന്ന ധാന്യങ്ങളുടെ വിവരങ്ങൾ മാപ്പർ റിപ്പോർട്ടിലൂടെയാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യസബ്സിഡിതുക അനുവദിക്കുന്നതും അന്തിമ ബില്ലുകൾ തീർപ്പാക്കുന്നതും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ്.
കേന്ദ്രവിഹിതവും സബ്സിഡി ഫണ്ടും ലഭ്യമാക്കുന്നതിലും റിപ്പോർട്ടിന് നിർണായകപങ്കാണുള്ളത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള അർഹതയും യഥാർത്ഥവിതരണവും തമ്മിൽ ഒത്തുനോക്കാൻ റേഷൻകാർഡ് മാനേജ്‌മെന്റ് സിസ്റ്റം ഡാറ്റാബേസിനെ മാപ്പർ റിപ്പോർട്ട് വഴി കേന്ദ്രപൂളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |