
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഡിവിഷൻ ബെഞ്ച് ഇന്ന് രണ്ട് മണിക്കൂറിലധികം ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം വെള്ളിയാഴ്ച വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവ് വരുന്നതുവരെ ഇഡിയോട് തുടർനടപടി പാടില്ലെന്നും അറിയിച്ചു.
2024ൽ തങ്ങൾക്ക് സമൻസ് കിട്ടുമ്പോൾ കൃത്യമായ ഒരു എഫ്ഐആറോ അല്ലെങ്കിൽ ഔദ്യോഗിക പരാതിയോ ഉണ്ടായിരുന്നില്ല എന്നാണ് സിഎംആർഎൽ പ്രധാനമായും വാദിക്കുന്നത്. രേഖകളൊന്നും ഇല്ലാതെയാണ് കേന്ദ്ര ഏജൻസി തങ്ങൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും കമ്പനി പറഞ്ഞു. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് സിഎംആർഎൽ നൽകിയ തുകയുമായി ബന്ധപ്പെട്ട് സമൻസ് അയക്കാൻ ഇ ഡിക്ക് നിയമപരമായ അധികാരമില്ലെന്നാണ് കമ്പനിയുടെ വാദം. ഇ ഡി അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആർഎല്ലിന്റെ അപ്പീലിലെ ആവശ്യം. എന്നാൽ ഇടക്കാല ഉത്തരവ് സാദ്ധ്യമല്ലെന്ന് ജസ്റ്റിസ് എ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കക്ഷികൾ രണ്ടുകൂട്ടരും പൂർണമായ വാദത്തിന് തയാറാണെങ്കിൽ അപ്പീൽ ഹർജി ഇന്നുതന്നെ കേട്ട് തീർപ്പാക്കാമെന്നും കോടതി വ്യക്തമാക്കി.
ഇ ഡി നൽകിയ സമൻസിനെതിരെ സിഎംആർഎൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇ.ഡി അന്വേഷണം ആദ്യഘട്ടത്തിൽ മാത്രമാണെന്നും സമൻസ് നടപടികളിൽ കോടതിക്ക് ഇപ്പോൾ ഇടപെടാനാകില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഇതിനെതിരെയാണ് സിഎംആർഎൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |