SignIn
Kerala Kaumudi Online
Monday, 01 June 2026 2.47 PM IST

സമരം കടുപ്പിച്ച് ആശമാർ; സെക്രട്ടറിയേറ്റിന് മുന്നിൽ തല  മുണ്ഡനം  ചെയ്ത് പ്രതിഷേധം

READ ENGLISH VERSION

asha

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ച് ആശമാർ. ഓണറേറിയം വർദ്ധന ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച രാപകൽ സമരം അൻപതാം ദിവസത്തിലെത്തിയിട്ടും സർക്കാർ അനുകൂല നടപടി എടുക്കാത്തതിനാലാണ് ഇന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്.

കേരള ആശഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ മുടി മുറിക്കൽ പ്രതിഷേധത്തിൽ പങ്കാളികളായി. സമരം തുടരുമെന്നും ആശമാർ അറിയിച്ചു. 'ഇപ്പോൾ ഞങ്ങൾ മുടി മുറിച്ചുമാറ്റുന്നു. ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ', തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നൂറുകണക്കിന് ആശാവർക്കർമാർ പ്രതിഷേധിക്കുന്നത്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. പലരും വിതുമ്പിക്കരഞ്ഞാണ് പ്രതിഷേധത്തിലെത്തിയത്. ആശമാർക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി അങ്കമാലിയിലെ ബിജെപി പുരുഷ കൗൺസിലർമാരും തല മുണ്ഡനം ചെയ്തു.

ashaworkers

അതിനിടെ നിരാഹാരസമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. പാലോട് എഫ്.എച്ച്.സിയിലെ എസ്.എസ്.അനിതകുമാരി, പുത്തൻതോപ്പ് സി.എച്ച്.സിയിലെ ബീന പീറ്റർ, വട്ടിയൂർക്കാവ് എഫ്.എച്ച്.സിയിലെ എസ്.ബി.രാജി എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്. സഹന സമരത്തിന്റെ വൈകാരിക നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും തങ്ങളിനിയും സഹിക്കണോയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു. ഉഷ്ണ തരംഗ സാദ്ധ്യതയുള്ളതിനാൽ ആളുകൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രിക്ക് ആശമാരുടെ ആരോഗ്യത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA